ക്ഷമ വേണം, സമയമെടുക്കും കൊല്ലം: നേരം വൈകലില്ലാതെ എന്ത് യുവജനോത്സവം. ഇത്തവണത്തെ സർവകലാശാല യുവജനോത്സവത്തിലും വണ്ടി ലേറ്റായി ഓടുന്ന പതിവിന് മാറ്റമൊന്നുമില്ല. മേക്കപ്പിട്ട് ഊഴമെത്താൻ മണിക്കൂറുകൾ കാത്തുനിൽക്കുന്ന മത്സരാർഥികളും പുതുമയല്ലാതായി. ആരെയും കുറ്റപ്പെടുത്താനൊക്കില്ല. അതങ്ങനെയാണ്... എല്ലാം ഒന്ന് ഒത്തുചേർത്ത് പിടിച്ച് കൊണ്ടുപോകുന്ന പാട് സംഘാടകർക്കേ അറിയൂ. വേദികളിലെ ഒരുക്കവും നറുക്കിടാൻ മത്സരാർഥികളെ ക്ഷണിച്ചുവരുത്തലും ഒക്കെമായി ഷെഡ്യൂൾ സമയം കഴിഞ്ഞ് ഏറെ വൈകിയാണ് മിക്ക മത്സരങ്ങളും തുടങ്ങുന്നത്. വിരലിലെണ്ണിയാൽ തീരാത്ത മത്സരാർഥികൾ കൂടി ആകുമ്പോൾ പൂർത്തിയാകും... എപ്പോൾ തീരും എന്നറിയാതെ നീണ്ടുപോകുന്ന മണിക്കൂറുകൾ.. ആദ്യദിനമായിരുന്ന ശനിയാഴ്ച ആറിന് തുടങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്ന മോഹിനിയാട്ടം തുടങ്ങിയപ്പോൾ തന്നെ രാത്രി ഒമ്പത് കഴിഞ്ഞിരുന്നു. നാൽപതിന് മുകളിൽ പേർ മാറ്റുരക്കാൻ എത്തിയപ്പോൾ വേദിയിൽനിന്ന് മോഹിനിമാർ ഒഴിഞ്ഞത് ഞായറാഴ്ച രാവിലെ എട്ടിന്. ഞായറാഴ്ച രാവിലെ പ്രഖ്യാപിച്ചിരുന്ന ഫാൻസി ഡ്രസും ഒപ്പനയും തിരുവാതിരയുമൊക്കെ ഉച്ചയോടടുത്ത് വൈകിത്തുടങ്ങിയപ്പോൾ മൊത്തത്തിൽ ലേറ്റായി. എസ്.എൻ വിമൻസിൽ തിരുവാതിര വൈകീട്ട് നാല് വരെയും ടി.കെ.എമ്മിൽ ഒപ്പന ഏഴ് വരെയുമാണ് നീണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.