അന്തമണിൽ രണ്ട് വീടുകളിൽ മോഷണം: ആറ് പവൻ സ്വർണാഭരണവും പണവും കവർന്നു

കൊട്ടാരക്കര: അന്തമണിൽ രണ്ട്​ വീടുകളിൽ കവർച്ച. ആറ്​ പവനിലധികം തൂക്കം വരുന്ന സ്വർണാഭരണങ്ങളും 2800 രൂപയും കവർന്നു. അന്തമൺ കടവിനുസമീപം പേക്കാലയിൽ സന്തോഷ് കുമാറിന്‍റെ വീട്ടിൽ നിന്നാണ് സ്വർണാഭരണം നഷ്ടമായത്. സമീപത്തെ ചെറുകോൽ കിഴക്കേതിൽ വാസുദേവൻ പിള്ളയുടെ വീട്ടിൽ നിന്നാണ് പണം അപഹരിച്ചത്. കഴിഞ്ഞദിവസം പുലർച്ച രണ്ടരയോടെയായിരുന്നു പേക്കാലയിൽ വീട്ടിൽ മോഷണം നടന്നത്. സന്തോഷിന്‍റെ ഭാര്യ രതികലാചന്ദ്രന്‍റെ കഴുത്തിൽക്കിടന്ന മാല, താലി, ലോക്കറ്റ് എന്നിവയും മകൻ ഗൗതമിന്‍റെ കഴുത്തിൽക്കിടന്ന മാലയും ചെറിയ ലോക്കറ്റും ഉൾപ്പെടെയാണ് നഷ്ടമായത്. വീടിന്‍റെ വാതിലിന്​ മുകൾ ഭാഗത്തുണ്ടായിരുന്ന ജാളിയിലൂടെ കൈ അകത്തേക്കിട്ട് വാതിൽ തുറന്നാണ് മോഷ്ടാവ് ഉള്ളിൽക്കയറിയത്. രതിയും കുട്ടികളും ഒരു മുറിയിലും സന്തോഷ് മറ്റൊരു മുറിയിലുമായിരുന്നു. മകന്‍റെ കഴുത്തിലെ മാല ഊരിയെടുത്ത ശേഷം രതിയുടെ കഴുത്തിൽ നിന്ന് മാല ഊരിയെടുക്കാൻ ശ്രമിക്കുന്നതിനിടെ അവർ ഉണർന്ന് നിലവിളിച്ചെങ്കിലും മാല പൊട്ടിച്ച് കള്ളൻ ഓടി രക്ഷപ്പെട്ടു. കതകും ഗേറ്റും തുറന്നിട്ട് രക്ഷപ്പെടാനുള്ള മാർഗമൊരുക്കിയ ശേഷമായിരുന്നു മോഷ്ടാവ് ഉള്ളിൽ കയറിയത്. നാട്ടുകാർ പ്രദേശത്താകെ തിരഞ്ഞെങ്കിലും മോഷ്ടാവിനെ കണ്ടെത്താനായില്ല. സംഭവം നടന്ന് വളരെ വേഗം തന്നെ പുത്തൂരിൽ നിന്ന് പൊലീസും സ്ഥലത്തെത്തിയിരുന്നു. ഇതിന് ശേഷമാണ് സമീപത്തെ ചെറുകോൽ വാസുദേവൻ പിള്ളയുടെ വീട്ടിലെ മോഷണം പുറത്തറിയുന്നത്. മുഖത്തലയിൽ ടയർ കട നടത്തുന്ന വാസുദേവൻപിള്ള ജോലി കഴിഞ്ഞു വന്ന് ടി.വി സ്റ്റാൻഡിൽ ​െവച്ചിരുന്ന ബാഗിൽ സൂക്ഷിച്ചിരുന്ന 2800 രൂപയാണ് നഷ്ടപ്പെട്ടത്. പുത്തൂർ പൊലീസ്​ ഐ.എസ്​.എച്ച്.ഒ.ജി.സുഭാഷ് കുമാർ, എസ്​.ഐ ടി.ജെ. ജയേഷ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ്​ സംഘം സ്ഥലത്ത് പരിശോധന നടത്തി. വിരലടയാള വിദഗ്ധരും പരിശോധനക്കെത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.