പുത്തൂർമുക്ക്-ആറാട്ടുപുഴ റോഡ് നവീകരണം മുടങ്ങിയിട്ട് മാസങ്ങൾ

ചിത്രം- കൊട്ടാരക്കര: പുത്തൂർമുക്ക്-ആറാട്ടുപുഴ റോഡ് തകർന്ന് യാത്രാദുരിതം രൂക്ഷം. നവീകരണം മുടങ്ങിയിട്ട് മാസങ്ങളായി. റോഡിലാകെ ഉരുളൻ കല്ലുകൾ കിടക്കുകയാണ്. ജല വിതരണക്കുഴൽ സ്ഥാപിക്കാൻ വെട്ടിക്കുഴിച്ച ഭാഗങ്ങളും മൂടിയിട്ടില്ല. കുളക്കട, മൈലം, പട്ടാഴി പഞ്ചായത്തുകളിലൂടെയാണ് റോഡ് കടന്നുപോകുന്നത്. ആധുനിക നിലവാരത്തിൽ റോഡ് നവീകരണം പ്രഖ്യാപിച്ച് പ്രവർത്തനം തുടങ്ങിയപ്പോൾ നാട്ടുകാരും യാത്രക്കാരും ഏറെ സന്തോഷത്തിലായിരുന്നു. എന്നാൽ, റോഡിൽ മെറ്റൽ പാകി ഉറപ്പിച്ച് മൂന്നു മാസത്തോളമായെങ്കിലും തുടർപ്രവർത്തനം നടന്നില്ല. മെറ്റലിൽ കയറി നിയന്ത്രണം തെറ്റി ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും​ പതിവാണ്. അടുത്തിടെ അന്തമൺ സ്വദേശിയായ ബൈക്ക് യാത്രക്കാരൻ തെന്നിവീണ് കാലിന് പൊട്ടലേറ്റ സംഭവവുമുണ്ടായി. പട്ടാഴി പഞ്ചായത്തിന്‍റെയും മൈലം പഞ്ചായത്തിന്‍റെയും സംഗമസ്ഥാനമായ പന്നിക്കോട്ടുവരെ നവീകരിച്ചിട്ടുണ്ട്. മൈലം, കുളക്കട പഞ്ചായത്തുകളിലാണ് മാസങ്ങളായി നിർമാണം മുടങ്ങിക്കിടക്കുന്നത്. ഇവിടെ സുഗമമായി യാത്ര ചെയ്യാൻ കഴിയുന്ന ഒരു ഭാഗവുമില്ല. അന്തമൺ പാലത്തിന് സമീപത്തെ ഇറക്കത്തിലും കയറ്റത്തിലും ദുരിതമാണ്. പൈപ്പിടാൻ കുഴിച്ച ഭാഗങ്ങൾ മൂടാതെ മണ്ണ് റോഡിലേക്ക്​ തന്നെ ഇറക്കിയിട്ടിരിക്കുന്നതും ദുരിതം ഇരട്ടിയാക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.