ഉച്ചക്ക് ശേഷവും ഒ.പിയുമായി പുനലൂരില്‍ അര്‍ബന്‍ പി.എച്ച് സെന്‍റര്‍

പുനലൂർ: ഉച്ച കഴിഞ്ഞും പ്രവര്‍ത്തിക്കുന്ന ഒ.പി സംവിധാനവുമായി പുനലൂരില്‍ അര്‍ബന്‍ പി.എച്ച് സെന്‍റര്‍ തുടങ്ങുന്നു. മലയോരമേഖലയിലുള്ളവരുടെ ആരോഗ്യ പരിപാലനത്തിനായി നഗരസഭ പരിധിയിലാണ് നിര്‍മാണം പുരോഗമിക്കുന്നത്. കലയനാട്​ പബ്ലിക് ലൈബ്രറിയുടെ താഴത്തെ നിലയില്‍ 1500 ചതുരശ്രയടി സൗകര്യത്തില്‍ ഒരുക്കുന്ന സംവിധാനം ഉടന്‍ പ്രവര്‍ത്തനസജ്ജമാകും. മലയോര മേഖലയുടെ ഉള്‍പ്രദേശങ്ങളില്‍ താമസിക്കുന്ന തോട്ടം തൊഴിലാളികള്‍ക്ക് ചികിത്സ തേടാനുള്ള സൗകര്യാർഥമാണ് ഉച്ചക്കുശേഷം ഒ.പി. സൗകര്യം ഒരുക്കുന്നത്. വരും വര്‍ഷങ്ങളില്‍ തൊഴിലാളികളുടെ അരികിലേക്ക് ചികിത്സ സൗകര്യങ്ങള്‍ എത്തിക്കുന്നതിനും ലക്ഷ്യമിടുന്നുണ്ട്. എല്ലാദിവസവും ഉച്ചക്കുശേഷം രണ്ട് മണി മുതലാണ് ഒ.പി ആരംഭിക്കുക. രണ്ട് ഡോക്ടര്‍മാര്‍, നഴ്‌സ്, പാരാമെഡിക്കല്‍ സ്റ്റാഫുകള്‍ എന്നിവര്‍ ഉള്‍പ്പെടെ 15 ജീവനക്കാരുടെ സേവനം ലഭ്യമാകും. 15 ലക്ഷം രൂപയാണ് കെട്ടിടത്തിലെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി നഗരസഭ ചെലവഴിച്ചത്. സംസ്ഥാന സര്‍ക്കാറിന്‍റെ നൂറുദിന കര്‍മപദ്ധതിയുടെ ഭാഗമായാണ് ചികിത്സാകേന്ദ്രമെന്ന് നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വസന്ത രഞ്ജന്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.