ഇൻഷുറൻസിന്‍റെ പേരിൽ പണംതട്ടാൻ നീക്കം; വി.ഇ.ഒക്ക്​ സസ്പെൻഷൻ

കടയ്ക്കൽ: ഇല്ലാത്ത ഇൻഷുറൻസിന്‍റെ പേരിൽ പണം തട്ടാൻ ശ്രമിച്ച കുമ്മിൾ പഞ്ചായത്തിലെ വില്ലേജ് എക്സ്റ്റൻഷൻ ഓഫിസർ കുളത്തൂപ്പുഴ സ്വദേശി കെ.വി. ജാൻസിയെ അന്വേഷണവിധേയമായി സസ്പെൻഡ്​ ചെയ്തു. പി.എം.എ.വൈ പ്രകാരം പൂർത്തിയാക്കുന്ന വീടുകൾക്ക് 5000 രൂപ വീതം ഇൻഷുറൻസ് തുക അടയ്​ക്കണമെന്നും ഇത് തന്‍റെ അക്കൗണ്ടിലേക്ക് ഗൂഗിൾ പേ ചെയ്യണമെന്നും ആവശ്യപ്പെടുകയായിരുന്നു. ഇതിനായി ഗുണഭോക്താക്കളെ ഉൾപ്പെടുത്തി ഇവർ വാട്സ്​ആപ്​ ഗ്രൂപ്​ ആരംഭിച്ചു. 20 പേരാണ് ഗ്രൂപ്പിലുണ്ടായിരുന്നത്. പണം ആവശ്യപ്പെട്ടുള്ള വി.ഇ.ഒയുടെ ശബ്ദസന്ദേശം ഗ്രൂപ്പിൽ വന്നതോടെ ഉപഭോക്താക്കളിൽ ചിലർക്ക് സംശയമായി. അന്വേഷണത്തിൽ വീടുകൾക്ക് 1000 രൂപയിൽ താഴെ വരുന്ന ഇൻഷുറൻസാണുള്ളതെന്നും ബ്ലോക്കിൽനിന്ന് അവസാന ഗഡു നൽകുമ്പോൾ ഈ തുക കുറച്ചാണ് ലഭിക്കുകയെന്നും അറിഞ്ഞതോടെ ഗുണഭോക്താക്കൾ അധികൃതർക്ക്​ പരാതി നൽകുകയായിരുന്നു. ഉദ്യോഗസ്ഥ പണം ആവശ്യപ്പെടുന്നതി​ന്‍റെ ഓഡിയോ സന്ദേശം ഉൾപ്പെടെയാണ് പരാതി നൽകിയത്. ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ബിമൽ ചന്ദ്രൻ അന്വേണം നടത്തുകയും ഉദ്യോഗസ്ഥക്കെതിരെ റിപ്പോർട്ട് നൽകുകയും ചെയ്തു. ഇതിന്‍റെ അടിസ്ഥാനത്തിലാണ്​ ജാൻസിയെ സസ്പെൻഡ്​ ചെയ്തത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.