മലനട മലക്കുട മഹോത്സവം ഇന്ന്​ കൊടിയേറും

ശാസ്താംകോട്ട: ദക്ഷിണ ഭാരതത്തിലെ ഏക ദുര്യോധന ക്ഷേത്രമെന്ന ഖ്യാതിയുള്ള പോരുവഴി പെരുവിരുത്തി മലനട ക്ഷേത്രത്തിലെ മലക്കുട മഹോത്സവത്തിന് വെള്ളിയാഴ്ച കൊടിയേറുമെന്ന് ഭാരവാഹികൾ അറിയിച്ചു. രാത്രി ഒമ്പതിന് ക്ഷേത്രത്തിലെ മുഖ്യ ഊരാളി കൃഷ്ണനും സഹ ഊരാളി രാഘവനും കൊടിയേറ്റിന് മുഖ്യകാർമികത്വം വഹിക്കും. കൊടിയേറ്റ് ദിവസം പുലർച്ച 5.30ന് ആയിരക്കണക്കിന് ഭക്തജനങ്ങൾ ക്ഷേത്ര സന്നിധിയിൽ സൂര്യ പൊങ്കാല സമർപ്പിക്കും. തുടർന്ന് അന്നദാനം, രാത്രി ഒമ്പതിന് തൃ​െക്കാടിയേറ്റ്, രാത്രി 9.30 ന് കഥകളി എന്നിവയും മറ്റ് ദിവസങ്ങളിൽ ക്ഷേത്ര ആചാരങ്ങൾക്ക് പുറമേ അന്നദാനം, വിശേഷാൽ പൂജകൾ, കലാപരിപാടികൾ എന്നിവയും നടക്കും. മലക്കുട മഹോത്സവദിവസമായ 25 വെള്ളിയാഴ്ച സ്വർണക്കൊടിദർശനം, ഭഗവതി എഴുന്നള്ളത്ത്, കച്ചകെട്ട് എന്നീ ചടങ്ങുകളും പനപ്പെട്ടി, കമ്പലടി, നടുവിലേമുറി, പള്ളിമുറി, അമ്പലത്തും ഭാഗം, വടക്കേമുറി എന്നീ കരകളിൽ നിന്ന്​ കൂറ്റൻ എടുപ്പ് കുതിരകളും ഇടയ്ക്കാട് കരയിൽ നിന്ന്​ എടുപ്പ് കാളയും ചെറുതും വലുതുമായ നിരവധി കെട്ടുകാഴ്ചകളും ഭംഗിയേകും. തുടർന്ന് ചലച്ചിത്രതാരം ആശാ ശരത്ത് നയിക്കുന്ന നൃത്യനൃത്തങ്ങളോടെ മലക്കുട മഹോത്സവം സമാപിക്കുമെന്ന് ക്ഷേത്രം ഭാരവാഹികളായ ആർ. മാധവൻ, എൻ. ചന്ദ്രക്കുറുപ്പ്, ആർ. രാജേഷ് കുമാർ, പി. മധുകുമാർ എന്നിവർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.