ആശ്വസിക്കാം ജാഗ്രതയോടെ

പ്രതിദിന കോവിഡ്​ രോഗികളുടെ എണ്ണം നൂറിന്​ താഴെ കൊല്ലം: തുടർച്ചയായി പ്രതിദിന കോവിഡ്​ രോഗികളുടെ എണ്ണം നൂറിന്​ താഴെ എത്തിയതോടെ ആശ്വാസതീരത്ത്​ ജില്ല. രോഗവ്യാപനം കുറഞ്ഞത്​ ശുഭവാർത്തയാണെങ്കിലും വൈറസ്​ പൂർണമായും വിട്ടുപോയിട്ടില്ല എന്നത്​ കണക്കിലെടുത്ത്​ ജാഗ്രത കൈവെടിയരുതെന്ന മുന്നറിയിപ്പാണ്​ ആരോഗ്യവകുപ്പ്​ അധികൃതർ നൽകുന്നത്​. കഴിഞ്ഞ നാല്​ ദിവസങ്ങളിലാണ്​ തുടർച്ചയായി ജില്ലയിൽ പുതിയ രോഗികളുടെ എണ്ണം നൂറിൽ താഴെ രേഖപ്പെടുത്തിയത്​. വെള്ളിയാഴ്ച 84, ശനിയാഴ്ച 76, ഞായറാഴ്ച 86, തിങ്കളാഴ്​ച 84 എന്നിങ്ങനെയാണ്​ കഴിഞ്ഞ ദിവസങ്ങളിലെ രോഗികണക്ക്​. ഇതിനുമുമ്പ്​ 2021 മാർച്ച്​ 29ന്​ ആണ്​ ജില്ലയിൽ പ്രതിദിന രോഗികൾ നൂറിൽ താഴെ എത്തിയത്, 92 രോഗികൾ​. കഴിഞ്ഞവർഷം നൂറിൽതാഴെ രോഗികളുണ്ടായ ഒരേ ഒരു ദിവസവും അന്നായിരുന്നു. ഒന്നാം തരംഗത്തിന്​ ശേഷം വ്യാപനം താഴേക്ക്​ പോയപ്പോൾപോലും തുടർച്ചയായി രോഗികളുടെ എണ്ണം ഇത്തരത്തിൽ കുറഞ്ഞിരുന്നില്ല. അതിനാൽതന്നെ നിലവിലെ സാഹചര്യം സർക്കാർ സംവിധാനങ്ങൾക്കും നാടിനും ഏറെ ആഹ്ലാദം പകരുന്നതാണ്​. തിങ്കളാഴ്ച 1483 പേരെ പരിശോധിച്ചതിലാണ്​ 84 രോഗികളെ കണ്ടെത്തിയത്​. 5.65 ശതമാനമാണ്​ ടി.പി.ആർ. വെന്‍റിലേറ്റർ, ഐ.സി.യു സംവിധാനങ്ങളിൽ വിരലിലെണ്ണാവുന്ന കോവിഡ്​ രോഗികൾ മാത്രമാണ്​ ഈ ദിവസങ്ങൾ പ്രവേശിക്കപ്പെടുന്നത്​. നിലവിൽ അതിഗുരുതരാവസ്ഥയിൽ ഒരു രോഗിപോലും ജില്ലയിൽ ചികിത്സയിലില്ല. ............... ഇനി കോവിഡും നോൺ കോവിഡും ഒരുമിച്ച്​ കോവിഡ്​ ​വ്യാപനം മികച്ച രീതിയിൽ കുറവ്​ രേഖപ്പെടുത്തുന്ന സാഹചര്യത്തിൽ എല്ലാ ആശുപത്രികളിലും കോവിഡ്​-നോൺ കോവിഡ്​ വ്യത്യാസമില്ലാതെ രോഗികളെ പ്രവേശിപ്പിക്കാൻ നിർദേശം നൽകിയിരിക്കുകയാണ്​ ആരോഗ്യവകുപ്പ്​. കോവിഡ്​ ബാധിച്ച രോഗിയെത്തിയാൽ ഇനി മറ്റൊരു കേന്ദ്രത്തിലേക്ക്​ മാറ്റുന്നത്​ ഉൾപ്പെടെ നടപടികൾ ഉണ്ടാകില്ല. അവർക്കും സാധാരണ രോഗികൾക്കൊപ്പം ചികിത്സ ലഭ്യമാക്കും. ഗർഭിണികൾക്കുൾപ്പെടെ ഇത്​ ബാധകമാണ്​. താലൂക്കാശുപത്രികളിൽ കോവിഡ്​ ബാധിതയായ ഗർഭിണിയെത്തിയാൽ, സിസേറിയൻ വേണ്ട സാഹചര്യത്തിൽ ഒരു തിയറ്റർ മാത്രമാണ്​ ഉള്ളതെങ്കിൽ മാത്രം വിക്ടോറിയ ആശുപത്രിയിലേക്ക്​ വിടും. അല്ലാത്തപക്ഷം സിസേറിയനും താലൂക്ക്​ ആശുപത്രിയിൽതന്നെ ചെയ്യണമെന്നാണ്​ നിർദേശം. ഇത്തരത്തിൽ കോവിഡും കോവിഡിതര രോഗികളും ഒരുമിച്ച്​ പോകുന്ന സാഹചര്യമാകും ഇനി ആശുപത്രികളിൽ. .................. ജാഗ്രത വിടാതെ തുടരാം നിലവിൽ കേസുകൾ നന്നായി കുറഞ്ഞുവരികയാണ്​. കോവിഡ്​-കോവിഡ്​ ഇതര രോഗികളെ ഒരുമിച്ച്​ തന്നെ സ്വീകരിക്കുന്ന സാഹചര്യത്തിലേക്ക്​ എത്തിയെങ്കിലും ജാഗ്രത കൈവിടാറായിട്ടില്ല. പനി പോലുള്ള ലക്ഷണങ്ങൾ ഉണ്ടെങ്കിൽ രണ്ട്​ ദിവസമെങ്കിലും വിശ്രമിക്കണം. പനി തുടർന്നാൽ മാത്രം പരിശോധിച്ചാൽ മതി. 'മാസ്ക്​, സാനിറ്റൈസർ, സാമൂഹിക അകലം' എന്ന ​പ്രാഥമിക മുൻകരുതൽ മുറുകെപ്പിടിച്ച്​ കുറച്ച്​ നാൾകൂടി നമുക്ക്​ മു​ന്നോട്ടുപോയേ തീരൂ. എന്നാൽ, മാത്രമേ കോവിഡിനെ പൂർണമായും തോൽപിക്കാനാകൂ. ഡോ. ആർ. സന്ധ്യ, കോവിഡ്​ നോഡൽ ഓഫിസർ ​കൊല്ലം ................................

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.