പുതിയ തലമുറ വിവാഹജീവിതത്തെ ഗൗരവത്തോടെ കാണണം -വനിത കമീഷന്‍

(ചിത്രം) കൊല്ലം: വിവാഹജീവിതത്തെ പുതുതലമുറ കൂടുതല്‍ ഗൗരവത്തോടെ കാണണമെന്ന് സംസ്ഥാന വനിത കമീഷന്‍. ആശ്രാമം സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ നടന്ന അദാലത്തിലാണ് പരാമര്‍ശം. കമീഷന്‍ അംഗങ്ങളായ ഷാഹിദ കമാല്‍, എം.എസ്. താര, കൗണ്‍സിലര്‍ സിസ്റ്റര്‍ സംഗീത എന്നിവർ പങ്കെടുത്തു. വിവാഹം കഴിഞ്ഞ് ചുരുങ്ങിയ കാലയളവില്‍തന്നെ ദാമ്പത്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നെന്ന പരാതിയുമായി നിരവധി സ്ത്രീകളാണ് കമീഷനെ സമീപിക്കുന്നത്. വ്യത്യസ്ത സാഹചര്യങ്ങളില്‍നിന്ന് വരുന്നവരാണെന്ന ഉത്തമ ബോധ്യം ഇരുകൂട്ടര്‍ക്കും ഉണ്ടാകണം. സാഹചര്യങ്ങളെ മനസ്സിലാക്കി ഒരുമിച്ച്​ മുന്നോട്ട് പോകണമെന്നും കമീഷന്‍ വ്യക്തമാക്കി. വസ്തുസംബന്ധമായ തര്‍ക്കങ്ങളില്‍ നിയമപരമായ സഹായം തേടണം. ഇത്തരം പരാതികളില്‍ സ്ത്രീകളെ ഉള്‍പ്പെടുത്തി കമീഷനെ സമീപിക്കുന്ന പ്രവണത പ്രോത്സാഹിപ്പിക്കുന്നതല്ലെന്നും അഭിപ്രായപ്പെട്ടു. 85 പരാതികള്‍ പരിഗണിച്ചതിൽ 11 എണ്ണം തീര്‍പ്പാക്കി. 10 പരാതികള്‍ റിപ്പോര്‍ട്ട് തേടുന്നതിനായും 64 എണ്ണം അടുത്ത അദാലത്തിലേക്കും മാറ്റി. അദാലത് ചൊവ്വാഴ്ചയും തുടരും. മൂന്നു കുടുംബങ്ങള്‍ക്ക് ഭൂമി നല്‍കി; രാജേന്ദ്രന്‍ പിള്ളക്ക്​ കലക്ടറുടെ ആദരം (ചിത്രം) കൊല്ലം: സ്വന്തമായി അടച്ചുറപ്പുള്ള ഒരു കിടപ്പാടം എന്ന സ്വപ്നം പൂര്‍ത്തീകരിക്കാന്‍ മൂന്ന് കുടുംബങ്ങള്‍ക്ക് 13 സെന്‍റ് ഭൂമി സൗജന്യമായി നല്‍കി മാതൃകയായ പാവുമ്പ പൊന്നമ്പില്‍ രാജേന്ദ്രന്‍പിള്ളയെ കലക്ടര്‍ അഫ്സാന പര്‍വീണ്‍ ആദരിച്ചു. ലൈഫ് പദ്ധതിയുടെ ഭാഗമായ 'മനസ്സോടിത്തിരി മണ്ണ്' കാമ്പയിന്‍റെ ഭാഗമായാണ് ഭൂമി നല്‍കിയത്. തഴവ പഞ്ചായത്ത് ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് നല്‍കാനുള്ള നടപടി സ്വീകരിച്ചുകഴിഞ്ഞു. പാലമൂട് ജങ്ഷന് സമീപം വാങ്ങിയ 46 സെന്‍റില്‍നിന്ന് വീട് നിര്‍മാണത്തിന് മൂന്ന് സെന്‍റ് വീതവും നാലു സെന്‍റോളം വഴിക്കുമാണ് രാജേന്ദ്രന്‍പിള്ള നല്‍കിയത്. പാവുമ്പ സ്വദേശികളായ കൃഷ്ണകൃപയില്‍ സുധ, പോക്കാട്ട് രശ്മി, മഞ്ചാടിയില്‍ സുരേഷ് എന്നിവരുടെ കുടുംബങ്ങള്‍ക്കാണ് സ്വന്തമായി ഭൂമിയായത്. തൊടിയൂര്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ബോട്ടണി അധ്യാപകനാണ് രാജേന്ദ്രന്‍ പിള്ള. വസ്തു ലഭിച്ചതില്‍ രണ്ടുപേര്‍ രാജേന്ദ്രന്‍പിള്ളയുടെ പൂർവ വിദ്യാർഥികളും ഒരാള്‍ അയല്‍വാസിയുമാണ്. ലൈഫ് മിഷന്‍ ജില്ല കോഓഡിനേറ്റര്‍ ടി.കെ. സയൂജ, എ.ഡി.സി ജനറല്‍ ആര്‍. അജയകുമാര്‍, തഴവ വില്ലേജ് എക്‌സ്‌ടെന്‍ഷന്‍ ഓഫിസര്‍ ചന്ദ്രപ്പന്‍, ലൈഫ് മിഷന്‍ ഉദ്യോഗസ്ഥ പി. രമ്യ എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.