കേരളപുരത്ത് നാല് വാഹനങ്ങൾ കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്ക്

പരിക്കേറ്റവരിൽ വിദ്യാർഥിനികളും - ചിത്രം - കുണ്ടറ: കൊല്ലം-തിരുമംഗലം ദേശീയപാതയില്‍ കേരളപുരത്ത് നാല് വാഹനങ്ങൾ കൂട്ടിയിടിച്ച് ബസ്​ കാത്തുനിൽക്കുകയായിരുന്ന രണ്ട് വിദ്യാർഥിനികൾ ഉൾപ്പടെ നാല് പേർക്ക് പരിക്കേറ്റു. കേരളപുരം ഗവ. ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനി നിജാന, മറ്റൊരു വിദ്യാർഥിനി ആഷിബ സമീൻ, പാലക്കാട് സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർ പെരുമ്പുഴ കോവിൽമുക്ക് രാധാലയത്തിൽ ഹരികുമാർ, കാർ ഓടിച്ചിരുന്ന പാലത്തറ സഹകരണ ആശുപത്രി ജീവനക്കാരി പട്ടാഴി വടക്കേക്കര രുദ്രമന്ദിരത്തിൽ ബിന്ദു എന്നിവർക്കാണ് പരിക്കേറ്റത്‌. കാറും മിനിലോറിയും ഓട്ടോയും ബൈക്കും ആണ് അപകടത്തില്‍പെട്ടത്. തിങ്കളാഴ്ച രാവിലെ 7.30 ഓടെ കേരളപുരത്തായിരുന്നു അപകടം. കൊല്ലം ഭാഗത്തേക്ക് പോവുകയായിരുന്ന ആരോഗ്യപ്രവർത്തകയായ ബിന്ദു ഓടിച്ചിരുന്ന കാർ മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ മിനി ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട കാര്‍ സമീപത്ത് ബസ്​ കാത്തുനിൽക്കുകയായിരുന്ന വിദ്യാർഥിനികളെ ഇടിച്ചിട്ടു. തുടർന്ന്​, സമീപത്തെ സ്റ്റാൻഡിൽ പാർക്ക്​ ചെയ്തിരുന്ന ഹരികുമാറിന്‍റെ ഓട്ടോയിലും ​അടുത്തുണ്ടായിരുന്ന ബൈക്കിലും ഇടിച്ചു. റോഡരികിൽ മുറിച്ചിട്ടിരുന്ന മരത്തടികളിൽ ഇടിച്ചാണ് ഒടുവിൽ കാർ നിന്നത്. ഓട്ടോക്കുള്ളിൽ പത്രം വായിച്ചിരിക്കുകയായിരുന്നു ഡ്രൈവർ ഹരികുമാർ. കാറും ഓട്ടോയും ബൈക്കും പൂർണ്ണമായും തകർന്നു. പരിക്കേറ്റവരെ എല്ലാവരെയും പാലത്തറയിലെ സഹകരണ ആശുപത്രിയിൽ ആദ്യം പ്രവേശിപ്പിച്ചു. ഇടുപ്പിന് ചതവ് പറ്റിയ ഹരികുമാറിനെ സമീപത്തെ സ്വകാര്യ മെഡി​ക്കൽ കോളജ്​ ആശുപത്രിയി​ലേക്ക് മാറ്റി ശസ്ത്രക്രിയക്ക് വിധേയനാക്കി. അബിഷ സമിൻ പ്രാഥമിക ചികിത്സക്ക് ശേഷം ആശുപത്രി വിട്ടു. നിജാനക്ക്​ സാരമായ പരിക്കുണ്ട്​. കുണ്ടറ ​െപാലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ചിത്രം: കേരളപുരത്ത് നാല് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.