മൺറോതുരുത്ത് പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ ഓഫിസ് പൂട്ടി; രാത്രിയിൽ പ്രതിഷേധം

കുണ്ടറ: മൺറോതുരുത്ത് പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ ഓഫിസ് വൈസ് പ്രസിഡന്‍റ് ഉൾപ്പടെയുള്ള എൽ.ഡി.എഫ് അംഗങ്ങൾ താഴിട്ട് പൂട്ടി. രാത്രി വൈകിയും യു.ഡി.എഫ് പ്രവർത്തകരും അംഗങ്ങളും പഞ്ചായത്ത് ഓഫിസിൽ പ്രതിഷേധിച്ചു. ആശ പ്രവർത്തക സ്ഥാനത്തെ ചൊല്ലിയുള്ള തർക്കമാണ് ഓഫിസ് പൂട്ടലിലും തുടർ പ്രതിഷേധത്തിലുമെത്തിയത്. പഞ്ചായത്ത് പ്രസിഡന്‍റ് മിനി സൂര്യകുമാറായിരുന്നു നേരത്തേ ആശ പ്രവർത്തക. പഞ്ചായത്ത് അംഗമായി വിജയിച്ചാൽ പകരം താൽക്കാലികമായി മറ്റൊരാളെ നിയമിക്കണം. എന്നാൽ, പഞ്ചായത്ത് പ്രസിഡന്‍റ് സൂര്യകുമാർ സ്ഥാനം ഒഴിയുന്നതിനോ ചുമതല മറ്റൊരാൾക്ക് നൽകുന്നതിനോ തയാറായില്ല. വെള്ളിയാഴ്ച നടന്ന പഞ്ചായത്ത് കമ്മിറ്റിയിൽ പ്രതിപക്ഷം ഇത് ഉന്നയിച്ചെങ്കിലും പ്രസിഡന്‍റ് വഴങ്ങിയില്ല. തുടർന്ന്, വൈസ് പ്രസിഡന്‍റ് അനീറ്റ ഉൾപ്പെടെയുള്ള പ്രതിപക്ഷ അംഗങ്ങൾ പ്രസിഡന്‍റിന്‍റെ മുറിക്ക് മുന്നിൽ നിലയുറപ്പിച്ചു. ഈ സമയം പ്രസിഡന്‍റ് പുറത്ത് പോയിരുന്നു. മടങ്ങി വന്നപ്പോൾ ഓഫിസ് മറ്റൊരു പൂട്ടിട്ട് പൂട്ടിയ നിലയിലായിരുന്നു. ഇതോടെ, യു.ഡി.എഫ് അംഗങ്ങളും പ്രവർത്തകരും പഞ്ചായത്തിൽ ഒത്തുകൂടി പ്രതിഷേധം ആരംഭിച്ചു. കിഴക്കേ കല്ലടയിൽനിന്ന് പൊലീസെത്തി. ഇപ്പോഴും പ്രതിഷേധം തുടരുകയാണ്. മൺറോതുരത്തിൽ എൽ.ഡി.എഫ് - അഞ്ച്, യു.ഡി.എഫ് -അഞ്ച്, ബി.ജെ.പി - മൂന്ന് എന്നതാണ് കക്ഷി നില. പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ബി.ജെ.പി വിട്ടുനിന്നതോടെ ഇരുമുന്നണികളും തുല്യതയിലെത്തി. നറുക്കിലൂടെ കോൺഗ്രസിലെ മിനി സൂര്യകുമാർ പ്രസിഡന്‍റായപ്പോൾ സി.പി.ഐയിലെ അനീറ്റ വൈസ് പ്രസിഡന്‍റായി. അന്നു മുതൽ പഞ്ചായത്ത് ഭരണസമിതിയിൽ വിവിധ പ്രശ്നങ്ങൾ ഉടലെടുത്തിരുന്നു. അതിന്‍റെ തുടർച്ചയായാണ് വെള്ളിയാഴ്ചത്തെ സംഭവം. ചിത്രം മൺറോതുരുത്ത് പഞ്ചായത്തിൽ രാത്രിയിലും തുടരുന്ന യു.ഡി.എഫ് പ്രതിഷേധം - കുണ്ടറ -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.