കൊല്ലം: അടിയന്തരഘട്ടങ്ങളില്‍ ജീവന്‍രക്ഷ ഉറപ്പാക്കുന്നതിനുളള ശാസ്ത്രീയപാഠങ്ങളുമായി ജില്ലയിലെ പൊലീസ് സേനക്ക് പരിശീലനം. സിറ്റി പൊലീസ്, ട്രാക്, എസ്.ബി.ഐ, ഐ.എം.എ, അഗ്നിസുരക്ഷ സേന എന്നിവ സംയുക്തമായി നടത്തിയ പരിപാടി സിറ്റി പൊലീസ് കമീഷണര്‍ മെറിന്‍ ജോസഫ് ഉദ്ഘാടനം ചെയ്തു. ഹൃദയം നിലക്കുന്ന സാഹചര്യത്തില്‍ നല്‍കേണ്ട പ്രഥമ ശുശ്രൂഷ-കുട്ടികള്‍ക്ക് നല്‍കേണ്ട വിധം, റോഡ് അപകടങ്ങളില്‍പ്പെടുന്നവരെ ആശുപത്രിയിലേക്ക് മാറ്റേണ്ട രീതി, പാമ്പുകടി പോലുള്ള അടിയന്തര സാഹചര്യങ്ങളില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍, അത്യാപദ്ഘട്ടങ്ങളിലെ അടിയന്തരപ്രതികരണ നടപടികള്‍ എന്നിവയുടെ പ്രായോഗിക പരിശീലനം ഉൾപ്പെടെയാണ് നല്‍കിയത്. സി.പി.ആർ പ്രായോഗിക പരിശീലനത്തില്‍ സിറ്റി പൊലിസ് കമീഷണറും പങ്കാളിയായി. എ.സി.പിമാരായ എ. പ്രദീപ്കുമാര്‍, അശോക്കുമാര്, അഡീഷനല്‍ എസ്.പി. സോണി ഉമ്മൻ കോശി, ജോയന്റ് ആര്‍.ടി.ഒ ശരച്ചന്ദ്രന്‍, ട്രാക് ഭാരവാഹികളായ ഡോ. ആതുരദാസ്, എം. മുകേഷ്, അഗ്നിശമനസേന സൂപ്രണ്ട് ഡൊമിനിക്, പൊലീസ് അസോസിയേഷനുകളുടെ ഭാരവാഹികളായ ഷഹീര്‍, എല്‍. വിജയന്‍, ജിജു സി. നായര്‍ എന്നിവര്‍ പങ്കെടുത്തു. പബ്ലിക് പ്രോസിക്യൂട്ടര്‍ നിയമനം കൊല്ലം: കൊല്ലം, കൊട്ടാരക്കര പോക്‌സോ കോടതികളിലേക്ക് മുഴുവന്‍സമയ സേവനത്തിനായി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാരുടെ ഒഴിവിലേക്ക് അഭിഭാഷകരുടെ അപേക്ഷ ക്ഷണിച്ചു. ബാര്‍ കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്ത ഏഴു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. പ്രായപരിധി 60 വയസ്സ്. പേര്, വിലാസം, ജനനത്തീയതി, മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ ഐഡി, വിദ്യാഭ്യാസ യോഗ്യത, അഭിഭാഷക പ്രവൃത്തിപരിചയം, എൻറോള്‍മെന്റ് നമ്പറും തീയതിയും, അപേക്ഷകന്‍/അപേക്ഷക ഉള്‍പ്പെടുന്ന പൊലീസ് സ്റ്റേഷന്‍ തുടങ്ങിയവ രേഖപ്പെടുത്തി തയാറാക്കിയ ബയോഡേറ്റയും രേഖകളുടെ സ്വയംസാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം അപേക്ഷ കലക്ടറുടെ കാര്യാലയത്തില്‍ സമര്‍പ്പിക്കണം. 27ന് വൈകീട്ട് അഞ്ചിനകം സമര്‍പ്പിക്കാം. ഫോണ്‍: 0474 2793473. ഇ-മെയില്‍: dcklm.ker@nic.in.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.