പ്രതിയോഗികളെ ആക്രമിക്കുന്നത്​ കേരളം ഭരിക്കുന്നവരുടെ മുഖ്യ അജണ്ട​ -കേന്ദ്രമന്ത്രി

കൊട്ടാരക്കര: രാഷ്ട്രീയ പ്രതിയോഗികൾക്കു മേൽ ആക്രമണം മുഖ്യ അജണ്ടയാക്കിയ പാർട്ടിയാണ് കേരളം ഭരിക്കുന്നതെന്ന് കേന്ദ്ര സഹമന്ത്രി ഭഗവന്ദ്ഖൂബെ. സംഘടന ചുമതല നിർവഹിക്കുന്ന മാവേലിക്കര മണ്ഡലത്തിൽ അടുത്ത ലോക്​സഭ തെരഞ്ഞെടുപ്പ്​ ലക്ഷ്യമിട്ട്​ നടത്തേണ്ട പ്രവർത്തനങ്ങൾ ചർച്ച ചെയ്യാനും സന്ദർശനത്തിനുമായി കൊട്ടാരക്കരയിൽ എത്തിയതായിരുന്നു മന്ത്രി. കേന്ദ്രാവിഷ്കൃത പദ്ധതികളുടെ പേര് മാറ്റുകയും നടപ്പാക്കാതിരിക്കുകയും ചെയ്യുക വഴി ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ വികസന കാര്യത്തിൽ കേരളം പിന്നിലാണ്. കേരളത്തിന്റെ കടബാധ്യത ഉയരുകയാണ്. കേന്ദ്ര സഹായം ലഭിച്ചില്ലങ്കിൽ കേരളം ബുദ്ധിമുട്ടിലാകും. സ്വജന പക്ഷപാതത്തിലും അഴിമതിയിലും കേരളത്തെ ഒന്നാം സ്ഥാനത്തെത്തിക്കാൻ സർക്കാർ ശ്രമിക്കുന്നത് സംസ്ഥാനത്തെ ജനം തിരിച്ചറിയുന്നുണ്ട്. വരാൻ പോകുന്ന തെരഞ്ഞെടുപ്പകളിൽ ഇത് പ്രതിഫലിക്കും. കേരളത്തിൽ ബി.ജെ.പി മുന്നേറ്റം ഉണ്ടാക്കും. നരേന്ദ്ര മോദി സർക്കാറിന്റെ വികസന പ്രവർത്തങ്ങൾക്ക് അംഗീകാരം നൽകി കേരളത്തിൽനിന്ന് പ്രതിനിധികൾ ഉണ്ടാകുമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട്​ പറഞ്ഞു. ഞായറാഴ്ച രാവിലെ കൊട്ടാരക്കര ഗണപതി ക്ഷേത്ര ദർശനം നടത്തിയ ശേഷം തൃക്കണ്ണമംഗലിൽ ഗാന്ധി എത്തിയ ഓർമക്കായി പണിത ഗാന്ധി പ്രതിമയിൽ മാലയിട്ടു. പിന്നീട് ഗാന്ധി തുറന്നു കൊടുത്ത തൃക്കണ്ണമംഗൽ ക്ഷേത്രത്തിൽ സന്ദർശനം നടത്തി. സദാനന്ദപുരം കൃഷി വിജ്ഞാന കേന്ദ്രത്തിലും സന്ദർശനം നടത്തി. നെടുവത്തൂരിൽ കുടുംബശ്രീ പ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി. സുധീർ, സെൽ കോഓഡിനേറ്റർ അശോകൻ കുളനട , എം.വി. ഗോപകുമാർ, അഡ്വ. വയക്കൽ സോമൻ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.