സസ്​പെൻസിനൊടുവിൽ സുപാൽ

കൊല്ലം: വിഭാഗീയത ഒളിഞ്ഞും തെളിഞ്ഞും നിറഞ്ഞുനിൽക്കുന്നതിനിടയിൽ ജില്ലയിൽ കൂടുതൽ പിടിമുറുക്കാനുള്ള കരുനീക്കങ്ങൾക്കൊടുവിൽ കാനംപക്ഷം മുന്നോട്ടുവെച്ചയാൾ തന്നെ ജില്ല സെക്രട്ടറിയായി. കഴിഞ്ഞ സി.പി.ഐ ജില്ല സമ്മേളനം മുതൽ ജില്ലയിൽ കൂടുതൽ ശക്തമാകാൻ അന്നുമുതൽ കാനം പക്ഷം നീക്കം നടത്തിയിരുന്നു. പ്രകാശ് ബാബു-ഇസ്മയിൽ പക്ഷങ്ങളുടെ ശക്തികേന്ദ്രമായ ജില്ലയിൽ മണ്ഡലം സമ്മേളനങ്ങളിൽ തന്ത്രപൂർവം അവർ മേൽക്കൈ നേടിയത്. ഓരോ സമ്മേളനങ്ങളിലും അച്ചടക്കത്തിന്റെ ഭീഷണി ഉയർത്തിയും മറുവശത്തുള്ളവരെ ഒപ്പം ചേർത്തും തന്ത്രങ്ങൾ മെനഞ്ഞു. കഴിഞ്ഞ വർഷത്തെപോലെ ഇത്തവണയും കാനംപക്ഷം ആർ. രാജേന്ദ്രന്റെ പേരാണ് സെക്രട്ടറി സ്ഥാനത്തേക്ക് ഉയർത്തിയിരുന്നത്. മറുപക്ഷം ജി. ലാലു, എസ്. വേണുഗോപാൽ എന്നിവരുടെ പേരുകൾ ഉയർത്തി. എന്നാൽ, അവസാന നിമിഷം ആർ. രാജേന്ദ്രന്റെ പേര് ഉയർന്നുവന്നപ്പോൾ പ്രായം പരിധി പ്രശ്നമുന്നയിക്കപ്പെട്ടു. ഇതോടെയാണ്​ കാനം പക്ഷക്കാരനായ കെ.ആർ. ചന്ദ്രമോഹൻ പി.എസ്. സുപാലിന്റെ പേര് നിർദേശിച്ചത്​. ഇതോടെ മറുവിഭാഗത്തിന്​ എതിർക്കാൻ സാധിച്ചതുമില്ല. 64 അംഗ ജില്ല കൗൺസിലിനെയും 82 സംസ്ഥാന സമ്മേളന പ്രതിനിധികളെയുമാണ് സി.പി.ഐ ജില്ല സമ്മേളനം തെരഞ്ഞെടുത്തത്. 58 തെരഞ്ഞെടുക്കപ്പെട്ട ജില്ല കൗൺസിൽ അംഗങ്ങളും ആറ് കാൻഡിഡേറ്റ് അംഗങ്ങളുമാണുള്ളത്. കഴിഞ്ഞതവണ ഒഴിവാക്കപ്പെട്ട ചില അംഗങ്ങൾ ഇത്തവണ ജില്ല കൗൺസിലിൽ മടങ്ങിയെത്തി. പുതിയ ജില്ല കൗൺസിലിൽ 20 പേർ പുതുമുഖങ്ങളാണ്. നേത്തേയുള്ള 61 അംഗ ജില്ല കൗൺസിലിൽനിന്ന് 18 പേർ ഒഴിവായി. പുതുമുഖങ്ങൾക്ക് അവസരം നൽകാനായി സംസ്ഥാന കൗൺസിൽ അംഗങ്ങളായ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, എ.ഐ.വൈ.എഫ് മുൻ സംസ്ഥാന പ്രസിഡന്റ് ആർ. സജിലാൽ എന്നിവരും ജില്ല കൗൺസിലിൽനിന്ന് സ്വയം ഒഴിവായി. എസ്. വിനോദ് കുമാർ, എ. ഗ്രേഷ്യസ്, ഷാജി എസ്. പള്ളിപ്പാടൻ, എം.എസ്. താര, ജി.എസ്. ജയലാൽ എന്നിവർ ജില്ല കൗൺസിലെത്തി. മണ്ഡലം സെക്രട്ടറിമാരായ ദിലീപ് കുമാർ, പാരിപ്പള്ളി ശ്രീകുമാർ, എസ്. ബിജുകുമാർ, ടി. സുരേഷ് കുമാർ, അനിൽ പുത്തേഴം, കൃഷ്ണകുമാർ, എസ്. അജയഘോഷ്, സി.ജി. ഗോപുകൃഷ്ണൻ, നൗഷാദ് എന്നിവർ ജില്ലാ കൗൺസിലിൽ വന്നിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.