റീസർവേയിലെ അപാകത പരിഹരിക്കാൻ വയോധികന്‍റെ ഒറ്റയാൾ സമരം

ശാസ്താംകോട്ട: റീസർവേയിലെ അപാകതമൂലം അവകാശപ്പെട്ട വസ്തു പുറംപോക്കായി മാറിയത് പരിഹരിച്ച് തരണമെന്നാവശ്യപ്പെട്ട് കുന്നത്തൂർ താലൂക്ക് ഓഫിസിന് മുന്നിൽ വയോധികന്‍റെ ഒറ്റയാൾ സമരം. ശൂരനാട് വടക്ക് പടിഞ്ഞാറ്റം കിഴക്ക് കളീക്കൽ (അമ്പാടിയിൽ) ലക്ഷ്മണൻ (61) ആണ് ആവശ്യങ്ങളടങ്ങിയ പ്ലക്കാർഡുകൾ തൂക്കിയിട്ട് താലൂക്ക് ഓഫിസിന് മുന്നിൽ പ്രതിഷേധിച്ചത്. അദ്ദേഹത്തിന്‍റെ പിതാവിന് ശൂരനാട് വടക്ക് വില്ലേജിൽ ഉണ്ടായിരുന്ന രണ്ടേക്കറോളം വസ്തു 2000ത്തിൽ സഹോദരങ്ങൾക്ക് ഉൾപ്പെടെ ഭാഗംചെയ്തു നൽകി. ഇതിനെ തുടർന്ന് ലക്ഷ്മണൻ ഇദ്ദേഹത്തിന് ലഭിച്ച വസ്തു പോക്കുവരവ് ചെയ്ത് കിട്ടുന്നതിന് വില്ലേജ് ഓഫിസിൽ എത്തിയപ്പോൾ വസ്തു പുറംപോക്കാണെന്നാണ് റീ സർവേയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. അതിനാൽ പോക്കുവരവ് നടന്നില്ല. പിന്നീട് നടത്തിയ അ​േന്വഷണത്തിൽ ഇത് തെറ്റായി രേഖപ്പെടുത്തിയതാണെന്ന് ബോധ്യപ്പെട്ടിട്ടും മറ്റ് നടപടികൾക്ക് ഉദ്യോഗസ്ഥർ തയാറായില്ല. പരിഹരിച്ച് നൽകേണ്ടത് ഡെപ്യൂട്ടി തഹസിൽദാർ (എൽ.ആർ) അണെന്നിരിക്കെ മാറി മാറി വരുന്ന ഉദ്യോഗസ്ഥർ മുടന്തൻ ന്യായങ്ങൾ പറയുകയായിരുന്നെന്ന് അദ്ദേഹം പറയുന്നു. ഇത് സംബന്ധിച്ച് ഡയറക്ടർക്കും കലക്ടർക്കും നൽകിയ പരാതികൾ തുടർനടപടികൾക്കായി താലൂക്ക് ഓഫിസിലേക്ക് അയച്ചിട്ടും നടപടി സ്വീകരിക്കാത്തതിനെ തുടർന്നാണ് കർഷകൻ കൂടിയായ ലക്ഷ്മണൻ സമരത്തിനെത്തിയത്. വളരെ വേഗം തന്നെ പ്രശ്​നം പരിഹരിക്കാമെന്ന ഉദ്യോഗസ്ഥരുടെ ഉറപ്പിൽ പിന്നീട് സമരം അവസാനിപ്പിച്ച് മടങ്ങുകയായിരുന്നു. ബ്ലോക്ക് തല ആരോഗ്യമേള (ചിത്രം) ചവറ: ആരോഗ്യപദ്ധതികളും സേവനങ്ങളും ജനങ്ങളിലേക്കെത്തിക്കുന്നതിനും അവബോധം സൃഷ്ടിക്കുന്നതിനുമായുള്ള ബ്ലോക്ക് തല ആരോഗ്യമേളകള്‍ക്ക് ജില്ലയില്‍ തുടക്കമായി. ജില്ലതല ഉദ്ഘാടനം എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി നിര്‍വഹിച്ചു. പ്രദര്‍ശന സ്റ്റാളുകളുടെ ഉദ്ഘാടനം ചവറ കെ.എം.എം.എല്‍ മാനേജിങ് ഡയറക്ടര്‍ ജെ. ചന്ദ്രബോസും സ്​പെഷാലിറ്റി മെഡിക്കല്‍ ക്യാമ്പുകളുടെ ഉദ്ഘാടനം ഐ.ആര്‍.ഇ.എല്‍ ഹെഡ് വിശ്വനാഥനും നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി അധ്യക്ഷത വഹിച്ചു. ഡോ. സുജിത് വിജയന്‍പിള്ള എം.എല്‍.എ മുഖ്യാതിഥിയായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.