രാജ്യത്ത് നടക്കുന്നത് ഹിന്ദുത്വരാഷ്ട്ര പരീക്ഷണം -വി.പി. സാനു

ചിത്രം കൊല്ലം: ഇന്ത്യയെ ഹിന്ദുത്വരാഷ്ട്രമാക്കാൻ ആർ.എസ്.എസ് നടത്തുന്ന പരീക്ഷണത്തിന്‍റെ ഭാ​ഗമാണ് പുതിയ ദേശീയ വിദ്യാഭ്യാസ നയമെന്ന്​ എസ്.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്‍റ്​ വി.പി. സാനു. 'സേവ് എജുക്കേഷൻ, സേവ് കോൺസ്റ്റിറ്റ്യൂഷൻ, സേവ് ഇന്ത്യ' മുദ്രാവാക്യമുയർത്തി നടത്തുന്ന എസ്‌.എഫ്‌.ഐ ദക്ഷിണ മേഖല ജാഥക്ക്​ കൊല്ലം ക്യു.എ.സി മൈതാനിയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ വിദ്യാഭ്യാസ നയത്തിലൂടെ പാഠ്യപദ്ധതി തീരുമാനിക്കാനുള്ള അവകാശം കേന്ദ്രത്തിലേക്ക് മാറുകയാണ്. സംസ്ഥാനങ്ങൾക്ക് കേന്ദ്രം തീരുമാനിക്കുന്ന ചട്ടക്കൂടിൽനിന്ന് മാത്രമേ പാഠ്യപദ്ധതി നടപ്പാക്കാനാകൂ. നിലവിൽ ബി.ജെ.പി ഭരിക്കുന്ന കർണാടകയിലെ പാഠഭാ​ഗങ്ങളിൽനിന്ന് നവോത്ഥാന നായകരെയും സ്വാതന്ത്ര്യസമര മുന്നണിപ്പോരാളികളെയും മാറ്റി സവർക്കറെയും ​ഗോൾവാൾക്കറെയും പ്രതിഷ്ഠിക്കുകയാണ്. ​ഈ പുറന്തള്ളലിന്‍റെ, പുറത്താക്കലിന്‍റെ നയത്തിനെതിരായാണ് എസ്.എഫ്.ഐയുടെ പോരാട്ടമെന്നും സാനു പറഞ്ഞു. ആ​ഗസ്റ്റ്​ ഒന്നിന് കന്യാകുമാരിയിൽനിന്ന് ആരംഭിച്ച് പുതുച്ചേരിയും ആന്ധ്രയും കർണാടകയും കടന്ന് കേരളത്തിലെത്തിയ ജാഥ വെള്ളിയാഴ്ച തിരുവനന്തപുരത്ത് സമാപിക്കും. സംഘാടകസമിതി ചെയർമാൻ എം. നൗഷാദ് എം.എൽ.എ, സി.പി.ഐ സംസ്ഥാന കമ്മിറ്റി അം​ഗം ചിന്താ ജെറോം, ജില്ല സെക്രട്ടേറിയറ്റ് അം​ഗം പി.എ. എബ്രഹാം, ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറി ശ്യാം മോഹൻ എന്നിവർ ജാഥയെ സ്വീകരിച്ചു. ജില്ല പ്രസിഡന്‍റ്​ എ. വിഷ്ണു അധ്യക്ഷത വഹിച്ചു. നിതീഷ് നാരായണൻ, വസുദേവ് റെഡ്​ഡി, മാരിയപ്പൻ, സത്യേഷ, കൊല്ലം ജില്ല സെക്രട്ടറി ആർ. ​ഗോപീകൃഷ്ണൻ, ആലപ്പുഴ ജില്ല പ്രസിഡന്‍റ്​ ജെഫിൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.