മോദിയുടെ ശ്രമം പാര്‍ലമെന്‍ററി ഏകാധിപത്യത്തിന്​ -അമര്‍ജിത് കൗര്‍

കൊല്ലം: പാര്‍ലമെന്‍ററി ജനാധിപത്യത്തെ പാര്‍ലമെന്‍ററി ഏകാധിപത്യമാക്കി മാറ്റാനാണ്​ പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുന്നതെന്നും അതിനായി രാജ്യത്ത് നിലവിലുള്ള നിയമങ്ങളെ ചവിട്ടി അരക്കുകയാണെന്നും സി.പി.ഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം അമര്‍ജിത് കൗര്‍. ​​ സി.പി.ഐ ജില്ല സമ്മേളനത്തിന്‍റെ ഭാഗമായ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. രാജ്യത്തെ ജനങ്ങളെ മതത്തിന്‍റെയും ജാതിയുടെയും പേരില്‍ ഭിന്നിപ്പിക്കുന്ന മോദി ഫാഷിസത്തിന്‍റെയും നാസിസത്തിന്‍റെയും കൗശലങ്ങളാണ് അടിച്ചേല്‍പ്പിക്കുന്നത്​. ദേശീയപതാകയെ ചവിട്ടിത്താഴ്ത്തിയവരാണ് 'ഹര്‍ ഘര്‍ തിരംഗ'യുമായി രംഗത്തെത്തിയത്​. ഇന്ത്യയിലെ ദരിദ്ര ജനകോടികള്‍ക്ക് വേണ്ടത് തലചായ്ക്കാനൊരു വീടും കുട്ടികള്‍ക്ക് വിദ്യാഭ്യാസവും മുതിര്‍ന്ന പൗരന്മാര്‍ക്ക് ആരോഗ്യസംരക്ഷണ പദ്ധതികളുമാണ്. തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കുമെതിരെ കരിനിയമങ്ങള്‍ കൊണ്ടുവരുന്നതിലാണ് ഭരണകൂടം ശ്രദ്ധപതിപ്പിക്കുന്നത്. ​പ്രതിപക്ഷ കക്ഷികളുടെ ഒത്തൊരുമയില്ലായ്മ മൂലമാണ് മോദി അധികാരത്തില്‍ തുടരുന്നത്. വരുന്ന പാർലമെന്‍റ്​ തെരഞ്ഞെടുപ്പില്‍ ഇവരെ പുറന്തള്ളാനുള്ള തന്ത്രങ്ങള്‍ക്കാണ് രൂപം നല്‍കേണ്ടത്. ഇത് ബി.ജെ.പിയുടെയോ ആർ.എസ്.എസിന്‍റെയോ ഇന്ത്യയല്ല, മതനിരപേക്ഷ സമൂഹത്തിന്‍റെ ഒത്തൊരുമയാണെന്നുള്ള സന്ദേശമാണ് നാം പറഞ്ഞുപഠിപ്പിക്കേണ്ടതെന്നും അവര്‍ പറഞ്ഞു. ജില്ല സെക്രട്ടറി മുല്ലക്കര രത്നാകരന്‍ അധ്യക്ഷതവഹിച്ചു. സംസ്ഥാന കൗണ്‍സിലംഗം ആര്‍. വിജയകുമാര്‍, നേതാക്കളായ കെ. പ്രകാശ്ബാബു, കെ.ആര്‍. ചന്ദ്രമോഹനന്‍, മന്ത്രി ജെ. ചിഞ്ചുറാണി, അഡ്വ.ജി. ലാലു, കൊല്ലം മധു എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.