* സെക്രട്ടറി സ്ഥാനവും ജില്ല കൗൺസിലും പിടിക്കാൻ ഇരുവിഭാഗവും കരുക്കൾ നീക്കിത്തുടങ്ങി. കൊല്ലം: വിഭാഗീയതയെതുടർന്ന് സമ്മേളനം തെരഞ്ഞെടുത്ത ജില്ല സെക്രട്ടറിയെ കഴിഞ്ഞ തവണ മാറ്റേണ്ടിവന്ന കൊല്ലത്ത് സി.പി.ഐ ജില്ല സമ്മേളനം തുടങ്ങി. തുല്യ ശക്തികളായി ഇരുപക്ഷവും നിലകൊള്ളുന്ന ജില്ലയിൽ സെക്രട്ടറി സ്ഥാനവും ജില്ല കൗൺസിലും പിടിക്കാൻ ഇരുവിഭാഗവും കരുക്കൾ നീക്കിത്തുടങ്ങി. സംസ്ഥാന സെക്രട്ടറി തെരഞ്ഞെടുപ്പിനെവരെ സ്വാധീനിക്കുന്നതാണ് രാജ്യത്തുതന്നെ സി.പി.ഐക്ക് കൂടുതൽ അംഗത്വമുള്ള കൊല്ലം ജില്ലയിലെ ബലാബലം. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ അനുകൂലിക്കുന്ന പക്ഷവും അസി.സെക്രട്ടറി കെ. പ്രകാശ്ബാബു-കെ.ഇ. ഇസ്മയിൽ പക്ഷവും എന്ന നിലയിലാണ് ഇവിടത്തെ വിഭാഗീയത. 2018 ജനുവരിയില്‍ നടന്ന കഴിഞ്ഞ സമ്മേളനം തെരഞ്ഞെടുത്ത ജില്ല സെക്രട്ടറി എന്‍. അനിരുദ്ധനെ മാറ്റിയതോടെയാണ് ജില്ലയിലെ സംഘടന പ്രശ്‌നങ്ങള്‍ മൂര്‍ച്ഛിച്ചത്. തുടർന്ന് മുൻ ജില്ല സെക്രട്ടറിയും സംസ്ഥാന എക്സിക്യൂട്ടിവ് അംഗവുമായ കെ.ആർ. ചന്ദ്രമോഹനും പിന്നീട് മുൻ മന്ത്രി മുല്ലക്കര രത്നാകരനും ജില്ല സെക്രട്ടറിയുടെ ചുമതല വഹിക്കുകയായിരുന്നു. സമവായമില്ലാത്തതിനാല്‍ ജില്ല അസി.സെക്രട്ടറിമാരെ തുടക്കത്തിൽ തെരഞ്ഞെടുക്കാനായിരുന്നില്ല. പിന്നീട്, സംസ്ഥാന നേതൃത്വത്തിന്‍റെ നിർദേശം നിരാകരിച്ചുകൊണ്ടാണ് അസി.സെക്രട്ടറിമാരുടെ തെരഞ്ഞെടുപ്പും നടന്നത്. പലപ്പോഴും പരസ്യ പ്രതികരണത്തിൽവരെ എത്തിയ പ്രതിഷേധങ്ങൾ അച്ചടക്ക നടപടിക്കുവരെ വിധേയമാകുകയും ചെയ്തു. ജില്ല സമ്മേളനത്തിലെ 371 പ്രതിനിധികളിലെ മേധാവിത്വം ഇരുപക്ഷവും അവകാശപ്പെടുന്നു. പത്തനാപുരം, ശൂരനാട്, കുന്നത്തൂർ, കരുനാഗപ്പള്ളി മണ്ഡലം സമ്മേളനങ്ങളിൽ കടുത്ത വിഭാഗീയത ഉടലെടുത്തിരുന്നു. അതിന്‍റെ അലയൊടികൾ ജില്ല സമ്മേളനത്തിലും പ്രതിഫലിക്കും. പാർട്ടി ശക്തി കേന്ദ്രങ്ങളിലൊന്നായ കരുനാഗപ്പള്ളിയിലെ തോൽവിയും വിഭാഗീയതമൂലമാണെന്ന ആരോപണം നിലനിൽക്കുന്നു. നിലവിൽ 59 അംഗ ജില്ല കൗൺസിലിലേക്ക് മത്സരസാധ്യത കുറവാണെങ്കിലും ജില്ല സെക്രട്ടറി പദത്തിലേക്ക് മത്സരം നടക്കാനാണ് സാധ്യത. ജില്ല സെക്രട്ടറിയായി കാനം പക്ഷം പരിഗണിച്ചിരുന്ന ആർ. രാജേന്ദ്രന് പ്രായപരിധി തിരിച്ചടിയായി. 65 വയസ്സെന്ന പ്രായപരിധിയിൽ ഇളവ് ലഭിച്ചില്ലെങ്കിൽ പി.എസ്. സുപാൽ എം.എൽ.എയുടെ പേര് ഉന്നയിക്കാനാണ് നീക്കമെന്ന് അറിയുന്നു. പ്രകാശ് ബാബു പക്ഷം ജില്ല സെക്രട്ടറിയായി നിലവിലെ അസി.സെക്രട്ടറി ജി. ലാലുവിനെയാണ് പരിഗണിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.