നഹീബിന് ഇനി പ്രളയത്തെ പേടിക്കാതെ സ്വന്തം വീട്ടിൽ താമസിക്കാം

പ്രളയത്തില്‍ തകര്‍ന്ന വീട് പുതിയ സ്ഥലത്ത് നിര്‍മിച്ച് നല്‍കി വവ്വാക്കാവിലെ സ്‌നേഹസേന ഓച്ചിറ: 2021 ഒക്ടോബറില്‍ കോട്ടയം കൂട്ടിക്കലിലുണ്ടായ പ്രളയത്തില്‍ വീടും കച്ചവടസ്ഥാപനവും നഷ്ടപ്പെട്ട, അരക്ക്​ താഴേക്ക് തളര്‍ന്ന നഹീബ് എന്ന ചെറുപ്പക്കാരന് വവ്വാക്കാവിലെ സന്നദ്ധസംഘടനയായ സ്‌നേഹസേനയുടെ നേതൃത്വത്തില്‍ വീട് നിര്‍മിച്ചുനല്‍കി. കൗമാരപ്രായത്തിലുണ്ടായ അപകടത്തെതുടര്‍ന്നാണ് നഹീബിന് അരക്ക് ​താഴെ ചലനശേഷി നഷ്ടമായത്. മൂന്ന് മക്കളും ഭാര്യയും മാതാവും അടങ്ങുന്ന കുടുംബത്തിന്‍റെ ഏക അത്താണിയാണ് നഹീബ്. കഴിഞ്ഞ വര്‍ഷത്തിലെ പ്രളയത്തിലാണ് പുഴയോരത്തുണ്ടായിരുന്ന വീട് തകര്‍ന്നത്. എന്നാല്‍, പ്രളയഭീഷണി നിലനില്‍ക്കുന്ന സ്ഥലമായതിനാല്‍ മുമ്പ് വീട് നിന്ന സ്ഥലത്ത് വീടുവെക്കാന്‍ അനുമതി ലഭിച്ചിരുന്നില്ല. തുടര്‍ന്ന് വീടില്ലാതെ നിസ്സഹായാവസ്ഥയിലായ നഹീബിന് സൊമില്‍ ആന്‍ഡ് പ്ലൈവുഡ് മാനുഫാക്‌ച്ചേഴ്‌സ് അസോസിയേഷന്‍ മൂവാറ്റുപുഴ യൂനിറ്റിന്‍റെ നേതൃത്വത്തില്‍ നാലു ലക്ഷം രൂപ ചെലവില്‍ പുതിയ സ്ഥലത്ത് വസ്തു വാങ്ങുകയും വവ്വാക്കാവ് പുത്തന്‍ത്തെരുവ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്‌നേഹസേനയുടെ നേതൃത്വത്തില്‍ ആറുലക്ഷം രൂപ ചെലവില്‍ വീടുവെച്ചു നല്‍കുകയായിരുന്നു. ഡോ. കെ.എം. അനില്‍ മുഹമ്മദ്, പ്രവാസി വ്യവസായി സി.കെ. മജീദ്, കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പീസ് എന്ന സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ എന്നിവരുടെ മേല്‍നോട്ടത്തിലാണ് വീട് നിര്‍മിച്ച് നല്‍കിയത്. ഗാനരചയിതാവ് രാജീവ് ആലുങ്കല്‍ വീടിന്‍റെ താക്കോല്‍ കൈമാറി. കെ.ആര്‍.ഡി.എ ചെയര്‍മാന്‍ അഡ്വ. എം. ഇബ്രാഹിം കുട്ടി അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ്​ പി.കെ. സജിമോന്‍, വി.കെ. ഷൗക്കത്ത്, ഡോ. മുഹമ്മദ് ഹനീഫ, സൗമി ഷമീര്‍, ഇമാം മുഹമ്മദ് സുബൈര്‍ മൗലവി, അഡ്വ. ജി.വി. ഉണ്ണിത്താന്‍, രാധാകൃഷ്ണ പിള്ള, നൗഫല്‍ പുത്തന്‍ പുത്തന്‍പുരയ്ക്കല്‍ എന്നിവര്‍ സംസാരിച്ചു. ഫോട്ടോ: ഭിന്നശേഷിക്കാരനായ നഹീബിന് സ്‌നേഹസേനയുടെ നേതൃത്വത്തില്‍ നിര്‍മിച്ചുനല്‍കിയ വീടിന്‍റെ താക്കോല്‍ ഗാനരചയിതാവ് രാജീവ് ആലുങ്കല്‍ കൈമാറുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.