അളവിലധികംപാറ കയറ്റിയ എട്ട് ടിപ്പറുകൾക്ക് പിഴ

കൊട്ടാരക്കര: നിയമവിരുദ്ധമായി അളവിലധികം പാറ കയറ്റി സർവിസ് നടത്തിയ എട്ട് ടിപ്പര്‍ ലോറികള്‍ പൊലീസ് പിടികൂടി പിഴചുമത്തി. കഴിഞ്ഞദിവസം രാവിലെ മുതല്‍ പൂയപ്പള്ളി എസ്.ഐ അഭിലാഷിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്റ്റേഷന്‍ അതിര്‍ത്തിയിലുള്ള ഓയൂര്‍, മരുതമണ്‍പള്ളി, പൂയപ്പള്ളി, വെളിയം തുടങ്ങിയ പ്രദേശങ്ങളില്‍ നടത്തിയ വാഹന പരിശോധനയിലാണ് എട്ട് ടിപ്പറുകള്‍ പിടികൂടിയത്. ലോറികള്‍ പിടികൂടിയതറിഞ്ഞ് പൂയപ്പള്ളി പഞ്ചായത്തിലെ ഓട്ടുമല പാറക്വാറി ഉടമയും തൊഴിലാളികളും ലോറി ഓണര്‍മാരും ഡ്രൈവര്‍മാരുമടക്കം നൂറുകണക്കിന് ആളുകള്‍ സ്റ്റേഷന്‍ പരിസരത്ത് തടിച്ചുകൂടിയത് പ്രതിഷേധത്തിനിടയാക്കി. ഇവര്‍ സ്‌റ്റേഷനുമുന്നില്‍ പ്രതിഷേധയോഗം ചേരുകയും ചെയ്തു. പാറ കയറ്റിപ്പോകുന്ന ടിപ്പര്‍ ലോറികള്‍ക്കെതിരെയും ദ്രോഹപരമായ നടപടികള്‍ സ്വീകരിക്കരുതെന്നാവശ്യപ്പെട്ട് ക്വാറി ഉടമകള്‍ എസ്.ഐക്ക് നിവേദനം നല്‍കുകയും ചെയ്തു. തുടര്‍ന്ന് പിടിച്ചെടുത്ത ടിപ്പര്‍ റോലികളുടെ തൂക്കം പരിശോധിച്ച ശേഷം 10,000 രൂപ വീതം പിഴ ഈടാക്കി വാഹനങ്ങള്‍ വിട്ടുകൊടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.