സംരക്ഷിത വനമേഖലയില്‍ അതിക്രമിച്ച് കയറൽ: യൂട്യൂബര്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരായി

പത്തനാപുരം: സംരക്ഷിത വനമേഖലയില്‍ അനുവാദമില്ലാതെ അതിക്രമിച്ചു കയറി കാട്ടാനകളുടെ ദൃശ്യങ്ങൾ പകർത്തിയ കേസിൽ യൂട്യൂബര്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരായി. കിളിമാനൂര്‍ ചൂട്ടയില്‍ ശ്രീമാധുരിയിൽ അമല അനുവാണ് പത്തനാപുരം റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ ബി. ദിലീഫിന് മുമ്പാകെ തിങ്കളാഴ്ച രാവിലെ ഹാജരായത്. പിതാവിനും മാതാവിനുംം ഒപ്പമാണ് അമല അനു എത്തിയത്. കേസിൽ യൂട്യൂബർക്ക് ഹൈകോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. മുമ്പ് ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടില്ലെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും വിലയിരുത്തി ജസ്റ്റിസ് വിജു എബ്രഹാം ഉപാധികളോടെ ഇടക്കാല മുൻകൂർ ജാമ്യം അനുവദിക്കുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് അമലാ അനുവിനെ അന്വേഷണ ഉദ്യോഗസ്ഥന്‍ വിട്ടയച്ചത്. കാട്ടാനകളെ പ്രകോപിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയതിനും ഹെലികാം ഉൾപ്പെടെയുള്ളവ ഉപയോഗിച്ച് അനുമതിയില്ലാതെ ഷൂട്ട് ചെയ്തതടക്കമുള്ള വകുപ്പുകളിലായിരുന്നു വനംവകുപ്പ് കേസെടുത്തത്. ഈദൃശ്യങ്ങള്‍ അമല തന്‍റെ യൂട്യൂബില്‍ പങ്കുവെച്ചിരുന്നു. അതേസമയം കാട്ടാനയെ കണ്ടിട്ടില്ലെന്നും എഡിറ്റ് ചെയ്ത വിഡിയോ ആയിരുന്നെന്നുമാണ് അമലയുടെ മൊഴി. അമ്പനാർ ഫോറസ്റ്റ് സ്റ്റേഷനിലെത്തിച്ചും തെളിവെടുപ്പ് നടത്തി. അടുത്ത ദിവസങ്ങളിൽ വനത്തിനുള്ളിലും തെളിവെടുപ്പ് നടത്തും. സംഭവത്തിൽ അമല അനുവിന് ഒപ്പമുണ്ടായിരുന്നവർക്കും ഒളിവിൽ താമസിക്കാനും മറ്റ് സഹായങ്ങൾ ചെയ്തവർക്കെതിരെയും കേസെടുത്തിട്ടുണ്ട്. പടം...... മാമ്പഴത്തറ വനമേഖലയില്‍ അതിക്രമിച്ച് കയറിയ യൂട്യൂബര്‍ അമല അനു മാതാപിതാക്കള്‍ക്കൊപ്പം അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരായപ്പോള്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.