ബസിൽ​ ഹൃദയാഘാതമുണ്ടായയാൾക്ക്​ രക്ഷകയായി ജില്ല ആശുപത്രിയിലെ നഴ്​സ്​

കൊല്ലം: കെ.എസ്.ആർ.ടി.സി ബസിലെ യാത്രക്കിടയിൽ ഹൃദയാഘാതം വന്ന്​ കുഴഞ്ഞുവീണയാൾക്ക്​ പുതുജീവിതം നൽകി ജില്ല ആശുപത്രിയിലെ നഴ്​സ്​. പ്രഥമശുശ്രൂഷ നൽകി തമിഴ്​നാട്​ സ്വദേശി മണിയെ ജീവിതത്തിലേക്ക്​ തിരിച്ചുപിടിക്കാനായതി‍ൻെറ സന്തോഷത്തിലാണ്​ ജില്ല ആശുപത്രിയിലെ നഴ്സിങ് ഓഫിസറായ മുളവന സ്വദേശി എസ്. അശ്വതി. വ്യാഴാഴ്ച രാത്രിയിൽ ജോലി കഴിഞ്ഞ്​ വീട്ടിലേക്ക്​ പോകാൻ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽനിന്ന്​ അശ്വതി കയറിയ തെങ്കാശി ബസിലാണ്​ തമിഴ്​നാട്​ സ്വദേശി കുഴഞ്ഞുവീണത്​. ബസ്​ സ്റ്റാൻഡ്​ വിട്ട്​ കുറച്ച്​ സമയം കഴിഞ്ഞ​പ്പോഴാണ്​ പിൻസീറ്റിലിരുന്ന മണി കുഴഞ്ഞുവീണത്​. സീറ്റിനുതാഴെ ബോധമില്ലാതെ കിടക്കുകയായിരുന്നയാളുടെ പൾസ് കിട്ടുന്നില്ലെന്ന്​ കണ്ടതോടെ ഉടൻ സി.പി.ആർ നൽകി. ബസ്​ ഒരിടത്തും നിർത്താതെ ആശുപത്രി ലക്ഷ്യമാക്കി പായുന്നതിനിടയിൽ മുക്കടയിൽ എത്താറായപ്പോഴേക്കും ആൾക്ക് ബോധംവീണു. തുടർന്ന്​ മുക്കട എൽ.എം.എസ് ആശുപത്രിയിലേക്ക്​ മാറ്റി. തുടർന്ന്​ ഇദ്ദേഹത്തെ ജില്ല ആശുപത്രിയിലേക്കും മാറ്റി. വെള്ളിയാഴ്ച ഡ്യൂട്ടിക്കിടയിൽ​ അശ്വതി മണിയെ കാണാൻ എത്തിയപ്പോഴേക്കും അദ്ദേഹം ഡിസ്​ചാർജ്​ വാങ്ങി പോയിരുന്നു. അഞ്ചുമാസം ഗർഭിണിയായ അശ്വതി സ്വന്തം ബുദ്ധിമുട്ടുകൾ പോലും മറന്നാണ്​ പ്രഥമശുശ്രൂഷ നൽകിയത്​. ബസിലെ കണ്ടക്ടറും ഡ്രൈവറും സമയോചിതമായി ഇട​പെട്ടതും ജീവൻ രക്ഷിക്കാൻ സഹായിച്ചതായി അശ്വതി പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.