നീണ്ടകര താലൂക്കാശുപത്രി ആക്രമണം: ഒളിവിലായിരുന്ന പ്രതികൾ പിടിയിൽ

കൊല്ലം: നീണ്ടകര താലൂക്കാശുപത്രിയിലെ അത്യാഹിത വിഭാഗം ഡോക്ടറെയും ആശുപത്രി ജീവനക്കാരെയും ആക്രമിച്ച യുവാക്കളെ പൊലീസ്​ പിടികൂടി. നീണ്ടകര പരിമണത്ത് വിജയ് ഭവനത്തിൽ വിഷ്ണു (29- പാച്ചു), നീണ്ടകര പി.വി ഭവനത്തിൽ അഖിൽ (29), നീണ്ടകര വടക്കേമുരിക്കിനാൽ വീട്ടിൽ രതീഷ് (38) എന്നിവരാണ് കൊല്ലം സിറ്റി പൊലീസിലെ പ്രത്യേക അന്വേഷണ സംഘത്തിന്‍റെ പിടിയിലായത്. 19ന് രാത്രി വിഷ്ണുവിന്‍റെ മാതാവ്​ ഉഷയെ ശ്വാസതടസ്സംമൂലം ആശുപത്രിയിൽ ചികിത്സക്കെത്തിച്ചിരുന്നു. ചികിത്സാ താമസം നേരിട്ടെന്ന പേരിൽ അന്നുതന്നെ വിഷ്ണുവും ബന്ധുക്കളും ആശുപത്രി ജീവനക്കാരുമായി വാക്കേറ്റമുണ്ടായി. തുടർന്ന് പിറ്റേന്ന്​ ആശുപത്രി ജീവനക്കാർ ഇത് സംബന്ധിച്ച് ചവറ പൊലീസിൽ പരാതി നൽകി. ചവറ പൊലീസ്​ അന്വേഷണം നടത്തുകയും പ്രശ്നം ഉണ്ടാക്കിയത് വിഷ്ണുവാണെന്ന് തിരിച്ചറിഞ്ഞ് വീട്ടിലെത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. പൊലീസ്​ വീട്ടിലെത്തിയതിന്‍റെ വിരോധത്തിൽ അന്നേദിവസം രാത്രി 10ഓടെ ഇയാളുടെ സുഹൃത്തുക്കളായ അഖിലിനെയും രതീഷിനെയും കൂട്ടി ആശുപത്രിയിലെത്തി അക്രമം നടത്തുകയായിരുന്നു. ജീവനക്കാരെ അസഭ്യം പറഞ്ഞ് ആക്രമിക്കുകയും ഫാർമസി തല്ലിത്തകർക്കുകയും മരുന്നുകൾ നശിപ്പിക്കുകയും ചെയ്തു. തുടർന്ന് മൂവർ സംഘം ഒളിവിൽ പോകുകയായിരുന്നു. കൊല്ലം സിറ്റി പൊലീസ്​ മേധാവി ടി. നാരായണന്‍റെ നിർദേശാനുസരണം കരുനാഗപ്പള്ളി എ.സി.പി വി.എസ്.​ പ്രദീപ്കുമാറിന്‍റെയും സ്​പെഷൽ ബ്രാഞ്ച് എ.സി.പി കെ. അശോകകുമാറിന്‍റെയും നേതൃത്വത്തിൽ ഇന്‍റലിജൻസ്​, ഇൻവെസ്റ്റിഗേഷൻ, സൈബർ വിഭാഗങ്ങളെ ഏകോപിപ്പിച്ച് പ്രത്യേക അന്വേഷണസംഘം രൂപവത്​കരിച്ച് നടത്തിയ അന്വേഷണത്തിലാണ് മണിക്കൂറുകൾക്കകം പ്രതികളെ മൈലക്കാടുള്ള ഒളിസങ്കേതത്തിൽനിന്ന് പിടികൂടിയത്. ചവറ ഇൻസ്​പെക്ടർ നിസാമുദീൻ, എസ്​.ഐമാരായ ആർ. ജയകുമാർ, ജിബി, നൗഫൽ, നജീബ്, എ.എസ്​.ഐ ബെജു പി. ജറോം, എസ്​.സി.പി.ഒ സജു, സീനു, മനു, രിപു, രതീഷ്, സി.പി.ഒ നെൽസൺ, അനു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.