കൊല്ലം-തേനി​ ദേശിയപാത അലൈൻമെന്‍റ്​: മുട്ടം ആക്​ഷൻ കൗൺസിൽ​ സമരം തുടരും

കിഴക്കേകല്ലട: കൊല്ലം-തേനി ദേശീയപാതയുടെ മുട്ടംവഴിയുള്ള അലൈൻമെന്‍റ്​ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തുന്ന സേവ് മുട്ടം ആക്ഷൻ കൗൺസിലിന്‍റെ നേതൃത്വത്തിൽ യോഗം നടത്തി. കോവൂർ കുഞ്ഞുമോൻ എം.എൽ.എയുടെ അധ്യക്ഷതയിൽ മുട്ടം സെന്‍റ്​ ജോസഫ് എൽ.പി സ്​കൂളിൽ ചേർന്ന യോഗത്തിൽ ദേശീയപാത ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പ​ങ്കെടുത്തു. ഭൂരിഭാഗം പ്രദേശവാസികളും മുട്ടംവഴി പാത വേണ്ട എന്ന നിലപാട് സ്വീകരിച്ചപ്പോൾ ചിലർ എതിരഭിപ്രായവും പ്രകടിപ്പിച്ചു. യോഗത്തിൽ പങ്കെടുത്ത ദേശീയപാത അസി.എക്സി. എൻജിനീയർ സർവേയുമായി ഒരു ബന്ധവുമില്ലെന്നും സർവേ നടത്തുന്നത് മുംബൈ ആസ്ഥാനമായ കമ്പനിയാണെന്നും പറഞ്ഞു. സർവേ പല ഭാഗങ്ങളിൽ നടത്തുമെന്നും തുടർന്ന് നൽകുന്ന പ്ലാനിന്‍റെ അടിസ്ഥാനത്തിൽ ജനപ്രതിനിധികളുമായി സംസാരിച്ച് മാത്രമേ തീരുമാനം എടുക്കുകയുള്ളൂ എന്നും​ അദ്ദേഹം അറിയിച്ചു. തുടർന്ന് സംസാരിച്ച കോവൂർ കുഞ്ഞുമോൻ എം.എൽ.എ, തങ്ങൾക്കിതുവരെ പദ്ധതിയെക്കുറിച്ച് ഒരു വിവരവുമില്ലെന്നും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന തീരുമാനങ്ങളോട് യോജിക്കില്ലെന്നും വ്യക്തമാക്കി. ജനപ്രതിനിധികളും വസ്​തു ഉടമകളും അറിയാതെ നടത്തുന്ന സർവേ അനുവദിക്കില്ലെന്നും സമരം തുടരുമെന്നും ആക്ഷൻ കൗൺസിലും നിലപാടെടുത്തു. കിഴക്കേകല്ലട പഞ്ചായത്ത് വൈസ്​ പ്രസിഡന്‍റ്​ ഷാജി മുട്ടം അധ്യക്ഷതവഹിച്ചു. ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ ജയദേവി മോഹൻ, പഞ്ചായത്ത് പ്രസിഡന്‍റ്​ ഉമാദേവിയമ്മ, പഞ്ചായത്തംഗങ്ങളായ ശ്രുതി, രതീഷ്, കൊച്ചുപുര സുജാത, ടൈറ്റസ്​ വർഗീസ്​, ദായാനന്ദൻ മലവിളയിൽ, കല്ലട സതീഷ്, കുഞ്ഞുകൃഷ്ണൻ, കാഞ്ഞിരംവിള വിനു, രതീഷ് സേനൻ, ദേശീയപാത കൊല്ലം ഡിവിഷൻ എക്സി. എൻജിനീയർ എസ്​. ശ്രീകല, അസി. എക്സി. എൻജിനീയർ ടി. റോഷ്​ മോൻ, അസി. എൻജിനീയർ പി. ലതിക എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.