* തെളിവുകളായി കന്നാസ് മുതൽ ടാങ്കർ ലോറി വരെ കൊല്ലം: 'ഡിപ്പാർട്മെന്‍റിൽ നിന്ന് തന്നെയാണ് ഏറ്റവും വലിയ വെല്ലുവിളി നേരിട്ടത്' വിചാരണക്കൊടുവിൽ കല്ലുവാതുക്കൽ വിഷമദ്യദുരന്തക്കേസിൽ മണിച്ചൻ ഉൾപ്പെടെ പ്രതികൾക്ക് ശിക്ഷ ലഭിച്ചപ്പോൾ അന്വേഷണത്തിന് നേതൃത്വം നൽകിയ ഐ.ജിയായിരുന്ന സിബി മാത്യൂസിന്‍റെ പ്രതികരണം ഇങ്ങനെയായിരുന്നു. പൊലീസ്, എക്സൈസ് ഉദ്യോഗസ്ഥർ തമ്മിൽ തുറന്ന യുദ്ധമായിരുന്നു തങ്ങൾ നേരിട്ടതെന്നും അദ്ദേഹം വെളിപ്പെടുത്തി. സിബി മാത്യൂസിനെ കൊല്ലാൻ ഗൂഢാലോചന നടത്തിയതിനുൾപ്പെടെ ശിക്ഷ പ്രതി മണിച്ചന് ലഭിച്ചതും ഇതിനൊപ്പം ചേർത്തുവായിക്കണം. ഇതുകൂടാതെയാണ് തന്നെ പ്രോസിക്യൂട്ടർ സ്ഥാനത്ത് നിന്ന് നീക്കാൻ ചിലർ ശ്രമിച്ചു എന്നുള്ള സ്പെഷൽ പ്രോസിക്യൂട്ടർ ആയിരുന്ന അഡ്വ. വി. സുഗതന്‍റെ വാക്കുകൾ. തുടക്കം മുതൽ ഒടുക്കം വരെ മണിച്ചൻ ഉൾപ്പെടെ പ്രതികളെ രക്ഷിച്ചെടുക്കാൻ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരുമായ ഇഷ്ടക്കാർ നടത്തിയ ശ്രമങ്ങൾ ശക്തമായ തെളിവുകൾ നിരത്തിയാണ് പ്രത്യേക അന്വേഷണ സംഘവും പ്രോസിക്യൂഷനും പൊളിച്ചത്. ശിക്ഷിക്കേണ്ടവർ തന്നെ രക്ഷകർ ആയതുകൊണ്ടാണല്ലോ 31 ജീവനുകൾ അപഹരിക്കുകയും നൂറുകണക്കിന് പേർക്ക് ജീവിതകാലം മുഴുവൻ ദുരിതം ബാക്കിയാക്കുകയും ചെയ്ത കേസ് തന്നെ ഉണ്ടായത്. വിചാരണയുടെ ഓരോ ഘട്ടത്തിലും കേരളം സസൂക്ഷ്മം നിരീക്ഷിച്ച കേസിൽ നിരവധി വിവാദങ്ങളാണ് ഉണ്ടായത്. മണിച്ചനും കൂട്ടരും മദ്യത്തിലൂടെ വിഷം വിളമ്പി എന്ന് തെളിയിക്കാൻ പ്രതികൾ സ്പിരിറ്റ് വാങ്ങിയ ബംഗളൂരുവിലെ കമ്പനിയിൽ നിന്നുള്ള രേഖകൾ വരെ കൊണ്ടുവരേണ്ടിവന്നു അന്വേഷണസംഘത്തിന്. ഓരോ തെളിവും കോർത്തിണക്കിയുള്ള ആ പോരാട്ടത്തിന് ടാങ്കർ ലോറി മുതൽ കന്നാസ് വരെ കരുത്തുപകർന്നു. ഒടുവിൽ പ്രതികൾക്ക് അർഹിച്ച ശിക്ഷ കിട്ടിയപ്പോൾ തങ്ങളുടെ കഷ്ടപ്പാടിനെല്ലാം വിലയുണ്ടായി എന്നതായിരുന്നു അന്വേഷണസംഘത്തിന്‍റെയും പ്രോസിക്യൂഷന്‍റെയും സംതൃപ്തി. ...................... ശരിക്കും വെല്ലുവിളിയായിരുന്നു കല്ലുവാതുക്കൽ വിഷമദ്യദുരന്തക്കേസ് അന്വേഷണം. കരിയറിൽ തെളിവുകൾ കണ്ടെത്താനും കേസ് തെളിയിക്കാനും ഇത്രയും കഷ്ടപ്പെട്ട ചുരുക്കം കേസുകളേ ഉണ്ടായിട്ടുള്ളൂ. അന്ന് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്ന ഓരോ ഉദ്യോഗസ്ഥനും ആ കഷ്ടപ്പാടിൽ പങ്കാളികളായിരുന്നു. പൂർണാർഥത്തിൽ ഒരു ടീം വർക്കായിരുന്നു കല്ലുവാതുക്കൽ കേസ്. പ്രതികൾക്ക് ശിക്ഷ ലഭിച്ചത് ഞങ്ങൾക്കെല്ലാം ജീവിതത്തിലെ ഏറ്റവും സംതൃപ്തി നൽകിയ സംഭവമായിരുന്നു. ഇപ്പോൾ ശിക്ഷ അനുഭവിച്ച് മണിച്ചൻ പുറത്തിറങ്ങുന്നത് നിയമം ഓരോ വ്യക്തിക്കും നൽകുന്ന ആനുകൂല്യങ്ങൾ അനുസരിച്ചാകുമ്പോൾ അതിൽ മറിച്ചൊരു അഭിപ്രായം ആർക്കും ഉണ്ടാകാനിടയില്ല. -ജയൻ സി. നായർ, കല്ലുവാതുക്കൽ വിഷമദ്യ ദുരന്തക്കേസ് അന്വേഷണ സംഘാംഗം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.