കൊല്ലം: എസ്.എൻ.ഡി.പി യോഗത്തിനും എസ്.എൻ ട്രസ്റ്റിനുമെതിരെ അനാവശ്യമായി കേസുകൾ നൽകി സമുദായത്തിന്‍റെയാകെ മുന്നേറ്റത്തെ തകർക്കാൻ ചിലർ ശ്രമിക്കുകയാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ശ്രീനാരായണ എംപ്ലോയീസ് ഫോറത്തിന്റെയും ശ്രീനാരായണ പെൻഷണേഴ്സ് കൗൺസിലിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച കൊല്ലം, കുണ്ടറ, ചാത്തന്നൂർ യൂനിയനുകളിലെ ശാഖ ഭാരാവാഹികളുടെ നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചിലർ നവമാധ്യമങ്ങളിലൂടെ പെരുംനുണകളാണ് പ്രചരിപ്പിക്കുന്നത്. എസ്.എൻ.ഡി.പി യോഗം പിരിച്ചുവിട്ടെന്നാണ് പ്രചാരണം. യോഗം വാർഷിക പൊതുയോഗത്തിലെ പ്രാതിനിധ്യ വോട്ടവകാശ സംവിധാനത്തിന് പുതിയ നിയമ പ്രകാരമുള്ള അനുമതി സംസ്ഥാന സർക്കാറിൽ നിന്ന് വാങ്ങണമെന്നാണ് കോടതി നിർദേശിച്ചിട്ടുള്ളത്. അതിനുള്ള അപേക്ഷ സംസ്ഥാന സർക്കാറിന് നൽകിയിട്ടുണ്ട്. അതിന്‍റെ പേരിലാണ് യോഗം പിരിച്ചുവിട്ടെന്ന് പ്രചരിപ്പിക്കുന്നത്. താൻ നേതൃത്വത്തിൽ വരുന്നതിനു മുമ്പാണ് പ്രാതിനിധ്യ സംവിധാനം കൊണ്ടുവന്നത്. നമ്മൾ തമ്മിൽ തല്ലി നശിക്കുമ്പോൾ മറ്റ് സമുദായങ്ങൾ സർക്കാർ ആനുകൂല്യങ്ങൾ കൈപ്പറ്റി മുന്നേറുകയാണ്. അധികാരത്തിലെ നമ്മുടെ പങ്കാളിത്തം കുറയുന്നു. ജനസംഖ്യയിൽ നമ്മുടെ മൂന്നിലൊന്ന് പോലുമില്ലാത്ത ചില സമുദായങ്ങൾക്ക് ഇരട്ടിസ്ഥാപനങ്ങളുണ്ട്. സവർണ, ന്യൂനപക്ഷ സമുദായങ്ങൾ ശമ്പളത്തിലൂടെ സർക്കാർ ഖജനാവ് ചോർത്തിക്കൊണ്ടുപോകുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. എംപ്ലോയീസ് ഫോറത്തിന്റെയും പെൻഷണേഴ്സ് കൗൺസിലിന്റെയും കോഓഡിനേറ്റർ പി.വി. രജിമോൻ അധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പി യോഗം കൗൺസിലർമാരായ പി.ടി. മന്മഥൻ, പി. സുന്ദരൻ, എസ്.എൻ ട്രസ്റ്റ് ട്രഷറർ ഡോ. ജി. ജയദേവൻ, യോഗം ചാത്തന്നൂർ യൂനിയൻ പ്രസിഡന്റ് ബി.ബി. ഗോപകുമാർ, കൊല്ലം യൂനിയൻ സെക്രട്ടറി എൻ. രാജേന്ദ്രൻ, കുണ്ടറ യൂനിയൻ സെക്രട്ടറി നീരാവിൽ അനിൽകുമാർ, ചാത്തന്നൂർ യൂനിയൻ സെക്രട്ടറി വിജയകുമാർ, എംപ്ലോയീസ് ഫോറം കേന്ദ്ര സമിതി പ്രസിഡന്റ് എസ്. അജുലാൽ, ശ്രീനാരായണ പെൻഷണേഴ്സ് കൗൺസിൽ പ്രസിഡന്റ് പി.ആർ. ജയചന്ദ്രൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.