കാലത്തിനനുസരിച്ച് മത്സരിക്കാൻ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് കഴിയണം - മന്ത്രി രാജീവ്

ഇരവിപുരം: കാലത്തിനനുസരിച്ച് മത്സരിക്കാൻ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് കഴിയണമെന്നും എങ്കിലേ ബദൽ ഉണ്ടാകൂവെന്നും മന്ത്രി പി. രാജീവ് പറഞ്ഞു. സംസ്ഥാന സർക്കാറിന്‍റെ ഒന്നാം വാർഷികത്തിന്‍റെ ഭാഗമായി കൊല്ലൂർവിള പള്ളിമുക്ക് മീറ്റർ കമ്പനിയിൽ (യുനൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ്) കോടികൾ മുടക്കി പുതുതായി സ്ഥാപിച്ച പോളിമർ ഇൻസുലേറ്റർ നിർമാണ യൂനിറ്റിന്‍റെയും നവീകരിച്ച സ്റ്റാർട്ടർ യൂനിറ്റിന്‍റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പൊതുമേഖലാസ്ഥാപനങ്ങൾക്ക് സ്വന്തം കാലിൽ നിൽക്കാൻ കഴിയണം. ഇന്ത്യയിലെ മറ്റ് പലസംസ്ഥാനങ്ങളിലും പൊതുമേഖലാ സ്ഥാപനങ്ങൾ ഇല്ലാതായി. കേരളത്തിൽ 21 പൊതുമേഖലാ സ്ഥാപനങ്ങൾ ലാഭത്തിലും അഞ്ചെണ്ണം ചരിത്രത്തിൽ ഏറ്റവും വലിയ ലാഭത്തിലും പത്തെണ്ണം ഏറ്റവും വലിയ വിറ്റുവരവിലുമായാണ് മുന്നോട്ടുപോകുന്നത്. ഇത് 30 ആക്കാനാണ് ശ്രമിക്കുന്നത്. ഇതിനായി ചെയർമാൻമാർക്ക് പരിശീലനം നൽകും. ജൂലൈ മാസത്തോടെ ഈ മേഖലയിൽ വലിയ മാറ്റങ്ങൾ വരുത്തും. പ്രവർത്തനത്തിനായി എപ്പോഴും സർക്കാറിൽ നിന്ന്​ പണം കിട്ടുമെന്ന വിചാരം വേണ്ട. പൊതുമേഖലാസ്ഥാപനങ്ങളെ ലാഭത്തിലാക്കാനുള്ള മാസ്റ്റർ പ്ലാൻ തയാറാക്കിയിട്ടുണ്ട്. മികച്ച മാർക്കറ്റിങ്​ സംവിധാനം ഉണ്ടാക്കണം. മാർക്കറ്റിൽ ഏതു ക്വാളിറ്റിയാണോ ആവശ്യം അത് ഉണ്ടാക്കാൻ കഴിയണം. മാനേജർമാരുടെ ഓട്ടോമാറ്റിക് പ്രമോഷൻ അവസാനിപ്പിക്കണം. മാർക്കറ്റിങ്ങിന് ടാർഗറ്റ് നിശ്ചയിക്കണം. എല്ലാ ബോർഡുകളിലും പ്രഫഷനലുകൾ ഉണ്ടാകണം. വെറുതെ കിടക്കുന്ന ഭൂമി മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കും. ഇതിനായി ആദ്യം നൽകുന്നത് മീറ്റർ കമ്പനിയുടെ ഭൂമിയാണെന്നും അദ്ദേഹം പറഞ്ഞു. എം. നൗഷാദ് എം.എൽ.എ അധ്യക്ഷത വഹിച്ചു. യു.ഇ.ഐയുടെ എം.ഡി എസ്.ആർ. വിനയകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ചെയർമാൻ ബിനോയ് ജോസഫ്, എൻ.കെ. പ്രേമചന്ദ്രൻ എം.പി., മേയർ പ്രസന്ന ഏണസ്റ്റ്, ട്രേഡ് യൂനിയൻ നേതാക്കളായ പത്മലോചനൻ, എൻ. അനിരുദ്ധൻ, എം. നാസർ, മാനേജർ കെ.പി. സ്വയംപ്രഭ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.