ടർക്കി ഫാമിൽനിന്ന്​ മേന്മയുള്ള ടർക്കി ഇറച്ചി ലഭ്യമാക്കും

കൊല്ലം: കുരീപ്പുഴ ടർക്കി ഫാമിൽനിന്ന്​ ടർക്കി ഇറച്ചി വിപണിയിലെത്തിക്കുമെന്ന് മന്ത്രി ചിഞ്ചുറാണി . ഫാമിന്‍റെ വികസന സാധ്യതകൾ മനസ്സിലാക്കാൻ സന്ദർശനത്തിനെത്തിയതായിരുന്നു മന്ത്രി. കൊളസ്ട്രോൾ തീരെ കുറഞ്ഞ സ്വാദിഷ്ഠമായ ഇറച്ചിയാണിത്​. ക്രിസ്​മസ്, ഈസ്റ്റർ തുടങ്ങി വിശേഷാവസരങ്ങളിലാണ് ഇപ്പോൾ ടർക്കിയിറച്ചി പ്രിയതരമാകുന്നത്. ഗാർഹിക ഉപഭോക്താക്കൾക്കുകൂടി സ്വീകാര്യമായ രീതിയിൽ ചെറിയ പാക്കിങ്ങിൽ ടർക്കിയിറച്ചി വിപണിയിലെത്തിക്കാൻ ഫാമിനെ സജ്ജമാക്കുകയാണ് ലക്ഷ്യം. അമേരിക്കൻ സ്വദേശികളായ ബ്രോഡ് ബ്രസ്റ്റഡ് ലാർജ് വൈറ്റ്, ബോൺസ്, ബെൽ സ്വിൽ സ്മാൾ വൈറ്റ് എന്നിങ്ങനെ മൂന്നിനം ടർക്കികളുടെ 4600 ഓളം വരുന്ന വലിയ ശേഖരമാണ് ഫാമിലുള്ളത്. ആറുമാസം പ്രായത്തിൽ ആറുമുതൽ ഏഴ്​ കിലോവരെ ഭാരമെത്തുന്നവരാണ് ടർക്കികൾ. എന്നാൽ, ഇറച്ചി വിൽപന ഇല്ലാത്തതിനാൽ ചെറുകിട ഉപഭോക്താക്കൾക്ക്‌ ടർക്കി ഇറച്ചി വാങ്ങാൻ കഴിഞ്ഞിരുന്നില്ല. ഐസ് ലൈൻ റഫ്രിജറേറ്ററുകളും പ്രോസസിങ്​ യൂനിറ്റുകളും വരുന്നതോടെ അതിന് പരിഹാരമാകും. ജൈവ സുരക്ഷ സംവിധാനങ്ങൾ ഫാമിൽ നിലനിൽക്കുന്നതിനാൽ ഫാമിന്​ പുറത്തുള്ള സർക്കാർ കെട്ടിടം ഇറച്ചി പായ്ക്കിങ്​ യൂനിറ്റാക്കി മാറ്റും. ആഴ്ചയിൽ 500 ഓളം ടർക്കിക്കുഞ്ഞുങ്ങൾ ഫാമിൽ വിരിഞ്ഞിറങ്ങുന്നുണ്ട്. ഇത് കർഷകർക്കുകൂടി വളർത്താൻ നൽകുന്ന ഉപഗ്രഹ യൂനിറ്റുകൾ വരുന്നതോടെ വർഷം മുഴുവൻ ഇറച്ചി ലഭ്യമാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. ജില്ല മൃഗസംരക്ഷണ ഓഫിസർ ഡോ.ഡി. നിഷ, അസി.ഡയറക്ടർ ഡോ.ഡി. ഷൈൻകുമാർ, ഡോ.എസ്. രാജു എന്നിവർ മന്ത്രിയോടൊപ്പമുണ്ടായിരുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.