കരുനാഗപ്പള്ളിയിൽ ലഹരി വിൽപന സംഘം പിടിമുറുക്കുന്നു

കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയിൽ ലഹരിവസ്തു വിൽപന സംഘങ്ങൾ വ്യാപകം. കുലശേഖരപുരം തുറയിൽകടവ്, കാട്ടിൽകടവ്, വള്ളിക്കാവ്, തഴവ, പാവുമ്പ ചുരുളി, വട്ടക്കായൽ മേഖലയിലെ അക്കേഷ്യ വനം, തൊടിയൂർ ആര്യംപാടം ഇടം, മാലിമേൽപുഞ്ച, കരുനാഗപ്പള്ളി ആലുംകടവ്, ചന്തക്കടവ് തുടങ്ങി പല മേഖലകളും ലഹരി മാഫിയകളുടെ താവളമായി മാറി. പകൽപോലും പൊതു ശ്രദ്ധ പതിയാത്ത ഇവിടങ്ങളിൽ ലഹരി ഉപയോഗം മാത്രമല്ല കൈമാറ്റവും വിൽപനയും നടക്കുന്നതായി സമീപവാസികൾ പറയുന്നു. എം.ഡി.എം.എ, എൽ.എസ്.സി സ്റ്റാമ്പുകൾ, കഞ്ചാവ്, നൈട്രസ്ഫാം ഗുളികകൾ തുടങ്ങിയവയാണ്​ വ്യാപകമായിട്ടുള്ളത്​. അംഗീകൃത ഡോക്ടറുടെ ശിപാർശ കുറിപ്പില്ലാതെ നൈട്രസ്ഫാം ഗുളികകൾ വിൽക്കാൻ പാടില്ലെന്ന നിർദേശം ലംഘിച്ച് വൻ വില വാങ്ങി ചില മെഡിക്കൽ ഷോപ്പുകൾ ഗുളിക വിൽപന നടത്തുന്നതായും പരാതിയുണ്ട്​. മുൻകാലങ്ങളിൽ ആവശ്യക്കാർ ഇടനിലക്കാരെയും ഇടനിലക്കാർ കച്ചവടക്കാരെയും ബന്ധപ്പെട്ടിരുന്നത് മൊബൈൽ ഫോൺ ഉപയോഗിച്ചായിരുന്നുവെങ്കിൽ ഇപ്പോൾ ഇത് ഒഴിവാക്കിയതോടെ ലഹരി സംഘങ്ങളെ കണ്ടെത്താൻ പൊലീസ് - എക്സൈസ് ഉദ്യോഗസ്ഥർക്ക് ഏറെ പണിപ്പെടേണ്ടി വരുന്നു. പൊലീസിന്‍റെ അമിത ജോലിഭാരവും എക്സൈസിന് മതിയായ അംഗബലമില്ലാത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.