അറയ്ക്കൽ ഏലാ ചിറ നവീകരണം പാതിവഴിയിൽ ഉപേക്ഷിച്ച നിലയിൽ

അഞ്ചൽ: ജില്ല പഞ്ചായത്ത് ഫണ്ടുപയോഗിച്ച് ആരംഭിച്ച അറയ്ക്കൽ ഏലാ ചിറയുടെ നവീകരണം ഉപേക്ഷിച്ച നിലയിൽ. 2019-20 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി 12 ലക്ഷം രൂപയുടെ പദ്ധതിയാണ് തുടങ്ങിയത്. മൂന്ന് ഭാഗങ്ങളിൽ നിന്നും മഴവെള്ളവും മണ്ണും വീണടിഞ്ഞ് ചിറ നശിക്കുകയായിരുന്നു. ചിറയുടെ ഒരു വശം തടിക്കാട്-പൊലിക്കോട് റോഡാണ്. ഇവിടെ ഭിത്തി നിർമിച്ച് വീതി കൂട്ടുന്നതിനാണ് ലക്ഷ്യമിട്ടിരുന്നത്. ആദ്യഘട്ടമായി മൺവേല പൂർത്തിയാക്കി. തുടർന്ന് സംരക്ഷണഭിത്തികൾ കോൺക്രീറ്റ് ചെയ്യുന്ന പണികൾ തുടരവേ, കരാറുകാരനും ചുമതലയുള്ള എൻജിനീയറും തമ്മിൽ ചില കാര്യങ്ങളിൽ തർക്കമുണ്ടാകുകയും പ്രശ്നം പൊലീസ് കേസിലെത്തുകയും ചെയ്തതോടെ നിർമാണം നിലച്ചു. ഇതോടെ റോഡിലിറക്കിയിട്ടിരുന്ന മെറ്റിലും പാറപ്പൊടിയും മാസങ്ങളോളം ഗതാഗത തടസ്സമുണ്ടാക്കിയിരുന്നു. ഏകദേശം ഒരു വർഷത്തിന് ശേഷം നിർമാണം പുനരാരംഭിച്ചെങ്കിലും പിന്നീട് വീണ്ടും നിലച്ചു. ഇതിനിടെ പരിസരവാസികളായ വസ്തു ഉടമകളുമായും തർക്കങ്ങളുണ്ടായി. നിലവിൽ ചിറയുടെ രണ്ട് വശങ്ങളിൽ മാത്രമാണ് നിർമാണം നടന്നിട്ടുള്ളത്. രണ്ടരവർഷത്തോളമായി ഇവിടെ ഒരു നിർമാണവും നടന്നിട്ടില്ല. നിർമാണം പൂർത്തിയാക്കാതെ വ്യാജരേഖകൾ ചമച്ച് ഇടനിലക്കാരുടെ സഹായത്തോടെ ബാക്കി തുക ചെലവഴിച്ചിട്ടുണ്ടാകാമെന്നും അതിനാലാണ് പ്രവൃത്തി പൂർത്തിയാകാതെ കിടക്കുന്നതെന്നും നാട്ടുകാർ ആരോപിക്കുന്നു. ചിത്രം: നവീകരണം പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ അറയ്ക്കൽ ഏലാച്ചിറ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.