പത്ത് ചാക്ക് നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി

കൊല്ലം: വിൽപനക്കായി കൊല്ലം നഗരത്തിലെത്തിച്ച നിരോധിത പുകയില ഉൽപന്നത്തിന്‍റെ വൻ ശേഖരം പൊലീസ്​ പിടികൂടി. ആഡംബര ബസിൽ കൊല്ലത്ത് എത്തിച്ച് പിക് അപ് വാനിൽ കടത്തുന്നതിനിടിയിലാണ്​ പത്ത് ചാക്കുകളിലായി 30000 പാക്കറ്റ് നിരോധിത പുകയില ഉൽപന്നം​ പൊലീസ്​ പിടികൂടിയത്. പിക് അപ് വാനും ഉൽപന്നങ്ങൾ കടത്തിയ വടക്കേവിള പള്ളിമുക്ക് ഗോപാലശ്ശേരി ജി.വി നഗർ 203 വയലിൽ വീട്ടിൽ വിജീഷ് (30), തൃക്കോവിൽ വട്ടം കണ്ണനല്ലൂർ സെന്‍റ്​ മേരി പള്ളിക്ക് സമീപം അനുഗ്രഹ ഭവനിൽ സുരേഷ് (48) എന്നിവരെയും പിടികൂടി. ഇതരസംസ്ഥാനത്തുനിന്ന്​ ആഡംബര ബസിൽ വലിയ പെട്ടികളിൽ പാർസലാക്കി കുമാർ ജങ്​ഷനിൽ എത്തിക്കുകയായിരുന്നു. ഇവിടെനിന്ന്​ പിക് അപ് വാനിൽ കടത്താൻ ശ്രമിക്കവെയാണ്​ പൊലീസ്​ പിടികൂടിയത്. അന്വേഷിച്ചവരോട് ചെരിപ്പിന്‍റെ പാർസലാണെന്ന് ഇവർ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. പൊലീസ്​ നടത്തിയ വിശദ പരിശോധനയിലാണ് നിരോധിത പുകയില ഉൽപന്നങ്ങളാണെന്ന് കണ്ടെത്തിയത്​. കൊല്ലം ഈസ്റ്റ് ഇൻസ്​പെക്ടർ ആർ. രതീഷിന്‍റെ നേതൃത്വത്തിൽ എസ്.ഐമാരായ രതീഷ്കുമാർ, അഷറഫ്, ബാലചന്ദ്രൻ, ബാബു, എ.എസ്​.ഐ സോമരാജൻ, ഹരിലാൽ, എസ്​.സി.പി.ഒ മനു, സീനു ബിനു, സി.പി.ഒമാരായ ആൻഡ്രൂസ്​, അൻഷാദ് എന്നിവരുൾപ്പെട്ട സംഘമാണ്​ പുകയില കടത്തിയവരെ പിടികൂടിയത്. ഇവരെയും വാഹനവും കോടതിയിൽ ഹാജരാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.