ജി.എസ്.ടി ഉദ്യോഗസ്ഥന്‍റെ തിരോധാനം; അന്വേഷണം പ്രത്യേക സംഘത്തെ എല്‍പ്പിക്കണമെന്ന് കുടുംബം

കിളികൊല്ലൂര്‍: ജി.എസ്.ടി ഇന്‍റലിജന്‍സ് വിഭാഗം ഓഫിസറുടെ തിരോധാനത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന ആവശ്യവുമായി ഹൈകോടതിയെ സമീപിക്കുമെന്ന്​ കുടുംബം. കോടതിയുടെ വേനലവധികഴിഞ്ഞ് തുറക്കുന്ന ദിവസം തന്നെ പരാതി ഫയല്‍ ചെയ്യാനാണ്​ തീരുമാനം. കഴിഞ്ഞ 30നാണ്​ എറണാകുളം കളമശ്ശേരി സെയില്‍ ടാക്‌സ് ഇന്‍റലിജന്‍സ് ഉദ്യോഗസ്ഥർ കൊല്ലം കൊറ്റങ്കര പേരൂര്‍ സ്വദേശിയായ അജികുമാറിനെ(52) കാണാതായത്​. രണ്ടാഴ്ചയിലേറെയായിട്ടും അന്വേഷണത്തില്‍ പുരോഗതിയില്ലെന്നും കിളികൊല്ലൂര്‍ പൊലീസില്‍ നിന്ന് അന്വേഷണം കൊച്ചി ഇന്‍ഫോപാര്‍ക്ക് പൊലീസിന് കൈമാറുക മാത്രമാണ് ചെയ്തതെന്നും കുടുംബം ആരോപിക്കുന്നു. പൊലീസ് അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും പ്രത്യേക അന്വേഷണസംഘത്തിന്​ കൈമാറണമെന്നും ആവശ്യപ്പെട്ട്​ മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കിയിരുന്നു. നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് ഹൈകോടതിയെ സമീപിക്കുന്നതെന്നും അജികുമാറിന്‍റെ അമ്മാവന്‍ മോഹന്‍ പറഞ്ഞു. പട്ടികജാതി-പട്ടികഗോത്രവര്‍ഗ കമീഷനിൽ നൽകിയ പരാതിയിൽ കേസെടുക്കുകയും മൂന്ന് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ കൊച്ചി ജില്ല പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു. അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഉണ്ടാകാത്തതില്‍ ജി.എസ്.ടിയിലെ ഉന്നതോദ്യഗസ്ഥരുടെ ഇടപെടലുണ്ടോയെന്ന് സംശയിക്കുന്നതായും മോഹന്‍ പറഞ്ഞു. അജികുമാറിനെ മൂന്ന് മാസം മുമ്പാണ് പുനലൂരിൽ നിന്ന് കാക്കനാടുള്ള ജി.എസ്.ടി ഓഫിസിലേക്ക് മാറ്റിയത്. അവിടെ രണ്ടുമാസം ജോലി ചെയ്ത ശേഷം മകന്‍റെ അഡ്മിഷനുമായി ബന്ധപ്പെട്ട് ഒരുമാസത്തോളം ലീവിലായിരുന്നു. ലീവിന് ശേഷം 29ന് എറണാകുളത്തേക്ക് പോയി. 30ന് താന്‍ വീട്ടിലേക്ക് വരുകയാണെന്ന് മകനെ വിളിച്ചറിയിച്ചു. എന്നാല്‍ ഭാര്യ തിരികെ വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. അടുത്തദിവസം കിളികൊല്ലൂര്‍ പൊലീസില്‍ പരാതി നല്‍കി. താമസിച്ചിരുന്ന ലോഡ്ജില്‍ നിന്ന് ബാഗുകളുമായി ഫോണില്‍ സംസാരിച്ചുകൊണ്ട് ഇറങ്ങിപ്പോകുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. പുനലൂരില്‍ ജോലി നോക്കുന്ന സമയത്ത് ചില ഫയലുകള്‍ നഷ്ടപ്പെട്ടിരുന്നു. ഇതിനെത്തുടര്‍ന്ന് പകരമെത്തിയ ഉദ്യോഗസ്ഥന്‍ ജോലിയില്‍ പ്രവേശിക്കാതിരുന്നത് അജികുമാറിനെ സമ്മര്‍ദത്തിലാക്കിയിരുന്നതായി ബന്ധുക്കള്‍ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.