മലമേലിൽ ടോട്ടൽ സ്റ്റേഷൻ സർവേ ആരംഭിച്ചു

അഞ്ചൽ: അറയ്ക്കൽ വില്ലേജിലെ മലമേൽ ടൂറിസം പദ്ധതി പ്രദേശത്ത് ടോട്ടൽ സ്റ്റേഷൻ സർവേ നടപടികളാരംഭിച്ചു. കൈയേറ്റഭൂമി തിരിച്ചുപിടിക്കുന്നതിനും കൃത്യമായ അതിർത്തി നിശ്ചയിക്കുന്നതിനുമുള്ള ആധുനിക രീതിയിലുള്ള സർവേ നടപടികളാണ് നടന്നുവരുന്നത്. ഇവിടെ റവന്യൂ വകയും തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റേതുമായ ഏക്കറുകണക്കിനുള്ള ഭൂമിയുണ്ടെങ്കിലും വ്യക്തമായി വേർതിരിക്കപ്പെട്ടിരുന്നില്ല. റവന്യൂ ഭൂമി ടൂറിസം പദ്ധതിക്കായി കൈമാറിക്കിട്ടിയതിനെത്തുടർന്ന് ഡി.ടി.പി.സി നടത്തിയ വികസന പ്രവർത്തനങ്ങളുടെ ഭാഗമായുള്ള നിർമാണ പ്രവർത്തനങ്ങൾ ദേവസ്വം ബോർഡധികൃതർ ചില അവകാശവാദങ്ങളുന്നയിച്ച് തടസ്സപ്പെടുത്തിയിരുന്നു. ഇതേത്തുടർന്നാണ് ഡി.ടി.പി.സി മുൻകൈ എടുത്ത് സർവേ നടപടിയാരംഭിച്ചത്. നാട്ടുകാണിപ്പാറയുടെ സമീപത്താണ് സർവേ ആരംഭിച്ചത്. ഇവിടെ 20 സെന്‍റ് ഭൂമി കൈയേറിയതായി കണ്ടെത്തി. ഈ ഭാഗം അതിർത്തി നിശ്ചയിച്ച് കല്ല് സ്ഥാപിച്ച് തിരിച്ചെടുക്കുകയുണ്ടായി. ഡി.ടി.പി.സി സെക്രട്ടറി രമ്യ ആർ. കുമാറി‍ൻെറ നേതൃത്വത്തിൽ ഫസ്റ്റ് ഗ്രേഡ് സർവേയർ സതീഷ്​കുമാർ, സർവേയർമാരായ പ്രിയകുമാർ, അനീഷ്, നിസാം, ചെയിൻമാൻ പ്രസന്നൻ എന്നിവരാണ് നടപടികൾ നടത്തുന്നത്. ഒരാഴ്ചയോളം ഇവിടെ സർവേ ഉണ്ടാകുമെന്നും കൈയേറ്റങ്ങളെല്ലാം ഒഴിപ്പിച്ച് ടൂറിസം പദ്ധതി പ്രദേശത്തിന് കൃത്യമായ അതിരുകൾ ഉറപ്പാക്കുവാൻ കഴിയുമെന്നും അധികൃതർ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.