പറവൂരിൽ ഓടകളിൽനിന്നുള്ള മാലിന്യം റോഡിൽ കൂട്ടിയിട്ടിരിക്കുന്നു
പറവൂർ: തെരഞ്ഞെടുപ്പിനിടയിൽ പറവൂർ നഗരത്തിലെ കാനകളിൽ മാലിന്യങ്ങൾ നിറഞ്ഞു. നഗര ഹൃദയമായ നമ്പൂരിയച്ചൻ ആലിന് സമീപത്തെ കാനകളിലാണ് മാലിന്യം നിറഞ്ഞത്. ഹോട്ടൽ മാലിന്യം മുതൽ കക്കൂസ് മാലിന്യവും വരെ കാനയിൽ കെട്ടികിടക്കുകയാണ്.
ജനപ്രതിനിധികളും ഉദ്യോഗസ്ഥരുടെ തെരഞ്ഞെടുപ്പ് തിരക്കിലായ തക്കത്തിലാണ് കാനകളിൽ വ്യാപകമായി മാലിന്യം തള്ളിയത്. മാലിന്യങ്ങൾ അടിഞ്ഞുകൂടി ഒഴുക്ക് നിലച്ചതോടെ പ്രദേശത്താകെ ദുർഗന്ധം വമിക്കുകയാണ്. കാൽനടയാത്രക്കാർ മൂക്കുപ്പൊത്തിയാണ് ഇതിലൂടെ കടന്നുപോകുന്നത്.
സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലുള്ളവരാണ് ദുർഗന്ധം സഹിക്കാൻ വയ്യാതെ ദുരിതത്തിലായി. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് സാധ്യതയുള്ള ഈ വിഷയത്തിൽ നഗരസഭ ആരോഗ്യ വിഭാഗം നിസംഗ നിലപാടിലാണ്.
വൺ സ്റ്റാറും പ്ലസ് പദവിയും
മാലിന്യം സംസ്കരണം, ശുചിത്വം എന്നിവയിൽ പറവൂർ നഗരസഭക്ക് വൺ സ്റ്റാറും, പ്ലസ് പദവിയുമുണ്ട്. എന്നാൽ ഇതൊന്നും നഗരത്തിൽ ഒരിടത്തും കാണുന്നില്ല. ഒരുമാസം മുമ്പ് സ്വച്ഛ് ഭാരത് സർവേയിൽ റാങ്കിങ്ങിൽ മാലിന്യ രഹിത നഗരത്തിനുള്ള വൺ സ്റ്റാർ അംഗീകാരവും തുറന്ന സ്ഥലത്തെ മലമൂത്ര വിസർജ്ജന രഹിതത്തിന് പ്ലസ് പദവിയും ലഭിച്ചിരുന്നു. ഒരുമാസം പിന്നിട്ടപ്പോൾ കാനകളിലെ മാലിന്യം കൊണ്ട് റോഡിലൂടെ മൂക്കുപ്പൊത്താതെ നടക്കാൻ പറ്റാത്ത അവസ്ഥയായി.
പുതിയ ജനപ്രതിനിധികളിൽ പ്രതീക്ഷ
നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പുതിയ കൗൺസിലർമാരാണ് ഇനിയുള്ള പ്രതീക്ഷ. നഗരത്തിലെ രൂക്ഷമായ മാലിന്യ പ്രശ്നത്തിൽ പുതിയ കൗൺസിൽ ശക്തമായ നടപടി സ്വീകരിക്കണമെന്ന് നഗരവാസികളും വ്യാപാരികളും ആവശ്യപ്പെടുന്നു.
മാലിന്യം തള്ളുന്ന സ്ഥാപനങ്ങൾ കണ്ടെത്താൻ കാനകൾ തുറന്ന് പരിശോധിക്കണം. ഹോട്ടലുകൾ, സ്ഥാപനങ്ങൾ എന്നിവടങ്ങളിൽ നിന്ന് മാലിന്യ കുഴലുകൾ കാനയിലേക്ക് സ്ഥാപിച്ചിട്ടുണ്ട്. ഇല്ലെങ്കിൽ ഇത്രയധികം മാലിന്യം കാനയിൽ ഉണ്ടാവില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
ആരോഗ്യവിഭാഗം നടപടി തുടങ്ങി
പറവൂർ: പറവൂർ നഗരഹൃദയമായ നമ്പൂരിയച്ചൻ ആലിന് സമീപത്തുള്ള ഓടകളിൽ മാലിന്യം തള്ളിയ സ്ഥാപനങ്ങൾക്കെതിരെ പറവൂർ നഗരസഭ ആരോഗ്യ വിഭാഗം നടപടി തുടങ്ങി. ക്ലീൻ സിറ്റി മാനേജർ ബിജുവിന്റെ നേതൃത്വത്തിൽ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. കെ.ആർ. വിജയൻ മെമ്മോറിയൽ മുനിസിപ്പൽ ഷോപ്പിങ് കോംപ്ലക്സിലെ പാലസ് ഹോട്ടലിൽ നിന്ന് കാനയിലേക്ക് മാലിന്യം ഒഴുക്കുന്നതിന് പൈപ്പ് സ്ഥാപിച്ചിരുന്നു.
ഇത് കോൺക്രീറ്റ് ഉപയോഗിച്ച് അടച്ചു. ഹോട്ടലിന് 25,000 രൂപ പിഴയടക്കാൻ ആരോഗ്യ വിഭാഗം നോട്ടീസ് നൽകി. അടുത്ത ദിവസങ്ങളിൽ കൂടുതൽ പരിശോധനകൾ നടത്തും. മാലിന്യം മുഴുവൻ നീക്കം ചെയ്യുമെന്നും കാനയിലേക്ക് പൈപ്പ് സ്ഥാപിച്ചിട്ടുണ്ടെങ്കിൽ ഇതുകണ്ടെത്തി നടപടിയെടുക്കുമെന്നും ക്ലീൻസിറ്റി മാനേജർ ബിജു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.