ശതാബ്ദിയുടെ ഭാഗമായി തുരുത്ത് വിത്തുൽപാദന കേന്ദ്രത്തിൽ നിർമിച്ച
പുതിയ കവാടം
ആലുവ: 101ാം വയസ്സിൽ ഇരട്ട അംഗീകാരത്തിെൻറ തിളക്കത്തിൽ തുരുത്തിലെ സംസ്ഥാന വിത്തുൽപാദന കേന്ദ്രം. പെരിയാറിന് നടുവിൽ തലയെടുപ്പോടെ നിലകൊള്ളുന്ന ഫാമിന് രണ്ട് സംസ്ഥാന കർഷക അവാർഡുകളാണ് ലഭിച്ചിരിക്കുന്നത്. കൃഷി വകുപ്പിെൻറ മികച്ച ഫാമിനും മികച്ച ഫാം ഓഫിസർക്കുമുള്ള ഹരിതകീർത്തി അവാർഡുകൾ.
ജില്ല പഞ്ചായത്തിന് കീഴിലുള്ള സ്ഥാപനം രാജ്യത്തെ ഏക ജൈവ വിത്തുൽപാദന കേന്ദ്രമാണ്. 2012ലാണ് ഈ അംഗീകാരം ലഭിച്ചത്.തിരുവിതാംകൂര്‍ രാജാവിെൻറ കാലത്താണ് തുരുത്തിൽ കൃഷിപാഠശാല നിർമിച്ചത്. രാജ്യം സ്വാതന്ത്ര്യം നേടിയതിനുശേഷം സംസ്ഥാന സര്‍ക്കാറിെൻറ വിത്തുല്പാദന കേന്ദ്രമാക്കി മാറ്റുകയായിരുന്നു. പിന്നീട് ജില്ല പഞ്ചായത്തിെൻറ കീഴിലായി.
സംയോജിത കൃഷിരീതിയാണ് കേന്ദ്രത്തിെൻറ പ്രത്യേകത. പ്രധാന കൃഷി നെല്ലാണെങ്കിലും മറ്റ് കാർഷിക വിളകളും ഇവിടെയുണ്ട്. പക്ഷികൾ, മൃഗങ്ങൾ തുടങ്ങിയവയുമുണ്ട്. 13 ഏക്കര്‍ സ്ഥലത്താണ് കൃഷിപ്പാടം. നാല് ബ്ലോക്കുകളായി തിരിച്ചാണ് നെല്‍കൃഷി. 3.21 ഏക്കറിൽ പച്ചക്കറി, വാഴ കൃഷി. തേനീച്ച മുതല്‍ കാസര്‍കോട് കുള്ളന്‍ എന്ന നാടന്‍ പശുവിനത്തെ വരെ ഇവിടെ വളര്‍ത്തുന്നുണ്ട്.
നാടന്‍ പശുക്കളുടെ ചാണകം, മൂത്രം എന്നിവ ഉപയോഗിച്ച് നിർമിക്കുന്ന ജൈവ കീടനാശിനികളാണ് കൃഷിക്ക് ഉപയോഗിക്കുന്നത്. കളനശീകരണം, കീട നിയന്ത്രണം തുടങ്ങിയവ ചെയ്യുന്നത് താറാവുകളാണ്. നൂറോളം താറാവുകളാണ് ഇവിടെയുള്ളത്. ഇതിെൻറ മുട്ടക്കായി നിരവധിയാളുകളാണ് നിത്യേന ഇവിടെ എത്തുന്നത്. രക്തശാലി, ഞവര, ജപ്പാൻ വയലറ്റ്, വെള്ളത്തൊണ്ടി, കയമ തുടങ്ങിയവയാണ് ഇവിടത്തെ പ്രധാന നെല്ലിനങ്ങൾ.
പ്രളയത്തെ അതിജീവിച്ച വിത്തുല്പാദനകേന്ദ്രം പുത്തന്‍ പദ്ധതികളുമായാണ് ഉയർത്തെഴുന്നേറ്റത്. ശതാബ്ദി ആഘോഷത്തിെൻറ ഭാഗമായി പുതിയ കവാടം സ്ഥാപിച്ചിട്ടുണ്ട്. കവാടത്തില്‍നിന്ന് വള്ളിപ്പന്തലിന് താഴെ കയര്‍ ഭൂവസ്ത്രം വിരിച്ച നടവരമ്പിലൂടെ നടന്ന് വിത്തുല്പാദന കേന്ദ്രത്തിലെത്താം.
പെരിയാറിെൻറ തീരത്ത് വിശ്രമിക്കാൻ ചെറുകൂടാരങ്ങള്‍, ഏറുമാടം എന്നിവ സമീപകാലത്ത് നിർമിച്ചിട്ടുണ്ട്. ഫാമിലേക്ക് പുതിയ യാത്രബോട്ട്, പെരിയാറിനും തൂമ്പാത്തോടിനും ഇടയില്‍ േഫ്ലാട്ടിങ് ജെട്ടികള്‍, പുഴയോട് ചേര്‍ന്ന് സംരക്ഷണ ഭിത്തി, ദേശം ഭാഗത്തുനിന്ന് പുതിയ പാലം എന്നിവ ഒരുക്കാനുള്ള തയാറെടുപ്പിനിടയിലാണ് അംഗീകാരമെത്തിയത്.
സ്ഥാനക്കയറ്റത്തിന് തൊട്ടുപിന്നാലെ അവാർഡ് തിളക്കം
ആലുവ: സ്ഥാനക്കയറ്റത്തിന് തൊട്ടുപിന്നാലെ അവാർഡ് തിളക്കത്തിലാണ് ലിസിമോൾ ജെ. വടക്കൂട്ട്. ആലുവ തുരുത്തിലെ സംസ്ഥാന വിത്തുൽപാദന കേന്ദ്രത്തിലെ ഫാം ഓഫിസർ ലിസിമോൾ ജെ. വടക്കൂട്ടിനാണ് ഫാം ഓഫിസർക്കുള്ള സംസ്ഥാന അവാർഡ്.
കൃഷിയെ ജീവനുതുല്യം സ്നേഹിക്കുന്ന ഓഫിസർക്ക് അർഹിക്കുന്ന അംഗീകാരമാണ് അടുത്തടുത്ത് ലഭിച്ച സ്ഥാനക്കയറ്റവും അവാർഡും. കൃഷി ഓഫിസർ റാങ്കിൽ സേവനം അനുഷ്ഠിച്ചിരുന്ന ലിസിക്ക് കഴിഞ്ഞയാഴ്ചയാണ് കൃഷി അസി. ഡയറക്ടറായി സ്ഥാനക്കയറ്റം ലഭിച്ചത്. ആലുവ വിത്തുൽപാദന കേന്ദ്രത്തിലെയടക്കം പ്രവർത്തന മികവിനുള്ള അംഗീകാരം കൂടിയായിരുന്നു ഈ നേട്ടം.
മൂന്നുവർഷമായി ഫാമിെൻറ ചുമതലക്കാരിയെന്ന നിലയിൽ മികച്ച പ്രവർത്തനമാണ് നടത്തിയിരുന്നത്. അതിനാൽ സ്ഥാനക്കയറ്റ സൂചനയുണ്ടായപ്പോൾതന്നെ ജില്ല കൃഷി ഓഫിസർ ലിസിയെ ഇവിടെത്തന്നെ നിലനിർത്തണമെന്നാവശ്യപ്പെട്ട് ഉന്നത ഉദ്യോഗസ്ഥർക്ക് കത്ത് നൽകിയിരുന്നു. ഇതേതുടർന്ന് വിത്തുൽപാദന കേന്ദ്രത്തിെൻറ ഉയർന്ന തസ്തിക കൃഷി ഓഫിസറുടേതായിരുന്നിട്ടും ലിസിക്കുവേണ്ടി അത് ഉയർത്തി കൃഷി അസി.ഡയറക്ടർക്ക് നൽകി. തൃശൂർ പാവറട്ടി സ്വദേശിനിയായ ലിസി സർവിസിൽ കയറിയിട്ട് 21 വർഷമായി.
മണ്ണ് പൊന്നാക്കിയ ഐസക്കിനെത്തേടി പുരസ്കാരം
കോലഞ്ചേരി: സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ പച്ചക്കറി കർഷകനായി തിരുവാണിയൂർ ചെമ്മനാട് കരിപ്പാലിൽ കെ.ഐ. ഐസക്.25 വർഷത്തിലേറെയായി മണ്ണിൽ നൂറുമേനി പൊന്ന് വിളയിക്കുകയാണിദ്ദേഹം. മാസങ്ങൾക്കുമുമ്പ് മികച്ച പച്ചക്കറി കർഷകനുള്ള ജില്ല അവാർഡും ലഭിച്ചിരുന്നു.
വാഴ, കുക്കുംബർ, പടവലം, ചുരക്ക, പീച്ചിൽ, കുമ്പളം, വെള്ളരി, മത്തൻ, വെണ്ട തുടങ്ങിയ പച്ചക്കറികളും രണ്ട് ഏക്കറോളം സ്ഥലത്ത് നെല്ലുമാണ് കൃഷി ചെയ്തു വരുന്നത്. പശു, ആട്, പോത്ത്, കാള, കോഴി തുടങ്ങിയവയെയും വളർത്തുന്നു.പിതാവ് ഇട്ടനും ഭാര്യ അന്നയും ഏക മകൾ ഡെലീഷ്യയും തനിക്ക് കൃഷിയിൽ മികച്ച പ്രചോദനമാണ് നൽകുന്നതെന്ന് ഐസക് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.