നാട്ടിലേക്കുള്ള മടക്കവും കാത്ത് കാസർകോട്​ സ്വദേശിനിയായ കന്യാസ്ത്രീ കാബൂളിൽ

കുമ്പള: കാസർകോട്​ സ്വദേശിനിയായ കന്യാസ്ത്രീ നാട്ടിലേക്കുള്ള മടക്കവും കാത്ത് കാബൂളിൽ. സീതാംഗോളി ബേളയിലെ സിസ്റ്റർ തെരേസ ക്രാസ്ത(48)യാണ് കാബൂളിൽ വിമാനത്താവളത്തിൽ നിന്ന് 15 മിനിറ്റ് യാത്രാ ദൂരത്തുള്ള സ്കൂളിൽ കഴിയുന്നത്. ആഗസ്റ്റ്​ 17ന് സ്കൂളടച്ച് ഇറ്റലി വഴി നാട്ടിലേക്ക് മടങ്ങാനായിരുന്നു ഇവരുടെ പദ്ധതി. എന്നാൽ വിമാനത്താവളം അടച്ചതോടെ സിസ്റ്റർ തെരേസയും പാക്കിസ്ഥാനിൽ നിന്നുള്ള സിസ്റ്ററും മടങ്ങാനാവാതെ കാബൂളിൽ കുടുങ്ങി. കൂടെയുണ്ടായിരുന്ന ഇറ്റലിക്കാരിയായ മറ്റൊരു സിസ്റ്റർ നേരത്തെ മടങ്ങിയിരുന്നു.

ഫ്രാൻസിസ്​ മാർപാപ്പയുടെ ക്ഷണം സ്വീകരിച്ചാണ് യുദ്ധഭൂമിയിലും മറ്റും ദുരിതമനുഭവിക്കുന്നവർക്കു വേണ്ടി സന്നദ്ധ പ്രവർത്തനം നടത്താൻ 2017ൽ സിസ്റ്റൽ തെരേസ ഇറ്റലിയിലേക്ക് പറന്നത്. അതു വരെ മംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി എന്ന സംഘടനയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു വരികയായിരുന്നു.

ഇറ്റലിയിൽ നിന്നാണ് കാബൂളിലെ ശാരീരിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ പരിശീലകയായി നിയോഗിക്കപ്പെട്ടത്. ഇവിടെ 30 പ്രാദേശിക വിദ്യാർത്ഥികളെ പരിശീലിപ്പിച്ചു വരുന്നതിനിടെയാണ് താലിബാൻ അഫ്ഗാൻ ഭരണം പിടിച്ചെടുത്തത്.

പി.ബി.കെ ഇറ്റാലിയാനാ എന്ന കമ്പനിക്കു കീഴിലാണ് ഇവർ അഫ്ഗാനിലെത്തിയത്. കമ്പനി അധികൃതർ ഇവരോട് തൽക്കാലം കാബൂളിൽ തന്നെ തങ്ങാനാണ് നിർദ്ദേശിച്ചിട്ടുള്ളതെന്നാണ് വിവരം. ഇറ്റലി എംബസിയും ഇന്ത്യൻ എംബസിയും ഇവരുമായി ബന്ധപ്പെട്ട് കാര്യങ്ങൾ അന്വേഷിക്കുകയും ആവശ്യമായ സംരക്ഷണം ഏർപ്പെടുത്തുകയും ചെയ്തതായി ബന്ധുക്കൾ 'മാധ്യമ'ത്തോട് പറഞ്ഞു. കാബൂൾ വിമാനത്താവളം തുറന്നാലുടൻ ഇരുവരെയും ഇറ്റലിയിലെത്തിച്ച് നാട്ടിലേക്കയക്കുമെന്നാണ് ഇറ്റലിയിലെ കമ്പനി അധികൃതർ ഇവർക്ക് ഉറപ്പു നൽകിയിട്ടുള്ളത്.

Tags:    
News Summary - Kasargod native nun stuck in Kabul awaiting return home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.