നഗരസഭ മത്സ്യ മാർക്കറ്റിൽ നിർമിച്ച വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ്
കാഞ്ഞങ്ങാട്: നഗരസഭ മത്സ്യമാർക്കറ്റിൽ ലക്ഷങ്ങൾ മുടക്കി നിർമിച്ച വാട്ടർ ട്രീറ്റ്മെൻറ് പ്ലാന്റ് നോക്കുകുത്തിയായി. വൻ തുക മുടക്കി നിർമിച്ച പ്ലാന്റ് പ്രവർത്തിക്കാതായിട്ട് അഞ്ചുവർഷമായി. മാർക്കറ്റിലെ മാലിന്യക്കുഴി പൊട്ടി ഒലിച്ചുതുടങ്ങിയതോടെയാണ് നഗരസഭ ആധുനിക പ്ലാന്റ് മാർക്കറ്റിൽ സ്ഥാപിച്ചത്.
മത്സ്യമാർക്കറ്റിലെ മലിനജലം ഇവിടെ തന്നെ ശുദ്ധീകരിച്ച് മാർക്കറ്റിന്റെ ആവശ്യത്തിന് ഉപയോഗിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു പ്ലാന്റ് സ്ഥാപിച്ചത്. പ്ലാന്റ് നിർമാണം പൂർത്തയാക്കിയിട്ടും ഇത് പ്രയോജനപ്പെടുത്താൻ നഗരസഭക്കായില്ല.
തമിഴ്നാട്ടിൽനിന്നായിരുന്നു പ്ലാന്റ് കൊണ്ടുവന്ന് സ്ഥാപിച്ചത്. മാർക്കറ്റ് കെട്ടിടത്തിൽ പ്രവർത്തിക്കാത്ത പ്ലാന്റ് കാരണം 1000 സ്ക്വയർ ഫീറ്റ് സ്ഥലവും പാഴായിക്കിടക്കുകയാണ്. ഇവിടെ എലികളും മറ്റ് ജീവികളും താവളമാക്കി.
മാലിന്യസംസ്കരണ പ്ലാന്റിനെ നോക്കുകുത്തിയാക്കി മാർക്കറ്റിലെ മാലിന്യം ടാങ്കറിൽ കൊണ്ടുപോവുകയാണ് ചെയ്യുന്നത്. ഇതിനും നിത്യവും വലിയ തുക നഗരസഭയിൽനിന്ന് പാഴാകുന്നു. ഇക്കാര്യത്തിൽ ഭരണപക്ഷത്തിനെന്നപോലെ പ്രതിപക്ഷത്തിനും മിണ്ടാട്ടമില്ല. പ്ലാന്റ് യാഥാർഥ്യമായാൽ നഗരസഭക്ക് വലിയ സാമ്പത്തികലാഭമുണ്ടാകും.
നഗരസഭ പരിസരത്ത് മലിനജലം ഒഴുകുന്നതിലും ആശ്വാസമാകും. നഗരസഭ കൊട്ടിഘോഷിച്ച് സ്ഥാപിച്ച മാലിന്യ പ്ലാന്റിനാണ് ഈ ദുർഗതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.