ഉനൈസ്, മനാസ്, നിർമാണത്തിലിരിക്കുന്ന വീടിന് മുന്നിലെ മലിനജല ടാങ്ക്

കാലുകൾ കൂട്ടിച്ചേർത്തുപിടിച്ച് ഉനൈസ്, ടാങ്കിലിറങ്ങി മനാസ്; മറിയമിന് ഇത് പുതുജീവൻ

കാഞ്ഞങ്ങാട്: നിർമാണത്തിലിരിക്കുന്ന വീട് കാണാൻ വൈകീട്ട്​ പോയതായിരുന്നു മീനാപ്പീസിലെ ശബാനയും മൂന്ന് മക്കളും. വീടിന് ചുറ്റും നടന്നതിന് ശേഷം തറവാട് വീട്ടിലേക്ക് മടങ്ങാനിരിക്കുമ്പോഴായിരുന്നു ഇളയ മകൾ മറിയം നദ നിർമാണത്തിലിരിക്കുന്ന വീടിന് മുന്നിലെ മലിനജല ടാങ്കിലേക്ക് വീണത്. എന്ത് ചെയ്യണമെന്നറിയാതെ ഒരുനിമിഷം പകച്ചുനിന്ന ശബാന പിന്നീട് പൊന്നുമോളെ രക്ഷപ്പെടുത്താനുള്ള വെപ്രാളത്തിലായിരുന്നു.

ടാങ്കിലേക്ക് കൈയിട്ട് പിടിച്ചുയർത്താൻ ശ്രമം നടത്തിയെങ്കിലും പരാജയപ്പട്ടു. മുളവടിയിറക്കി കുഞ്ഞിനെ രക്ഷപ്പെടുത്താനുള്ള ശ്രമവും ഫലംകണ്ടില്ല. ശബാനയുടെ ഭർത്താവി​െൻറ സഹോദരിയുടെ മകൾ ജംഷീറ കുഴിയിലേക്കിറങ്ങിയെങ്കിലും ഏഴുമാസം ഗർഭിണിയായതിനാൽ കുഞ്ഞിനെ കൈപിടിച്ച് ഉയർത്താൻ പറ്റാതെ ടാങ്കിൽ കുടുങ്ങി. കുഞ്ഞിനെ രക്ഷപ്പെടുത്താനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതോടെ കൂട്ടനിലവിളിയായി പിന്നീട്.

സഹോദരിമാരായ ഫാത്തിമത്ത് നിഹ്മയും നൂറയും പൊന്നനിയത്തിയെ ഓർത്ത് നിലവിളിക്കാൻ തുടങ്ങി. ഇതിനിടയിൽ ടാങ്കിൽ വീണ മറിയം കൈകൾ മേൽപോട്ടുയർത്തി കരയുന്നുണ്ടായിരുന്നു. നാട്ടുകാരുടേയും അയൽവാസികളുടേയും പൊന്നുമോളുടെ ജീവനായുള്ള കൂട്ടനിലവിളി കേട്ടാണ് രക്ഷകരായി മനാസും ഉനൈസും വീട്ടിലേക്കെത്തുന്നത്. വീടിനടുത്തുള്ള ഗ്രൗണ്ടിൽ ക്രിക്കറ്റ് കളിക്കാനെത്തിയതായിരുന്നു ഇരുവരും. വീടിന് ചുറ്റും കൂടിയ ആൾക്കൂട്ടത്തെ കണ്ട് പകച്ചുനിൽക്കാതെ സാഹസികമായി കുഞ്ഞിനെ രക്ഷപ്പെടുത്തുകയായിരുന്നു.

ടാങ്കിൽനിന്ന് രക്ഷപ്പെടുത്തിയ കുഞ്ഞിനെ ഉടനെ തന്നെ സ്വകാര്യ ആശുപത്രിയിലേക്കെത്തിച്ചു. കുഞ്ഞിനെ ടാങ്കിൽനിന്ന് മനാസ് ഉയർത്തി പൊക്കിയതോടെ ഉമ്മ ശബാനക്കും സഹോദരിമാരും ചേർന്ന് കുഞ്ഞിനെ മാറോട് ചേർത്തുപിടിച്ച് കവിളിലൊരുമ്മ നൽകി. മീനാപ്പീസിലെ കെ.കെ. മൊയ്തീ​‍െൻറ മകനാണ് മനാസ്. ഹംസയുടെ മകനാണ് ഉനൈസ്. ഇരുവരും നാട്ടിലെ കോവിഡ് വളൻറിയർമാരാണ്. വലിയൊരു അപകടത്തിൽനിന്ന്​ കുഞ്ഞിനെ രക്ഷപ്പെടുത്തിയ യുവാക്കളെ ബലിപെരുന്നാൾ ദിനത്തിൽ ആദരിക്കാനൊരുങ്ങുകയാണ് ശബാനയുടെ കുടുംബം. 

Tags:    
News Summary - Unais holded legs, Manas in to tank; This is new life for Maryam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.