നിധിൻരാജ്, വിഷ്ണുപ്രദീപ്

ഒരേ സ്കൂളിൽ പഠിച്ച രണ്ട് യുവ ഐ.പി.എസ് ഓഫിസർമാർ എ.എസ്.പിമാരായി ചുമതലയേറ്റു; കാഞ്ഞങ്ങാടിന് അഭിമാനം

കാഞ്ഞങ്ങാട്: ഒരേ സ്കൂളിൽ പഠിച്ച രണ്ട് യുവ ഐ.പി.എസ് ഓഫിസർമാർ എ.എസ്.പിമാരായി ബുധനാഴ്ച ചുമതലയേറ്റപ്പോൾ അത് കാഞ്ഞങ്ങാടിന് അഭിമാന മുഹൂർത്തമായി. ഒപ്പം രണ്ട് പൂർവ വിദ്യാർഥികൾ ഈ സ്ഥാനത്തെത്തുമ്പോൾ അത് കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻഡറി സ്കൂളിനും അഭിമാനമായി.തലശ്ശേരി എ.എസ്.പിയായി ചുമതലയേറ്റ ടി.കെ. വിഷ്ണുപ്രദീപ്, നാദാപുരം എ.എസ്.പിയായി ചുമതലയേറ്റ നിധിൻരാജ് എന്നിവരാണ് കാഞ്ഞങ്ങാടിനും ദുർഗ ഹയർ സെക്കൻഡറി സ്കൂളിനും സ്വകാര്യ അഹങ്കാരമായത്.

കോൺഗ്രസ് നേതാവും ഡി.സി.സി മുൻ ജനറൽ സെക്രട്ടറിയുമായ മാവുങ്കാലിലെ അഡ്വ. ടി.കെ. സുധാകരന്‍റെയും എലിസബത്ത് സുധാകരന്‍റെയും മകനാണ് വിഷ്ണുപ്രദീപ്. രാവണേശ്വരം എക്കൽ ഹൗസിൽ രാജേന്ദ്രൻ നമ്പ്യാരുടെയും പി. ലതയുടെയും മകനാണ് നിധിൻരാജ്. വിഷ്ണുപ്രദീപ് പ്ലസ് ടു വരെ ദുർഗ ഹയർ സെക്കൻഡറി സ്കൂളിലാണ് പഠിച്ചത്. നിധിൻരാജ് പ്ലസ് ടുവിന് ദുർഗയിലാണ് പഠിച്ചത്. എസ്.എസ്.എൽ.സി വരെ രാവണേശ്വരം ഹയർ സെക്കൻഡറി സ്കൂളിലും. വിഷ്ണുപ്രദീപ് 2017ലാണ് സിവിൽ സർവിസ് പരീക്ഷ പാസായത്. 607ാം റാങ്ക് നേടിയാണ് വിജയിച്ചത്. നിധിൻ രാജ് 2018ൽ 210ാം റാങ്കോടെയാണ് സിവിൽ സർവിസ് പരീക്ഷ വിജയിച്ചത്. വിഷ്ണു ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിൽ സോഫ്റ്റ്‌വെയർ എൻജിനീയറായിരുന്നു. ഇൻഫർമേഷൻ ടെക്നോളജിയിലാണ് ബി.ടെക് നേടിയത്. മെക്കാനിക്കൽ എൻജിനീയറായ നിധിൻ മികച്ച പ്രാസംഗികൻ കൂടിയാണ്.

വിഷ്ണുപ്രദീപ് ഒറ്റപ്പാലത്ത് എ.എസ്.പി ട്രെയിനിയായാണ്​ ജോലിയിൽ പ്രവേശിച്ചത്​. നിധിൻരാജ്​​ വയനാട്ടിലായിരുന്നു ട്രെയിനി. ഹൈദരാബാദിലെ സർദാർ വല്ലഭ്​ഭായി പട്ടേൽ നാഷനൽ പൊലീസ് അക്കാദമിയിലെ പരിശീലനം കഴിഞ്ഞാണ് നിധിൻരാജ് ചുമതലയേറ്റത്. വിഷ്ണുപ്രദീപ് ഝാർഖണ്ഡ് സി.ആർ.പി.എഫ്, ഗുജറാത്ത് നാഷനൽ ഫോറൻസിക് സയൻസ് സർവകലാശാല എന്നിവിടങ്ങളിലെയും പരിശീലനം പൂർത്തിയാക്കിയാണെത്തിയത്.



Tags:    
News Summary - Two young IPS officers from the same school were promoted to ASP; Proud of Kanhangad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.