കാഞ്ഞങ്ങാട്: ജില്ല ആശുപത്രിയിൽ നിർമിച്ച അഞ്ചുനില കെട്ടിടത്തിന്റെ ലിഫ്റ്റ് ചാനൽ നിർമാണം മാസങ്ങളായി എങ്ങുമെത്താതെ നീളുന്നു. എൻജിനീയർമാരും കരാറുകാരും തമ്മിലുള്ള അഭിപ്രായഭിന്നത കാരണം ലിഫ്റ്റ് ചാനൽ പലതവണ പൊളിച്ച് പണി തുടർന്നുകൊണ്ടേയിരിക്കുകയാണെന്നാണ് ആരോപണം. ഇതുമൂലം ദുരിതത്തിലാകുന്നതാവട്ടെ നൂറുകണക്കിന് രോഗികളും.
ലിഫ്റ്റ് ചാനൽ നിർമാണത്തിന്റെ മേൽനോട്ടം വഹിക്കുന്ന ജില്ല പഞ്ചായത്തിലെ എൻജിനീയർമാരും കരാറുകാരും തമ്മിൽ പലകാരണങ്ങൾ ചൂണ്ടിക്കാട്ടി അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകുന്നതായാണ് വിവരം. ഇതിനാൽ ലിഫ്റ്റ് ചാനൽ യാഥാർഥ്യമാക്കാതെ പൊളിച്ചു നിർമിക്കുന്നതുമൂലം നിർമാണപ്രവൃത്തികൾ നീളുകയാണ്. 20 ലക്ഷത്തിലേറെ ചെലവഴിച്ചുള്ള ലിഫ്റ്റ് നിർമാണമാണ് നടക്കുന്നത്. നിർമാണത്തിനിടയിൽ നാലുതവണയാണ് മാറ്റം വരുത്തിയിട്ടുണ്ട്. ലിഫ്റ്റിനായുള്ള കുഴിയുടെ വീതിയിലെ പോരായ്മ, ഉപയോഗിക്കുന്ന കമ്പിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ തുടങ്ങിയവ കാരണങ്ങളാണ്.
മാസങ്ങളായി നിർമാണം തുടരുമ്പോൾ ജനറൽ ഒ.പിയിലേക്ക് ഉൾപ്പെടെ പോകേണ്ട രോഗികൾ അഞ്ചുനില കെട്ടിടത്തിന്റെ പടികയറിയാണ് പോകുന്നത്. നിർമാണവും പൊളിക്കലും മുറപോലെ തുടരുമ്പോൾ ജില്ല ആശുപത്രിയിലെ ലിഫ്റ്റ് ചാനൽ യാഥാർഥ്യമാക്കാൻ ഇനിയും തുക വേണ്ടിവരുമെന്നാണ് കണക്കുകൂട്ടലുകൾ.
നികുതിപ്പണം പാഴാക്കുന്ന നിർമാണത്തിനെതിരെ പ്രതിഷേധമുയർന്നിട്ടുണ്ട്. പ്രായമായവർ ഉൾപ്പെടെ പടികയറി തളരുന്നത് കണ്ടില്ലെന്ന് നടിക്കുകയാണ് അധികൃതർ. രോഗികൾ നടന്നുപോകാൻ ഏറെ പ്രയാസപ്പെടുന്നുണ്ട്. സ്ട്രെക്ചറിൽ രോഗികളെ മുകൾ വാർഡിലെത്തിക്കാൻ ജീവനക്കാരും പ്രയാസത്തിലാണ്. ഐ.സി.യു ഉൾപ്പെടെ ആശുപത്രിയിലെ രണ്ടാംനില വാർഡിലാണുള്ളത്. ജില്ല പഞ്ചായത്ത് ഇടപെട്ട് ലിഫ്റ്റ് നിർമാണം വേഗത്തിൽ പൂർത്തിയാക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.