കാഞ്ഞങ്ങാട്: ലഹരിമരുന്ന് കേസുകളിലടക്കം ജില്ലയിൽ റിമാൻഡ് പ്രതികൾ വർധിച്ചിരിക്കെ പ്രതികളെ പാർപ്പിക്കുന്നതിനുൾപ്പെടെ സൗകര്യമില്ലാതെ കാഞ്ഞങ്ങാട് ജില്ല ജയിലിൽ വീർപ്പ് മുട്ടൽ. 50 പുരുഷതടവുകാരെയും 13 സ്ത്രീ തടവുകാരെ പാർപ്പിക്കാനാണ് നിലവിൽ തോയമ്മലിലെ ജില്ല ജയിലിൽ സൗകര്യമുള്ളത്. ഒരേ സമയം 120 റിമാൻഡ് തടവുകാർ വരെ ജയിലിൽ താമസിപ്പിക്കേണ്ടിവരുന്നു.
മയക്കുമരുന്ന് കേസുകൾ മറ്റ് ജില്ലകളെ അപേക്ഷിച്ച് വർധിച്ചതാണ് റിമാൻഡ് തടവുകാരുടെ എണ്ണം വർധിക്കാൻ കാരണം. ഇത്തരം കേസുകളിലെ പ്രതികൾക്ക് കോടതി എളുപ്പം ജാമ്യം നൽകാറില്ലാത്തതിനാൽ പലരേയും മൂന്നു മാസം മുതൽ വർഷം വരെ പാർപ്പിക്കേണ്ടതുണ്ട്. മൂന്ന് വലിയ സെല്ലുകളും നാല് ചെറിയ സെല്ലുകളും മാത്രമേ ജയിലിലുള്ളു.
വലിയ സെല്ലിൽ 15 ഉം ചെറിയ സെല്ലിൽ നാലും അഞ്ചും പേരെ നിലവിൽ പാർപ്പിക്കുന്നു. നിലവിൽ ജയിലിൽ പ്രതികളെ താമസിപ്പിക്കാൻ ബുദ്ധിമുട്ടില്ലെങ്കിലും പ്രതികൾ കൂട്ടത്തോടെയെത്തിയാൽ പ്രതിസന്ധിയാവും. ജയിലിൽ ആശുപത്രി സൗകര്യമില്ലാത്തതാണ് പ്രധാന പ്രശ്നം. മെഡിക്കൽ ഓഫിസർ, നഴ്സിങ് അസിസ്റ്റൻറും സ്ഥിരമായി വേണമെന്നിരിക്കെ മറ്റ് ജില്ലകളെ അപേക്ഷിച്ച് ജില്ല ജയിലിൽ അതില്ല. ഒരേക്കർ സ്ഥലത്താണ് ജയിൽ ഉള്ളത്. അതിൽ 60 സെന്റ് സ്ഥലത്ത് കെട്ടിടങ്ങളും അടിസ്ഥാന സൗകര്യവുമാണ്. ശേഷിച്ച 40 സെന്റിൽ കൃഷിയുൾപ്പെടെ നടക്കുന്നു.
2007ൽ സബ് ജയിലായി ആരംഭിച്ച് 2013ൽ ജില്ല ജയിലായി ഉയർത്തിയപ്പോൾ അടിസ്ഥാന സൗകര്യങ്ങൾ വിപുലപ്പെടുത്തിയില്ല. വട്ടത്തൂരിലെ അഞ്ചര ഏക്കർ റവന്യൂ സ്ഥലത്ത് പുതിയ ജില്ല ജയിൽ സ്ഥാപിക്കുന്നത് സംബന്ധിച്ച് ജയിൽ വകുപ്പ് നൽകിയ നിർദേശം സർക്കാറിന്റെ പരിഗണനയിലാണ്.
ഇത് വേഗത്തിലാക്കിയാൽ നിലവിലെ പ്രശ്നങ്ങൾക്ക് പരിഹാരമാകും. സ്ഥലം ഏറെയുള്ളതിനാൽ ജയിലും ആവശ്യമായ ക്വാർട്ടേസും ജയിലിനകത്ത് തന്നെ ആശുപത്രിയും പ്രവർത്തിക്കാനാവും. കാസർകോട് സ്പെഷൽ സബ് ജയിലിൽ നിലവിലുള്ള രൂക്ഷമായ സ്ഥലപരിമിതി പ്രശ്നങ്ങൾക്കും പരിഹാരവുമാകും.
രണ്ട് മാസം മുമ്പ് ജയിൽ വകുപ്പും എം.എൽ.എ ഉൾപ്പെടെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും വട്ടത്തൂരിലെത്തി ജയിലിന് പറ്റിയ സ്ഥലമാണെന്ന് സർക്കാറിന് റിപ്പോർട്ട് കൈമാറിയിരുന്നു.
ജില്ല ജയിൽ വട്ടത്തൂരിലേക്ക് മാറിയാൽ നിലവിലെ ജയിൽ കെട്ടിടവും സ്ഥലവും തൊട്ടടുത്ത് തന്നെയുള്ള ജില്ല ആശുപത്രിക്ക് വിട്ട് നൽകാനാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.