കാഞ്ഞങ്ങാട്: റോഡിലെ അറ്റകുറ്റപ്പണിയുടെ പേരിൽ ഗതാഗതക്കുരുക്ക് രൂക്ഷം. കോൺക്രീറ്റ് യാർഡ് നിർമാണം പൂർത്തിയാക്കി അടുത്തിടെ തുറന്ന കോട്ടച്ചേരി ബസ് സ്റ്റാൻഡിൽനിന്ന് ഗണേശമന്ദിർ, കൃഷ്ണമന്ദിർ വഴി പുതിയകോട്ടയിലെ പഴയ ഇൻഡസ് മോട്ടോഴ്സിന് സമീപം ചേരുന്ന റോഡിലാണ് അറ്റകുറ്റപ്പണിക്കായി അടച്ചിട്ട് യാത്രക്കാരെ ദുരിതത്തിലാക്കുന്നത്.
കോട്ടച്ചേരി-പുതിയകോട്ട റോഡിന്റെ സമാന്തര റോഡ് എന്നനിലയിലും ദുർഗ ഹയർസെക്കൻഡറി സ്കൂൾ, മേലാങ്കോട്ട്, നെല്ലിക്കാട്ട്, അതിയാമ്പൂർ, കിഴക്കുംകര, കാരാട്ടുവയൽ മേഖലകളിലേക്ക് ടൗണിൽനിന്ന് എളുപ്പം സഞ്ചരിച്ചെത്താൻ ഉപയോഗിക്കുന്ന റോഡാണ് അടച്ചത്.
കോട്ടച്ചേരി-കൃഷ്ണമന്ദിർ-പുതിയകോട്ട റോഡിൽ ഗ്രോടെക് മുതൽ പുതിയകോട്ട ഇൻഡസ് ജങ്ഷൻ വരെയുള്ള ഭാഗം ഇനിയും തീരാത്ത കോൺക്രീറ്റിങ്ങിനായി ഏഴുമാസമായി അടച്ചിട്ടതാണ്. ഈ പണി തീർക്കുന്നതിന് ഇനിയും ഒരുമാസം വേണമെന്നാണ് പറയുന്നത്. കഴിഞ്ഞദിവസം രാവിലെ മുത ൽ ഈ റോഡിലേക്കുള്ള സമീപ റോഡുകളിലും മണ്ണിട്ടും കല്ല് നിരത്തിയും ബോർഡ് സ്ഥാപിച്ചും അടച്ചിട്ടു.
സർജികെയർ ആശുപത്രിക്ക് സമീപം മുതൽ വിവിധ ഭാഗങ്ങളിലായാണ് റോഡ് അടച്ചത്. മേലാങ്കോട്ടേക്കുള്ള ദേവൻ റോഡ്, മെയിൻ റോഡിൽ ബ്രദേഴ്സ് ഫൂട് വെയറിന് സമീപം തുടങ്ങി ദേവൻ റോഡ് ജങ്ഷനിൽ അവസാനിക്കുന്ന ലിങ്ക് റോഡ്, മഹാകവി പി. സ്മാരകത്തിന് മുന്നിലൂടെ സർജികെയർ ആശുപത്രി ഭാഗത്തേക്കും തിരിച്ച് പുതിയ കോട്ടയിലേക്കുള്ള റോഡുമെല്ലാം പ്രവേശന കവാടം അടച്ചുപൂട്ടിയ നിലയിലാണ്. ടി.ബി റോഡ് ജങ്ഷന് എതിർവശത്തുനിന്ന് കൃഷ്ണമന്ദിർ വഴി ദേവൻ റോഡിലേക്കെത്തുന്ന വഴിയും ഇതേ സ്ഥിതിയാണ്.
റോഡുകളെല്ലാം അടച്ചതോടെ ഈ ഭാഗത്ത് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ നടത്തിപ്പുകാരും ദുരിതത്തിലാണ്. ഈഭാഗത്തെ താമസക്കാർ സ്വകാര്യവാഹനങ്ങൾ വീട്ടിൽനിന്നിറക്കാൻ സാധിക്കാതെ വീടുകളിൽ നിർത്തിയിട്ടിരിക്കുകയാണ്. നാട്ടുകാർ വാർഡ് കൗൺസിലറോട് പരാതി പറഞ്ഞെങ്കിലും വ്യക്തമായ മറുപടി ആർക്കും ലഭിച്ചില്ലെന്ന് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.