ഓയിൽ ചോർച്ചയുണ്ടായ ടാങ്കർ ഫയർഫോഴ്സ് പരിശോധിക്കുന്നു
കാഞ്ഞങ്ങാട്: ദേശീയപാതയിൽ ടാങ്കർ ലോറിയിൽ നിന്ന് ഏഴ് കിലോമീറ്ററിലേറെ ദൂരം എണ്ണ ചോർന്നൊഴുകിയതിനെ തുടർന്ന് നിരവധി വാഹനങ്ങൾ അപകടത്തിൽപ്പെട്ടു. ബൈക്കുകൾ തെന്നി മറിഞ്ഞതിനെ തുടർന്ന് റോഡിൽ അപകട പരമ്പരയായിരുന്നു.
നിരവധി ഇരുചക്ര വാഹന യാത്രക്കാർക്ക് സാരമായി പരിക്കേറ്റു. കാറുകൾ കൂട്ടിയിടിച്ചും അപകടമുണ്ടായി. വെള്ളിയാഴ്ച രാത്രി 8.30 മണിയോടെയാണ് ദേശീയപാതയിൽ അപകടങ്ങൾക്ക് തുടക്കമായത്. മംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് കൊണ്ടുപോവുകയായിരുന്ന ഓയിലാണ് ടാങ്കറിൽ നിന്ന് വലിയ രീതിയിൽ റോഡിൽ ഒഴുകിയത്. കാര്യങ്കോട് പാലം മുതൽ മയിച്ചയിൽ ഉൾപ്പെടെ ഓയിൽ ഒഴുകി.
ചെറുവത്തൂരും കഴിഞ്ഞ് മട്ടലായി വരെ റോഡിൽ ഓയിൽ ഒഴുകിയതോടെ കാര്യമറിയാതെ വന്ന ഇരുചക്ര വാഹനങ്ങൾ തുടർച്ചയായി റോഡിൽ മലക്കം മറിഞ്ഞു. പലരും ഒന്നിൽ കൂടുതൽ തവണ അപകടത്തിൽപ്പെട്ടു. സാരമായി പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സ തേടി. ചെറുവത്തൂർ ഭാഗത്ത് ഓയിലിൽ തെന്നിയ കാറുകൾ പരസ്പരം കൂട്ടിയിടിച്ചു. വിവരമറിഞ്ഞ് തൃക്കരിപ്പൂരിൽ നിന്നും ഫയർ ഫോഴ്സെത്തി മൂന്ന് മണിക്കൂറിലേറെ നേരം റോഡിൽ വെള്ളമടിച്ച് കഴുകിയ ശേഷമാണ് ദേശീയപാതയിൽ ഗതാഗതം സുഗമമായത്.
കിലോമീറ്ററുകളോളം റോഡിൽ ഓയിൽ ഒഴുകിയിട്ടും മട്ടലായിലെത്തിയ സമയം മറ്റ് യാത്രക്കാർ അറിയിച്ചപ്പോൾ മാത്രമാണ് ഓയിൽ ഒഴുകിയ കാര്യം ടാങ്കർ ഡ്രൈവർ അറിഞ്ഞത്. പാമോയിലിൽ ഉപയോഗിക്കുന്ന വനസ്മൃതി ഓയിലായിരുന്നു റോഡിലൊഴുകിയത്. ഓയിൽ ചൂടായപ്പോൾ ടാങ്കറിൽ നിന്ന് ചോർന്നതാണെന്ന് ഡ്രൈവർ പറഞ്ഞു.
സീനിയർ ഫയർ ഓഫിസർ പ്രസാദ്, മറ്റ് ഉദ്യോഗസ്ഥരായ ഹരി നാരായണൻ, അഭിലാഷ്, അഭിനന്ദ്, ഹോം ഗാർഡുമാരായ നാരായണൻ, ഉണ്ണികൃഷ്ണൻ, സജിൻ, ഡ്രൈവർ അർജുൻ എന്നിവർ ഓയിൽ നീക്കം ചെയ്യുന്നതിൽ പങ്കാളികളായി. ഫയർഫോഴ്സ് ഉദ്യോഗസ്ഥർ ടാങ്കർ പരിശോധിച്ച് സുരക്ഷ ഉറപ്പാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.