ഇരിയയില്‍ നാട്ടുകാര്‍ പുലിയെ കണ്ടെതായി സംശയിക്കുന്നിടത്തെ കാല്‍പാടുകള്‍

ഇരിയയില്‍ പുലിയെ കണ്ടെന്ന് നാട്ടുകാര്‍; കാട്ടുപൂച്ചയെന്ന് വനം വകുപ്പ്

കാഞ്ഞങ്ങാട്: അമ്പലത്തറ ഇരിയ ഭാഗത്ത് പുലിയെ കണ്ടതായി നാട്ടുകാര്‍. കാഞ്ഞങ്ങാട്-പാണത്തൂര്‍ മലയോര പാതയിലെ ഇരിയ ബംഗ്ലാവുങ്കാലിലാണ് വലിയ വാലുള്ള പുലിയെ കണ്ടത്. ചൊവ്വാഴ്ച രാത്രി ഒമ്പതു മണിയോടെ ഇരുചക്ര വാഹനത്തില്‍ സഹോദരനെയും കൂട്ടി തിരികെവരുന്നതിനിടയില്‍ പ്രദേശവാസിയും വെല്‍ഡിങ് തൊഴിലാളിയുമായ വസന്തനാണ് പുലിയെ കണ്ടത്. പാറപ്പുറത്തുനിന്ന് കുറുകെ ചാടിയ പുലി പൊടുന്നനെ മണ്ടേങ്ങാനം ഭാഗത്തേക്ക് ചാടിയിറങ്ങുകയായിരുന്നുവെന്ന് ഇയാൾ പറയുന്നു.

ഈ സമയം സമീപത്തെ പട്ടികള്‍ അസ്വാഭാവികമാംവിധം കുരച്ചിരുന്നതായും വസന്തന്‍ പറഞ്ഞു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനപാലകര്‍ കാൽപാടുകള്‍ പരിശോധിച്ചു. കാല്‍പാടുകള്‍ പരിശോധിച്ചപ്പോള്‍, പുലിയാവാനല്ല കാട്ടുപൂച്ചയാവാനാണ് സാധ്യതയെന്ന് കാഞ്ഞങ്ങാട് ഫോറസ്റ്റ് ഓഫിസര്‍ അഷ്‌റഫ് പറഞ്ഞു. പുലിയാണോ എന്ന് സ്ഥിരീകരിക്കാന്‍ വനംവകുപ്പ് കാമറകള്‍ സ്ഥാപിക്കും. കാടുള്ള ഒറ്റപ്പെട്ട സ്ഥലങ്ങളിലെ വീട്ടുകാര്‍ ചെറിയ കുട്ടികളെ തനിച്ച് പുറത്തുകളിക്കാന്‍ വിടരുതെന്നും വളര്‍ത്തുമൃഗങ്ങളെ കാട്ടില്‍ മേയാന്‍ കെട്ടുന്നവരും ഇളക്കിവിടുന്നവരും ജാഗ്രത പാലിക്കണമെന്നും വനപാലകര്‍ പ്രത്യേകം ഓർമിപ്പിച്ചിട്ടുണ്ട്.

രാത്രിയില്‍ വീടിനുപുറത്ത് ബള്‍ബുകള്‍ ഓണ്‍ ചെയ്തിടണമെന്നും തുറസ്സായ സ്ഥലങ്ങളില്‍ വളര്‍ത്തുന്ന മൃഗങ്ങളുടെ പരിസരത്ത് രാത്രികാലങ്ങളില്‍ സാധ്യമെങ്കില്‍ വെളിച്ചം ലഭ്യമാക്കണമെന്നും നിര്‍ദേശം നല്‍കി. പുലിയെ കാണുകയോ കാൽപാടുകള്‍ ശ്രദ്ധയിൽപെടുകയോ വളര്‍ത്തുമൃഗങ്ങളെ കാണാതാവുകയോ ചെയ്താലുടന്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥരെയോ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ വിവരമറിയിക്കണമെന്നും അധികൃതര്‍ പറഞ്ഞു. ഫോണ്‍: 8547602600 (ഫോറസ്റ്റ് ഓഫിസ് കാഞ്ഞങ്ങാട്).

Tags:    
News Summary - Locals say they saw a leopard in Iriya

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.