കാഞ്ഞങ്ങാട്: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ ജില്ലയിൽ മുതിർന്ന നേതാക്കളെയും പ്രഫഷനലുകളെയുമടക്കം ഇറക്കി പോരാട്ടത്തിനൊരുങ്ങി സി.പി.എം. എൽ.ഡി.എഫിൽ സീറ്റുവിഭജന ചർച്ച ഏതാണ്ട് പൂർത്തിയായി. കാഞ്ഞങ്ങാട് നഗരസഭ ചെയർമാൻ സ്ഥാനാർഥിയായി വി.വി. രമേശനെ മത്സരിപ്പിക്കാൻ കഴിഞ്ഞദിവസം തീരുമാനമായിരുന്നു. ജില്ല പഞ്ചായത്തിലേക്ക് സെക്രട്ടേറിയറ്റ് അംഗം സാബു എബ്രഹാമിനെയാണ് പരിഗണിച്ചത്.
സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗങ്ങൾ മുതൽ ഏരിയ കമ്മിറ്റി അംഗങ്ങളെവരെ ഇത്തവണ തെരഞ്ഞെടുപ്പിൽ കളത്തിലിറക്കാനാണ് തീരുമാനമായത്. കാഞ്ഞങ്ങാട് നഗരസഭ അധ്യക്ഷ സ്ഥാനാർഥിയായി സി.പി.എം ജില്ല കമ്മിറ്റി യോഗം നിശ്ചയിച്ച സെക്രട്ടേറിയറ്റ് അംഗം വി.വി. രമേശൻ അതിയാമ്പൂർ വാർഡിൽനിന്ന് മത്സരിക്കും. അജാനൂർ ഗ്രാമപഞ്ചായത്തിൽ പ്രസിഡന്റ് സ്ഥാനാർഥിയായി പരിഗണിക്കുന്നത് ലോക്കൽ സെക്രട്ടറി വി.വി. തുളസിയെയാണ്.
വെള്ളിയാഴ്ച നടന്ന സി.പി.എം കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ഏരിയ കമ്മിറ്റി അംഗങ്ങളിൽ കാഞ്ഞങ്ങാട് നഗരസഭയിൽ മഹ്മൂദ് മുറിയനാവി കുശാൽനഗർ വാർഡിൽനിന്ന് മത്സരിക്കും. രമേശൻ ചെയർമാനായിരുന്ന മുൻ ഭരണസമിതിയിൽ സ്ഥിരംസമിതി അധ്യക്ഷനായിരുന്നു മഹ്മൂദ്. ഏരിയ കമ്മിറ്റി അംഗങ്ങളിൽ രമേശനും മഹ്മൂദും മാത്രമാണ് കാഞ്ഞങ്ങാട് നഗരസഭയിലേക്ക് മത്സരിക്കുന്നത്.
ഏരിയ കമ്മിറ്റി അംഗവും നിലവിൽ അജാനൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമായ കെ. സബീഷിനെ ജില്ല പഞ്ചായത്തിലേക്ക് മടിക്കൈ ഡിവിഷനിൽനിന്ന് മത്സരിപ്പിക്കാൻ പാർട്ടി ജില്ല കമ്മിറ്റി യോഗവും കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി യോഗവും അംഗീകരിച്ചു. അജാനൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനത്ത് മൂലക്കണ്ടം പ്രഭാകരൻ മത്സരിക്കും. പുല്ലൂർ-പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് നിലവിലെ മെംബറും അമ്പലത്തറ ലോക്കൽ സെക്രട്ടറിയുമായ ഡോ. സി.കെ. സബിത സ്ഥാനാർഥിയാകും. ഡി.വൈ.എഫ്.ഐ മുൻ നേതാവ് ഷാജിവനെയാണ് ഇവിടെ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായി പരിഗണിച്ചത്. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിലെ ആറു ഡിവിഷനുകളാണ് കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റിയിൽ ഉൾപ്പെടുന്നത്. ഇതിലൊന്നിൽ സി.പി.ഐ ആണ് മത്സരിക്കുക. ബാക്കി അഞ്ചു ഡിവിഷിനലേക്കുള്ള സ്ഥാനാർഥികളെയും ഏരിയ കമ്മിറ്റി യോഗം തീരുമാനിച്ചു.
ഭരണമുറപ്പുള്ള തദ്ദേശസ്ഥാപനങ്ങളിൽ അധ്യക്ഷന്മാരുടെയും ജില്ല, ബ്ലോക്ക് ഡിവിഷൻ സ്ഥാനാർഥികളുടെയും പട്ടിക സി.പി.എം ജില്ല, ഏരിയ കമ്മിറ്റികൾ ചർച്ചചെയ്ത് അംഗീകരിച്ചു. വരുംദിവസങ്ങളിൽ ഗ്രാമപഞ്ചായത്ത് വാർഡുകളിലെ സ്ഥാനാർഥി പട്ടികകൂടി ലോക്കൽ കമ്മിറ്റികളിൽ ചർച്ചചെയ്ത് അംഗീകരിച്ചശേഷം കീഴ്ഘടകങ്ങളിലേക്ക് റിപ്പോർട്ട് ചെയ്യും. പിലിക്കോട്, സി.പി.എം ജില്ല കമ്മിറ്റി അംഗം ഇ. കുഞ്ഞിരാമനും പടന്നയിൽ ജില്ല കമ്മിറ്റി അംഗം പി.സി. സുബൈദയും വലിയപറമ്പിൽ നിലവിലെ സ്ഥിരംസമിതി അധ്യക്ഷ തൃക്കരിപ്പൂർ ഏരിയ കമ്മിറ്റി അംഗം ഇ.കെ. മല്ലികയും കയ്യൂർ-ചീമേനിയിൽ ഏരിയ കമ്മിറ്റി അംഗം എം.പി.വി. ജാനകിയും ചെറുവത്തൂരിൽ ഏരിയ കമ്മിറ്റി അംഗം ടി. നാരായണനുമാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മേൽകമ്മിറ്റി തയാറാക്കിയ പട്ടികയിലുള്ളത്.
ചെറുവത്തൂർ ഈസ്റ്റ് ലോക്കൽ സെക്രട്ടറിയായിരുന്ന ടി. നാരായണൻ നേരത്തെ സ്ഥാനമൊഴിഞ്ഞിരുന്നു. തിമിരി ലോക്കൽ സെക്രട്ടറിയായ എം.പി.വി. ജാനകിക്ക് സ്ഥാനം ഒഴിയേണ്ടിവരും.
യു.ഡി.എഫിന്റെ കൈയിലുള്ള പടന്ന ഗ്രാമപഞ്ചായത്ത് ഭരണം ഇത്തവണ പിടിക്കണമെന്ന ലക്ഷ്യംവെച്ചുള്ള സ്ഥാനാർഥിനിർണയമാണ് പൂർത്തിയാകുന്നത്. അതുകൊണ്ടുതന്നെ, രണ്ടുതവണ തുടർച്ചയായി മത്സരിച്ചവർ മാറിനിൽക്കണമെന്ന പാർട്ടിനിർദേശത്തിൽനിന്ന് നാലുതവണ തുടർച്ചയായി തെരഞ്ഞെടുപ്പ് രംഗത്തുണ്ടായിരുന്ന പി.സി. സുബൈദക്ക് ഇളവ് ലഭിച്ചു. നീലേശ്വരം ബ്ലോക്ക് പരിധിയിൽ വരുന്ന പിലിക്കോട് ഡിവിഷൻ ഇത്തവണയും ആർ.ജെ.ഡിക്ക് നൽകും. സി.പി.എം ശക്തികേന്ദ്രമായ ഇവിടെ രണ്ടാംതവണയും ആർ.ജെ.ഡിക്ക് നൽകുന്നതിൽ പാർട്ടി പ്രവർത്തകരിൽ മുറുമുറുപ്പുണ്ട്.
കഴിഞ്ഞതവണ മികച്ച പ്രവർത്തനം കാഴ്ചവെച്ച ആർ.ജെ.ഡിയിലെ എം. മനുവിനെ തന്നെ ഇവിടെ മത്സരിപ്പിക്കണമെന്ന ആവശ്യം ആർ.ജെ.ഡിയിൽ ഉയർന്നു. ജില്ല പഞ്ചായത്ത് പട്ടികവർഗസംവരണ ഡിവിഷനായ കയ്യൂരിൽ പനത്തടി സി.പിഎം ഏരിയ സെക്രട്ടറിയായിരുന്ന ഒക്ലാവ് കൃഷ്ണൻ സ്ഥാനാർഥിയാകും. ഇതിനായി ഒക്ലാവ് കൃഷ്ണൻ കഴിഞ്ഞദിവസം ഏരിയ സെക്രട്ടറി സ്ഥാനം രാജിവെച്ചു.
എസ്.എ.ഫ്.ഐ മുൻ കേന്ദ്ര കമ്മിറ്റി അംഗം ഡോ. സറീന സലാമിനെ ജില്ല പഞ്ചായത്ത് ചെറുവത്തൂർ ഡിവിഷനിൽ മത്സരിപ്പിക്കാനാണ് സി.പി.എം ജില്ല കമ്മിറ്റി തീരുമാനം. കോടോം ബേളൂരിൽ നിലവിലെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ദാമോദരന്റെ പേരിനായിരുന്നു പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയർന്നുകേട്ടതെങ്കിലും അവസാനനിമിഷം മറ്റൊരാളെ പരിഗണിക്കുന്നുവെന്നാണ് സൂചന. ഞായറാഴ്ച കഴിയുന്നതോടെ സി.പി.എമ്മിലും എൽ.ഡി.എഫ് ചിത്രം പൂർണതോതിൽ വ്യക്തമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.