കാഞ്ഞങ്ങാട്: ദിവസങ്ങളായി രണ്ട് പഞ്ചായത്തുകളിലായി കറങ്ങിനടക്കുന്ന പുലി നാട്ടിലാകെ ഭീതി പരത്തുന്നു. ഏറ്റവും ഒടുവിൽ കഴിഞ്ഞദിവസം ഇരിയ മുട്ടിച്ചരലിലും പുലി പ്രത്യക്ഷപ്പെട്ടു. രാവിലെ 10ന് കാടുമൂടിക്കിടക്കുന്ന പ്രദേശത്താണ് നാട്ടുകാർ പുലിയെ കണ്ടത്. വിവരമറിഞ്ഞ് പനത്തടി സെക്ഷൻ ഫോറസ്റ്റ് ഓഫിസർ സേസപ്പയുടെ നേതൃത്വത്തിൽ വനപാലകരെത്തി തിരച്ചിൽ നടത്തി. ഇവിടെ 10 ഏക്കറിലേറെ സ്ഥലം കാടുമൂടിക്കിടപ്പുണ്ട്. ഈ ഭാഗത്താണ് പുലിയെ കണ്ടത്. തൊട്ടടുത്ത പ്രദേശമായ പേരൂരിലും കഴിഞ്ഞദിവസം പുലിയെ കണ്ടിരുന്നു. കോടോം ബേളൂർ-പുല്ലൂർ-പെരിയ പഞ്ചായത്തുകളിൽ ആഴ്ചകൾക്കിടെ 12ൽ കൂടുതൽ സ്ഥലത്താണ് പുലിയെ കാണുന്നത്.
പുലി മാറിമാറി സഞ്ചരിക്കുന്നത് വനപാലകരെ കുഴക്കുന്നു. പേരൂരിൽ പുലർച്ചെ പാണത്തൂർ സംസ്ഥാനപാതയിലായിരുന്നു പുലിയെ കണ്ടത്. ഇരുചക്ര വാഹനയാത്രക്കാർ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. പേരൂരും മുട്ടിച്ചരലും തമ്മിൽ നാല് കിലോമീറ്ററിന്റെ ദൂരമുണ്ട്. രണ്ട് സ്ഥലത്തും കണ്ട പുലി ഒന്നാണെങ്കിൽ ജനവാസമേഖലയിൽ കൂടി ഈ പുലി സഞ്ചരിച്ചിട്ടുണ്ടാവണം. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശംകൂടിയാണിവിടം. മുട്ടിച്ചരലിൽ പുലിയെ കണ്ടതിന്റെ തലേദിവസം രാത്രി ഇരിയ ബംഗ്ലാവിലും പുലിയെ കണ്ടിരുന്നു. അതിന് ഏതാനും ദിവസം മുമ്പ് പെരിയ ഭാഗത്താണ് പുലിയെ കണ്ടത്. ഇവിടെനിന്ന് 10 കിലോമീറ്റർ അകലെയാണ് പെരിയ.
കേന്ദ്ര സർവകലാശാലക്കടുത്തടക്കം പെരിയയുടെ വിവിധ ഭാഗങ്ങളിൽ നാട്ടുകാർ പുലിയെ നേരിൽ കണ്ടു. പാറപ്പള്ളി കുമ്പളക്കടുത്ത് പുലിയെ കണ്ടത് ആഴ്ചകൾക്ക് മുമ്പാണ്.
വളർത്തുനായ്ക്കളെയും ആടുകളെയും നിരവധി എണ്ണത്തെ കൊന്നു. തെരുവുനായ്ക്കളെ വ്യാപകമായി കൊന്നു. ഒരുമാസം മുമ്പുവരെ മടിക്കൈയുടെ ഉറക്കംകെടുത്തിയ പുലി തന്നെയാണിതെന്നാണ് കരുതുന്നത്. ഇപ്പോൾ മടിക്കൈയിൽ പുലിഭീതിയില്ല. ഇരിയയിൽനിന്ന് ഏഴു കിലോമീറ്റർ അകലെ ഒടയംചാലിലും രണ്ടുതവണ പുലിയെ കണ്ടിരുന്നു. നാട്ടുകാർ വിളിച്ചറിയിക്കുമ്പോഴെല്ലാം വനപാലകർ പരിശോധന നടത്തുന്നു. എന്നാൽ, വനപാലകരുടെ കണ്ണിൽ പുലി പെടാറുമില്ല. നിരവധി സ്ഥലങ്ങളിൽ കാമറ ട്രാപ് സ്ഥാപിച്ചെങ്കിലും കാമറ വെച്ച ഭാഗത്താവട്ടെ പിന്നെ പുലി വരുന്നുമില്ല. ഒരു സ്ഥലത്തുതന്നെ തമ്പടിക്കാതെ പുലി 20 കിലോമിറ്റർ ചുറ്റളവിൽ സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നത് നാട്ടുകാർക്ക് ഉറക്കമില്ലാതാക്കുമ്പോൾ വനപാലകരും നിസംഗരാകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.