കാലിക്കടവിലെ വെള്ളക്കെട്ട്
കാഞ്ഞങ്ങാട്: ശക്തമായ മഴ തുടരവെ തീരദേശ മേഖലയിൽ വെള്ളം താഴുന്നില്ല. നിരവധി വീടുകൾ ഇപ്പോഴും വെള്ളത്തിലാണ്. കാഞ്ഞങ്ങാട് നഗരസഭയുടെ തീരദേശ മേഖലയിലുള്ളവരാണ് ദുരിതത്തിലായത്. വാർഡ് നാൽപ്പത്തിമൂന്നിലും, ഒന്നിലും നല്ല നിലയിൽ വെള്ളം കയറി. രണ്ട് വാർഡുകളിലുമായി 15 ഓളം വീടുകളിലും ക്വാർട്ടേഴ്സുകളിലും വെള്ളം കയറി.
ബന്ധു വീടുകളിലേക്ക് താമസം മാറിയ 50 ഓളം പേർക്ക് സ്വന്തം വീടുകളിൽ തിരിച്ചെത്താനായില്ല. കല്ലൂരാവിഭാഗത്തെ നിരവധി വീടുകളും വെള്ളത്തിലാണ്. വാർഡ് 41 കുശാൽ നഗർ, കടിക്കാൽ, പോളി പ്രദേശം വെള്ളത്തിലാണ്. 30 ഓളം വീടുകളിൽ വെള്ളം കയറി. പലരും മാറി താമസിക്കുകയാണ്. ഇവിടെ നിന്ന് നിരവധി പേരും താമസം മാറിയിട്ടുണ്ട്.
പള്ളിക്കര കല്ലിങ്കാലിലും വീടുകളിൽ വെള്ളപ്പൊക്ക ഭീതിയുണ്ട്. കുശാൽ നഗറിലെ വെൽഡിങ് കടയിലും വെള്ളം കയറി. കാഞ്ഞങ്ങാട് നഗരസഭയുടെ തീരദേശ മേഖലയിൽ ഒട്ടുമിക്ക വീട്ടുപറമ്പുകളും വെള്ളത്തിലായത് പകർച്ച വ്യാധിക്കിടയാക്കുമെന്ന ഭീതിയുണ്ട്. മണൽ പ്രദേശമായതിനാൽ അടുത്തായുള്ള കിണർ വെള്ളത്തിലേക്ക് കക്കൂസ് ടാങ്കിൽനിന്ന് ഒഴുകിയെത്താൻ സാധ്യതയുണ്ട്. ഇത് വലിയ ആരോഗ്യ പ്രശ്നത്തിനിടയാക്കും. മഴക്ക് കുറവുണ്ടായില്ലെങ്കിൽ കൂടുതൽ വീടുകൾ വെള്ളത്തിലാവും.
1)ഗതാഗതം നിലച്ച എടാട്ടുമ്മൽ കുണിയൻ റോഡിൽ തോണിയിൽ ആളുകളെ മറുകര എത്തിക്കുന്നു, 2) മീനാപ്പീസ് വടകര മുക്കിലെ പി.കെ. സുഹറയുടെ വീട്.
ചെറുവത്തൂർ: കാലിക്കടവിൽ ദേശീയപാത വെള്ളത്തിൽ മുങ്ങി. ഇതിനെ തുടർന്ന് ഇതുവഴിയുള്ള യാത്ര ദുരിതപൂർണമായി. കാലിക്കടവ്-തൃക്കരിപ്പൂർ ജങ്ഷൻ മുതൽ വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്. ബസ്, ലോറി പോലുള്ള വലിയ വാഹനങ്ങൾക്ക് മാത്രമേ ഇതുവഴി കടന്ന് പോകാൻ സാധിക്കുകയുള്ളൂ. കാർ, ഓട്ടോ പോലുള്ള വാഹനങ്ങൾ വെള്ളം കയറി ഓഫാകുന്നത് മൂലം വാഹനങ്ങൾ ഈവഴി ഉപേക്ഷിക്കുകയാണ്.
ചുറ്റിലും വെള്ളക്കെട്ട് രൂപപ്പെട്ട് കടകൾ തുറക്കാനാവാതെ വ്യാപാരികളും ഇവിടെ ദുരിതമനുഭവിക്കുന്നുണ്ട്. കാലിക്കടവ് ടൗൺ വെള്ളത്തിൽ മുങ്ങിയ നിലയിലാണ്. ശക്തമായ മഴ വന്നാൽ കടകളിലേക്ക് വെള്ളം കയറുന്ന സ്ഥിതിയാണിവിടെ. വെള്ളത്തിന് ഒഴുകി പോകാൻ ശാസ്ത്രീയമായ ഡ്രൈനേജ് സംവിധാനങ്ങളൊന്നും ഇവിടെയില്ല. നിർമിച്ച ഓവുചാലുകൾ പ്രവർത്തനക്ഷമമല്ല.
വെസ്റ്റ് എളേരി കോട്ടമല ഉന്നതിക്ക് സമീപമുണ്ടായ ഉരുൾപൊട്ടൽ
ദേശീയപാതാ നിർമാണവും വെള്ളത്തിന്റെ ഒഴുക്കിനെ ബാധിച്ചു. ചെറു മഴയിൽ തന്നെ വെള്ളക്കെട്ട് രൂപപ്പെടുന്നതിനാൽ കടകൾ അടച്ചുപൂട്ടേണ്ട ഗതികേടിലാണ് വ്യാപാരികൾ. ഈ വെള്ളം താണ്ടി ആവശ്യക്കാരും കടകളിലേക്ക് എത്തുന്നുമില്ല. വ്യാപാരികൾ പഞ്ചായത്ത് ഭരണസമിതിയെ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.
നീലേശ്വരം: കനത്ത കാറ്റിലും മഴയിലും വീട് തകർന്നു. കോടോം ബേളൂർ പഞ്ചായത്തിലെ അടുക്കം മൂപ്പിൽ അബ്ദുല്ലയുടെ വീടാണ് തകർന്നത്. കുടുംബത്തെ നേരത്തേ മാറ്റി താമസിപ്പിച്ചിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. ഒരാഴ്ച മുമ്പാണ് അബ്ദുല്ലയുടെ കുടുംബം കനത്ത മഴയെ തുടർന്ന് ബന്ധുവീട്ടിലേക്ക് മാറിയത്.
കാഞ്ഞങ്ങാട്: കല്ലൂരാവി, മുറിയനാവി ഉൾപ്പെടെ തീരദേശ പ്രദേശങ്ങളിൽ പരിഭ്രാന്തി പരത്തി പന്നിയിറങ്ങി. ഇന്നലെ രാവിലെ 10 മണിയോടെയാണ് പറമ്പുകളിലൂടെ പന്നി ഓടിയത്. നാട്ടുകാർ പരസ്പരം വിവരം കൈമാറിയതിനാൽ എല്ലാവരും സുരക്ഷിതരായി വീട്ടിനുള്ളിൽ കഴിഞ്ഞു. അതിനിടെ യുവാക്കളുടെ നേതൃത്വത്തിൽ പന്നിയെ ഓടിക്കാനായി ശ്രമം നടത്തി.
പന്നി രക്ഷപ്പെട്ട് കല്ലൂരാവി നോർത്തിലെ പൂട്ടിയ ഗേറ്റ് ഇടിച്ച് തുറന്നു. പിന്നീട് നിരവധി വീടുകളുടെ മുറ്റത്തും അടുക്കള സിറ്റ് ഔട്ടിലൂടെ ഓടി. ഇതിന്റെ ദൃശ്യം വീടുകളിലെ സി.സി.ടി.വി കാമറകളിൽ പതിഞ്ഞതോടെ ആളുകൾ കൂടുതൽ പരിഭ്രാന്തിയിലായി. ലക്ഷ്യമില്ലാതെ ഓടിയ കൂറ്റൻ കാട്ടുപന്നി വലിയ വെള്ളക്കെട്ടിലേക്ക് ചാടി. ഏറെ നീന്തിയശേഷം മറ്റൊരു വശത്ത് കൂടി നീന്തിക്കയറി.
തീരദേശത്ത് ഓടി നടക്കുന്ന പന്നി വലിയ പരിഭ്രാന്തിക്കിടയാക്കിയിട്ടുണ്ട്. വീടുകളിൽ ഉൾപ്പെടെ വെള്ളം കയറി ദുരിതത്തിലുള്ള നാട്ടിലാണ് പന്നിയുമിറങ്ങിയത്. തീരദേശത്ത് ഇതാദ്യമായാണ് കാട്ടുപന്നിയിറങ്ങുന്നത്. വൈകീട്ടും പന്നിയെ പിടികൂടാനായില്ല. വനംവകുപ്പിനെയും വിവരമറിയിച്ചു.
തൃക്കരിപ്പൂർ: കാസർകോട്-കണ്ണൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന എടാട്ടുമ്മൽ കുണിയൻ റോഡിൽ വെള്ളക്കെട്ടിനെ തുടർന്ന് ഗതാഗതം നിലച്ചു. കുണിയൻ പുഴ കരകവിഞ്ഞതിനെ തുടർന്നാണ് എടാട്ടുമ്മൽ കുണിയൻ റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടത്. വീടുകളിൽ ഉൾപ്പെടെ വെള്ളം കയറിയിരുന്നു. ശുചിമുറികൾ ഉപയോഗിക്കാൻ സാധിക്കാതെ വന്നതോടെ ആളുകൾ ബന്ധുവീടുകളിൽ അഭയം തേടി. പടിയിൽ പുഴയിൽ നിർമിക്കുന്ന റെഗുലേറ്റർ പാലത്തിനായി പുഴയുടെ ഒഴുക്ക് തടസ്സപ്പെടുന്ന രീതിയിൽ ബണ്ട് നിർമിച്ചതും കുണിയനിൽ വെള്ളക്കെട്ടിന് കാരണമായി.
നീലേശ്വരം: നീലേശ്വരം നഗരസഭ പരിധിയിൽ വെള്ളം കയറിയ സ്ഥലങ്ങളിലെ 10 കുടുബങ്ങളെ മാറ്റിപാർപ്പിച്ചു.നീലേശ്വരം പുഴയോരത്തെ നിടുങ്കണ്ടയിലെ ഏഴ് കുടുംബങ്ങളെയും കടിഞ്ഞിമൂലയിലെ മൂന്ന് കുടുംബങ്ങളെയുമാണ് മാറ്റി പാർപ്പിച്ചത്. നിടുങ്കണ്ടയിലെ ഏഴ് കുടുംബങ്ങളെ കണിച്ചിറ കമ്യൂണിറ്റി ഹാളിലാണ് താമസിപ്പിച്ചത്.
നിടുങ്കണ്ടയിലെ ജാനകി, ശോഭന, യമുന, രഘു, സുധാകരൻ, വൽസല, എന്നിവരുടെ കുടുംബങ്ങളെയാണ് റവന്യൂ അധികൃതർ, വാർഡ് കൗൺസിലർ കെ. പ്രീത, വിജേഷ് കണിച്ചിറ എന്നിവരുടെ നേതൃത്വത്തിൽ തോണിയിൽ കയറ്റി കണിച്ചിറ ക്യാമ്പിൽ എത്തിച്ചത്.
നഗരസഭ ചെയർപേഴ്സൻ ടി.വി. ശാന്ത, വൈസ് ചെയർമാൻ പി.പി. മുഹമ്മദ് റാഫി, വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ വി. ഗൗരി, റവന്യൂ ജീവനക്കാർ, പൊതുപ്രവർത്തകൻ കെ. സുരേഷ് ബാബു എന്നിവർ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ചു. കടിഞ്ഞിമൂലയിലെ മൂന്ന് കുടുംബങ്ങൾ അവരുടെ ബന്ധുവീടുകളിലേക്ക് താമസം മാറ്റി. നീലേശ്വരം നഗരസഭ പരിധിയിലെ താഴ്ന്ന പ്രദേശങ്ങളായ പൊടോതുരുത്തി, ചാത്തമത്ത്, കാര്യങ്കോട്, നീലായി, പാലായി, ഓർച്ച, പുറത്തെകൈ പ്രദേശങ്ങളിലെ കുടുംബങ്ങൾ ഇപ്പോഴും വെള്ളപ്പൊക്ക ഭീഷണി നേരിടുന്നുണ്ട്.
ചെറുവത്തൂർ: വെസ്റ്റ് എളേരി പഞ്ചായത്തിലെ വെസ്റ്റ് എളേരി വില്ലേജിൽ കോട്ടമല ഉന്നതിക്ക് സമീപം ഉരുൾപൊട്ടി. ആറ് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ഷിജു വാര്യന്റെ ഭൂമിയിൽ നിന്നാണ് ഉരുൾപ്പൊട്ടിയത്. തുടർന്ന് ശക്തമായ മലവെള്ളം താഴേക്ക് പതിച്ചു.
നിരവധി സസ്യജാലങ്ങൾ കടപുഴകി. ഇതിനെ തുടർന്ന് ആറു കുടുംബങ്ങളിലെ 18 പേരെ ക്യാമ്പിലേക്ക് മാറ്റി പാർപ്പിച്ചു. കോട്ടമല എം.ജി.എം.യു.പി സ്കൂളിലാണ് ക്യാമ്പ് പ്രവർത്തിക്കുന്നത്. വെസ്റ്റ് എളേരി വില്ലേജ് ഓഫിസർ എ. ബാബു, വെള്ളരിക്കുണ്ട് തഹസിൽദാർ പി.വി. മുരളി, വെസ്റ്റ് എളേരി പഞ്ചായത്ത് സെക്രട്ടറി രഞ്ജിത്ത് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.