representative image
കാഞ്ഞങ്ങാട്: ഡ്യൂട്ടി കഴിഞ്ഞ് സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന വനിത എക്‌സൈസ് ഗാര്‍ഡിനെ ഇടിച്ചിട്ട് നിര്‍ത്താതെ പോയ കാർ പൊലീസ് പിടികൂടി. ഹോസ്ദുര്‍ഗ് റേഞ്ച് ഓഫിസിലെ സിവില്‍ എക്‌സൈസ് ഓഫിസര്‍ തെരുവത്ത് ലക്ഷ്മി നഗറിലെ ടി.വി. ഗീതയെ ഇടിച്ചുവീഴ്ത്തിയ കാറിനെയും പ്രതിയെയുമാണ് ദിവസങ്ങള്‍ നീണ്ട പരിശ്രമത്തില്‍ ഹോസ്ദുര്‍ഗ് എസ്.ഐ വിജേഷും സംഘവും പിടികൂടിയത്.
ജൂൺ 17ന് വൈകീട്ട് 7.15നാണ് ലക്ഷ്മിനഗര്‍ തെരുവത്ത് റോഡില്‍ സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന ഗീതയെ എതിര്‍ഭാഗത്തുനിന്നും അമിതവേഗതയില്‍ വന്ന കാര്‍ ഇടിച്ചുവീഴ്ത്തി നിര്‍ത്താതെപോയത്. കാലിന് ഗുരുതരമായി പരിക്കേറ്റ ഇവരെ ജില്ല ആശുപത്രിയിലും പിന്നീട് മംഗളൂരു തേജസ്വിനി ആശുപത്രിയിലും പ്രവേശിപ്പിച്ചു. പൊലീസില്‍ പരാതി നല്‍കിയെങ്കിലും കാറിനെക്കുറിച്ച് ഒരു സൂചനയും ഉണ്ടായിരുന്നില്ല. ലക്ഷ്മിനഗര്‍, തെരുവത്ത്, ആലാമിപ്പള്ളി ഭാഗത്തുകൂടി കടന്നുപോയ കാറുകളുടെ വിവരങ്ങള്‍ 92ഓളം സി.സി.ടി.വി കാമറകള്‍ വഴി ശേഖരിച്ചു.
ആലാമിപ്പള്ളിയിലെ രാജ് റസിഡന്‍സിയിലേക്ക് മിന്നായംപോലെ പോകുന്ന ഒരു കാറിെൻറ ദൃശ്യവും ലഭിച്ചു. ഒടുവില്‍ ഈ കാറിെൻറ വിവരവും അന്വേഷിച്ചപ്പോള്‍ രാജ് റസിഡന്‍സിയിലെ 309ാം നമ്പര്‍ റൂമില്‍ താമസിച്ചത് പരസ്യചിത്രീകരണം നടത്തുന്നവരാണെന്ന് കണ്ടെത്തി.
കാറിെൻറ നമ്പര്‍ പരിശോധിച്ചപ്പോള്‍ മട്ടന്നൂര്‍ സ്വദേശി ഹര്‍ഷനാണ് ഉടമയെന്ന് തിരിച്ചറിഞ്ഞു. ഹര്‍ഷനെ ചോദ്യം ചെയ്തപ്പോള്‍ മട്ടന്നൂര്‍ ചേളാരിയിലെ കണ്ണോത്ത് ഹൗസില്‍ നിസാമുദ്ദീന് ഷൂട്ടിങ് ആവശ്യത്തിനായി കാര്‍ വാടകക്ക് നല്‍കിയതാണെന്ന് മനസ്സിലായി. എസ്.ഐക്കൊപ്പം എ.എസ്.ഐ ട്രെയിനി സൗബി ഷാജി, സിവില്‍ പൊലീസ് ഓഫിസര്‍മാരായ പ്രബേഷ്, നാരായണന്‍, സജിത്ത് എന്നിവരുമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.