എം.സി. രേഷ്മ
കാഞ്ഞങ്ങാട്: എണ്ണപ്പാറ മൊയോലത്തെ എം.സി. രേഷ്മ എന്ന ആദിവാസി പെൺകുട്ടിയുടെ തിരോധാനക്കേസ് 13 വർഷമായിട്ടും എങ്ങുമെത്തിയില്ല. മകൾ ജീവനോടെയുണ്ടോ മരിച്ചോ എന്നുപോലും ഉറപ്പാക്കാനാവാതെ കഴിയുകയാണ് കുടുംബം. കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണമാരംഭിച്ചിരിക്കുന്നു എന്നത് മാത്രമാണ് കുടുംബത്തിനു ഇപ്പോഴുള്ള ആശ്വാസം.
ബേക്കൽ ഡിവൈ.എസ്.പി സി.കെ. സുനിൽ കുമാറിന്റെ നേതൃത്വത്തിൽ കേസിൽ നിർണായകമായ ഒട്ടേറെ കാര്യങ്ങൾ കണ്ടെത്തിയെങ്കിലും അന്വേഷണം എങ്ങുമെത്തിയില്ല. കേസിൽ ആരോപണവിധേയനായ പാണത്തൂർ സ്വദേശിയെ നിരവധിതവണ ഇവർ ചോദ്യം ചെയ്തിരുന്നു. രേഷ്മയുടെ തിരോധാനത്തിന് പിന്നിൽ ഇയാളെന്ന് പൊലീസ് ബലമായി സംശയിക്കുമ്പോഴും അറസ്റ്റുൾപ്പെടെ നടപടിയിലേക്ക് കടക്കാൻ തക്ക തെളിവ് ശേഖരിക്കാനും രേഷ്മ കൊല്ലപ്പെട്ടെന്ന് ഉറപ്പാക്കാനുള്ള തെളിവും ലഭിക്കാത്തതാണ് തടസ്സമാകുന്നത്.
രേഷ്മ തിരോധാനക്കേസ് അന്വേഷണം നാളുകളായി കേരള ഹൈകോടതിയുടെ നിരീക്ഷണത്തിൽ കൂടിയാണ് നടക്കുന്നത്. നുണപരിശോധനക്ക് പൊലീസ് ശ്രമം നടത്തിയിരുന്നെങ്കിലും ഹോസ്ദുർഗ് മജിസ്ട്രേറ്റ് കോടതിയിൽ പ്രതിയെന്നു സംശയിക്കുന്ന ആൾ എതിർത്തതിനാൽ നടന്നില്ല. പാണത്തൂർ സ്വദേശിയുടെ വീട്ടിൽ നിന്ന് രേഷ്മയുടേതെന്ന് സംശയിക്കുന്ന ചോറ്റുപാത്രം പൊലീസ് മൂന്നു വർഷം മുമ്പ് കണ്ടെടുത്തിരുന്നു. ഇത് ശാസ്ത്രീയ പരിശോധനക്കയച്ചിരുന്നെങ്കിലും പരിശോധന റിപ്പോർട്ട് പോലും പുറത്തുവന്നില്ല. കോടതിയിൽനിന്ന് പലപ്പോഴും പ്രതിയെന്നു സംശയിക്കുന്ന ആൾ അനുകൂലവിധി നേടുന്നതും പൊലീസ് അന്വേഷണത്തിന് തടസ്സമുണ്ടാക്കി. ഹൈകോടതിയിൽനിന്ന് പ്രമുഖ ക്രിമിനൽ അഭിഭാഷകരെ എത്തിച്ചാണ് ഇയാൾ പൊലീസ് നീക്കത്തിന് തടയിടുന്നത്. കഴിഞ്ഞാഴ്ച ക്രൈംബ്രാഞ്ച് അന്വേഷണസംഘം ചോദ്യം ചെയ്തു. അമ്പലത്തറ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് കാലങ്ങളായി ഫയലിലുറങ്ങി. പിന്നീട് ആദിവാസി സംഘടനകൾ പ്രക്ഷോഭവുമായി രംഗത്തുവന്നതോടെയാണ് പൊലീസ് വീണ്ടും കേസ് പൊടിതട്ടിയെടുത്തത്.
അപ്പോഴേക്കും പതിറ്റാണ്ട് കഴിഞ്ഞു. തെളിവുകളൊന്നുമില്ലാതെയായി. രേഷ്മ മരിച്ചോയെന്നു പോലും വ്യക്തമാക്കാൻ പൊലീസിനു കഴിയുന്നില്ല. മഡിയനിൽ പ്രതിയെന്നു സംശയിക്കുന്ന ആൾ താമസിച്ച വീട്ടിൽ നിന്നാണ് ദുരൂഹ സാഹചര്യത്തിൽ രേഷ്മയെ കാണാതാകുന്നത്. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ കഴിഞ്ഞയാഴ്ച രേഷ്മയുടെ വീട്ടിലെത്തി ബന്ധുക്കളിൽനിന്ന് തെളിവെടുത്തു. പാണത്തൂരിലെത്തിയും അന്വേഷണം നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.