കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ട് യൂത്ത് കോൺഗ്രസ് മാർച്ചിനിടെ സംഘർഷം. രണ്ടു പൊലീസുകാർക്ക് പരിക്കേറ്റു. പൊലീസ് ജല പീരങ്കി പ്രയോഗിച്ചിട്ടും പ്രവർത്തകർ പിരിഞ്ഞുപോകാൻ കൂട്ടാക്കിയില്ല. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റുചെയ്തതിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച ഉച്ചക്ക് കാഞ്ഞങ്ങാട് ആർ.ഡി.ഒ ഓഫിസിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിലാണ് സംഘർഷമുണ്ടായത്. പൊലീസ് തീർത്ത ബാരിക്കേഡ് പ്രവർത്തകർ തള്ളി മറിച്ചിട്ടു. അരമണിക്കൂറോളം സംഘർഷാവസ്ഥയായിരുന്നു.
പൊലീസ് ബലംപ്രയോഗിച്ച് പിടിച്ചുനിർത്തിയ ബാരിക്കേഡാണ് പ്രവർത്തകർ മറിച്ചിട്ടത്. ഇതോടെ ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. ഏറെനേരം ജലപീരങ്കി പ്രയോഗിച്ചിട്ടും പ്രവർത്തകർ പിരിഞ്ഞുപോകാൻ കൂട്ടാക്കിയില്ല. സ്ത്രീകൾ ഉൾപ്പെടെ സമരത്തിൽ പങ്കെടുത്തു. ബാരിക്കേഡ് മറിച്ചിടുന്നതിനിടെയാണ് രണ്ടു പൊലീസുകാർക്ക് പരിക്കേറ്റത്. ഹോസ്ദുർഗ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ പി.വി. ഷൈജു (39), ചീമേനി സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ സുരേഷ് ബാബു (39) എന്നിവർക്കാണ് കൈക്ക് പരിക്കേറ്റത്. ഇവർക്ക് പ്രാഥമിക ശുശ്രൂഷ നൽകി.
ഏറെനേരം പ്രവർത്തകർ സംഘർഷം സൃഷ്ടിച്ചെങ്കിലും പൊലീസ് സംയമനം പാലിക്കുകയായിരുന്നു. ഡിവൈ.എസ്.പി പി. ബാലകൃഷ്ണൻ നായർ, ചിറ്റാരിക്കാൽ ഇൻസ്പെക്ടർ രഞ്ജിത്ത് രവീന്ദ്രൻ, അമ്പലത്തറ ഇൻസ്പെക്ടർ ടി.കെ.മുകുന്ദൻ, ഹോസ്ദുർഗ് എസ്.ഐ കെ.പി. സതീഷ് ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം നിലയുറപ്പിച്ചിരുന്നു. പിന്നീട് മാർച്ച് അവസാനിപ്പിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സ്വയം പിരിഞ്ഞുപോവുകയായിരുന്നു.
കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാൻഡ് പരിസരത്തുനിന്നാരംഭിച്ച മാർച്ച് നഗരസഭ കാര്യാലയത്തിന് മുന്നിൽ ബാരിക്കേഡ് തീർത്ത് പൊലീസ് തടയുകയായിരുന്നു. സംഘർഷമുണ്ടാകുമെന്ന സൂചനയെ തുടർന്ന് കൂടുതൽ പൊലീസിനെ സ്ഥലത്ത് വിന്യസിച്ചു. മറിച്ചിട്ട ബാരിക്കേഡിന് മുകളിൽ കയറിയ പ്രവർത്തകർ മുദ്രാവാക്യം വിളിച്ചപ്പോഴും പൊലീസ് സംയമനം പാലിക്കുന്നത് കാണാമായിരുന്നു.
യൂത്ത് കോൺഗ്രസ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു മാർച്ച്. പ്രതിഷേധ മാർച്ച് മുൻ ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നിൽ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് കെ.ആർ. കാർത്തികേയൻ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി മെംബർ എം. അസിനാർ, ഡി.സി.സി ജനറൽ സെക്രട്ടറി പി.വി. സുരേഷ്, ബി.പി. പ്രദീപ് കുമാർ, ഉനൈസ് ബേഡകം, പ്രവീൺ തോയമ്മൽ, കെ.പി. മോഹനൻ, രാജേഷ് പള്ളിക്കര, രാജേഷ് പുല്ലൂർ, ഷോണി കെ. തോമസ്, രാജേഷ് തമ്പാൻ, ജില്ല ജനറൽ സെക്രട്ടറിമാരായ ദീപു കല്യോട്ട്, വിനോദ് കപ്പിത്താൻ, സുജിത് തച്ചങ്ങാട്, ശിവപ്രസാദ് അറുവാത്ത്, ഗിരി കൃഷ്ണൻ കൂടാല, അനൂപ് കല്യോട്ട്, ശ്രീനാഥ് ബദിയെടുക്ക, അക്ഷയ എസ്. ബാലൻ, സച്ചിൻ മാത്യു, അഡ്വ. രേഖ രതീഷ്, രതീഷ് കാട്ടുമാടം, റാഫി അടൂർ, ഷുഹൈബ് എളമ്പച്ചി, കെ.എസ്.യു ജില്ല പ്രസിഡന്റ് ജവാദ് പുത്തൂർ, സംസ്ഥാന ജനറൽ സെക്രട്ടറി പ്രവാസ് ഉണ്ണിയാടാൻ, നിയോജക മണ്ഡലം പ്രസിഡന്റുമാരായ ഷിബിൻ ഉപ്പിലിക്കൈ, ജുനൈദ് ഉറുമി, വസന്ത ഗൗഡ, ആബിദ് എടച്ചേരി തുടങ്ങിയവർ സംസാരിച്ചു.
എച്ച്.ആർ. വിനീത്, രാജേഷ് പണംകോട്, അനൂപ് ഓർച്ച, ജോമോൻ കരിപ്പാൽ, അഖിലേഷ് തച്ചങ്ങാട്, ജതീഷ് കായംകുളം, ഗുരുപ്രസാദ് കാടകം, സി.കെ. രോഹിത്ത്, സുധീഷ് പാണൂർ, പ്രമീഷ് തൃക്കരിപ്പൂർ, രതീഷ് പടന്ന, സുധീഷ് പിലിക്കോട്, മണികണ്ഠൻ കള്ളാർ, രതീഷ് ഞെക്ലി, ശ്രീജേഷ് പൊയ്‌നാച്ചി, അഖിലേഷ് കരിച്ചേരി, സുധീഷ് പാത്തനടുക്കം സനോജ് കാഞ്ഞങ്ങാട്, വൈശാഖ് തൃക്കരിപ്പൂർ, സുബിത്ത് ചെമ്പകശ്ശേരി, ജനാർദനൻ കല്യോട്ട് തുടങ്ങിയവർ പ്രകടനത്തിനു നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.