പ്രതിഷേധം കനത്തു; ബസ് ചാര്‍ജ് കുറച്ച് ഉടമകൾ

കാഞ്ഞങ്ങാട്: കാരാക്കോട്, കാഞ്ഞിരപ്പൊയിൽ എന്നിവിടങ്ങളിൽനിന്ന് കാഞ്ഞങ്ങാട്ടേക്കുള്ള ബസ് ചാര്‍ജ് കുറക്കാൻ ആദ്യം ഉടമകൾ തയാറായില്ലെങ്കിലും പ്രതിഷേധം കനത്തതോടെ നിരക്ക് കുറച്ചു.

കാരാക്കോട്ടേക്ക് അഞ്ചു രൂപയും കാഞ്ഞിരപ്പൊയിലിലേക്ക് രണ്ടു രൂപയുമാണ് കുറച്ചത്. ഞങ്ങൾക്ക് ഉത്തരവ് ലഭിച്ചിട്ടില്ലെന്നും അതുകൊണ്ട് പഴയനിരക്ക് തന്നേ പറ്റൂ എന്നുമാണ് ജീവനക്കാര്‍ ആദ്യം പറഞ്ഞത്. ഒടുവിൽ യാത്രക്കാർ തന്നെ പ്രതിഷേധം കടുപ്പിച്ചതോടെ ബസ് ഉടമകൾ തീരുമാനം മാറ്റുകയായിരുന്നു. മോട്ടോര്‍ വാഹന വകുപ്പിന്റെ വെബ്സൈറ്റിൽ തീരുമാനം പ്രസിദ്ധീകരിച്ച് എട്ട് ദിവസമായിട്ടും നിരക്ക് കുറക്കാൻ ബസ് ഉടമകൾ വില കുറക്കാൻ തയാറായിരുന്നില്ല.

പരാതിക്കാരന് മോട്ടോര്‍ വാഹന വകുപ്പ് കത്ത് വേഗം ലഭിച്ചിരുന്നെങ്കിലും ബസുടമകളുടെ സംഘടനാ ഓഫിസിൽപോലും ആദ്യം തീരുമാനം എത്തിയിരുന്നില്ല. സ്റ്റാൻഡിലെത്തി മോട്ടോര്‍ വെഹിക്കിൾ ഇൻസ്പെക്ടര്‍മാരെക്കൊണ്ട് നിർദേശം നൽകിക്കാനും ആദ്യം തയാറായില്ല.

ഇത് ഒത്തുകളിയാണെന്നും ആരോപണമുയരുന്നു. 2015ൽ നൽകിയ പരാതിയിൽ ഫയലുകൾ പലതവണ പൂഴ്ത്തിവെച്ച ശേഷമാണ് ഏപ്രിൽ 29ന് ചേര്‍ന്ന ആര്‍.ടി.എ യോഗം തീരുമാനമെടുത്തത്. ഒരുമാസം വൈകി ജൂൺ രണ്ടിനാണ് തീരുമാനം പ്രസിദ്ധീകരിച്ചത്. ഇനിയും സാവകാശം നൽകുന്നത് യാത്രക്കാരെ കൊള്ളയടിക്കുന്നതിന് തുല്യമാണെന്നും അഭിപ്രായമുയർന്നിരുന്നു. ഇതിനിടെ കോടതിയിൽ നിന്നും സ്റ്റേ വാങ്ങാനും ഉടമകൾ ആലോചിച്ചുവെങ്കിലും നാട്ടുകാർ ഒത്തൊരുമയോടെ നിൽക്കുകയായിരുന്നു.

ചാര്‍ജ് കുറക്കാതെ അനാവശ്യ വിവാദം ഉണ്ടാകുന്നത് ജില്ലയിലെ എല്ലാ പ്രദേശത്തുനിന്നും ഫെയര്‍ സ്റ്റേജ് അപാകത പരിഹരിക്കാനുള്ള ആവശ്യം ഉയരാൻ ഇടയായേക്കും. ഇതിന് ഇടനൽകരുതെന്ന് മറ്റ് പ്രദേശങ്ങളിലെ ബസ് ഓപറേറ്റര്‍മാര്‍ പറയുന്നു.

Tags:    
News Summary - Bus fare reduced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.